Connect with us

ap muhammed musliyar kanthapuram

കാന്തപുരത്തുകാരനല്ലാത്ത കാന്തപുരം

Published

|

Last Updated

കോഴിക്കോട് | “ചെറിയ എ പി’ എന്നറിയപ്പെട്ടിരുന്ന എ പി മുഹമ്മദ് മുസ്്ലിയാർ കാന്തപുരത്തുകാരനും എ പി അബൂബക്കർ മുസ്‌ലിയാരുടെ ബന്ധുവും ആണെന്നാണ് പലരുടെയും ധാരണ. പേരിനൊപ്പം കാന്തപുരം എന്ന് അറിയപ്പെട്ടതായിരുന്നു ഇതിനൊരു കാരണം. ഇതിന് പുറമെ ശബ്ദ ഗാംഭീര്യവും ആകാര സൗഷ്ഠവവും പ്രസംഗ ശൈലികൊണ്ടും ഉസ്താദുമായി ഒട്ടേറെ സാദൃശ്യമുണ്ട് എ പി മുഹമ്മദ് മുസ്‌ലിയാർക്ക്.

എ പി ഉസ്താദിന്റെ, എ പി എന്ന ഇനീഷ്യൽ ആലങ്ങാപൊയിലിന്റെ ചുരുക്കമാണെങ്കിൽ, എ പി മുഹമ്മദ് മുസ്‌ലിയാരിലെ എ പിയുടെ പൂർണരൂപം ആലോൽപറമ്പ് എന്നാണ്. കുടുംബ ബന്ധങ്ങളില്ലെങ്കിലും ഇഴപിരിയാത്ത ആത്മബന്ധമായിരുന്നു ഇരുവരും തമ്മിലുണ്ടായിരുന്നത്. പണ്ഡിതരെ, അവർ ജോലി ചെയ്ത നാടിന്റെ പേര് ചേർത്തുവിളിക്കുന്ന പതിവുണ്ട്. അങ്ങനെയാണ് കരുവമ്പൊയിൽ സ്വദേശിയായ മുഹമ്മദ് മുസ്‌ലിയാരുടെ പേരിനോട് കാന്തപുരം എന്ന് ചേർന്നുവന്നത്.

മൂന്നര പതിറ്റാണ്ട് കാലം ദർസ് നടത്തിയ കാന്തപുരത്തുകാരുമായി എ പി മുഹമ്മദ് മുസ്‌ലിയാർക്ക് വൈകാരികമായ അടുപ്പമാണുണ്ടായിരുന്നത്. അവർക്ക് തിരിച്ചും. പ്രായഭേദമന്യേ കാന്തപുരം പ്രദേശത്തെ ഓരോരുത്തരെയും അദ്ദേഹത്തിന് നല്ല പരിചയമുണ്ടായിരുന്നു. അവേലത്ത് തങ്ങന്മാർക്ക് ഏറെ പ്രിയപ്പെട്ട ചെറിയ എ പി ഉസ്താദ് ശൈഖുനാ ഉസ്താദിനും സാദാത്തുക്കൾക്കുമൊപ്പം നാടിനെ ധാർമിക അടിത്തറയിൽ പിടിച്ചു നിർത്തി. കാന്തപുരത്ത് വർഷം തോറും നടക്കുന്ന അവേലത്ത് ഉറൂസ് പരിപാടികൾക്ക് എ പി മുഹമ്മദ് മുസ്‌ലിയാരുടെ പ്രാർഥനയിൽ ഇടംകിട്ടാൻ നിരവധി പേർ സമീപ പ്രദേശങ്ങളിൽ നിന്നെല്ലാം എത്തിയിരുന്നു. സ്വർണമായും പണമായും അദ്ദേഹത്തിന്റെ കൈവശം ഏൽപ്പിച്ച് പ്രാർഥന നടത്തിക്കുമായിരുന്നു. വീണ്ടും ഒരു ഉറൂസിന്റെ തൊട്ടരികെ എത്തിനിൽക്കുമ്പോഴാണ് ചെറിയ എ പി ഉസ്താദ് വിട പറയുന്നത്.

മർകസിലേക്ക് മുദർരിസായി പോയതിന് ശേഷവും കാന്തപുരം ദേശവുമായും നാട്ടുകാരുമായും അടുത്ത ബന്ധം കാത്തുസൂക്ഷിച്ചു. വ്യാജത്വരീഖത്തുകാർ പിടിമുറുക്കാൻ ശ്രമിച്ചപ്പോഴും പുത്തൻ വാദികൾ തലപൊക്കാൻ ശ്രമിച്ചപ്പോഴും അതിനെതിരെ കാന്തപുരത്ത് അവേലത്ത് സാദാത്തുക്കൾക്കൊപ്പം നിന്ന് പ്രവർത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. കാന്തപുരം പ്രദേശത്തിന്റെ പാരമ്പര്യം കൂടി അടുത്തറിയുന്ന എ പി മുഹമ്മദ് മുസ്‌ലിയാർ അനുപമമായ വഴിത്താരയാണ് നാട്ടിൽ വെട്ടിത്തെളിയിച്ചത്.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്