From the print
കണ്ണൂര്‍ ഹജ്ജ് ക്യാമ്പിന് ഇന്ന് തുടക്കം
ആദ്യ വിമാനം നാളെ. കണ്ണൂരില്‍ നിന്ന് പുറപ്പെടുന്നത് 3,164 പേര്‍.
മട്ടന്നൂര്‍ | കണ്ണൂര്‍ എമ്പാര്‍ക്കേഷന്‍ പോയിന്റിലെ ഹജ്ജ് തീര്‍ഥാടകരുടെ യാത്ര നാളെ ആരംഭിക്കും. കണ്ണൂര്‍ വിമാനത്താവളത്തിന് പകിട്ടാര്‍ന്ന പുതു പാരമ്പര്യം വിളംബരം ചെയ്ത് ആദ്യത്തെ വലിയ വിദേശ വിമാനത്തിലാണ് 361 ഹാജിമാര്‍ പുണ്യഭൂമിയിലേക്ക് പുറപ്പെടുക. ഇന്ന് രാവിലെ പത്തോടെ ഹാജിമാര്‍ വിമാനത്താവളത്തിലെത്തും. ഇതോടെ ഹജ്ജ് ക്യാമ്പിന് തുടക്കമാകും.
ഇന്ന് വൈകിട്ട് നാലിന് സംസ്ഥാന ഹജ്ജ് മന്ത്രി വി അബ്ദുര്‍റഹ്്മാന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിക്കും. ഹാജിമാര്‍ക്കുള്ള യാത്രാരേഖകളുടെ വിതരണം കെ കെ ശൈലജ എം എല്‍ എ നിര്‍വഹിക്കും.
ശനി പുലര്‍ച്ചെ 5.55ന് സഊദി എയര്‍ലൈന്‍സ് വിമാനത്തില്‍ പുറപ്പെടുന്ന ഹാജിമാര്‍, പ്രാദേശിക സമയം രാവിലെ 8.50ന് ജിദ്ദയിലെത്തും. ജൂണ്‍ മൂന്നിന് രണ്ട് വിമാനങ്ങളുണ്ടാകും; രാവിലെ 8.35നും ഉച്ചക്ക് 1.10നും. ഉച്ചക്കുള്ള വിമാനം കണ്ണൂരില്‍ നിന്നുള്ള സ്ത്രീകളുടെ ഏക സര്‍വീസായിരിക്കും.
361 പേര്‍ക്ക് വീതം യാത്ര ചെയ്യാവുന്ന സഊദി എയര്‍ലൈന്‍സ് ആണ് മുഴുവന്‍ സര്‍വീസുകളും നടത്തുന്നത്. ജൂണ്‍ പത്ത് വരെ ഒമ്പത് വിമാനങ്ങളുണ്ടാകും. അവസാന ഹജ്ജ് വിമാനം പത്തിന് പുലര്‍ച്ചെ 1.55ന് പുറപ്പെട്ട് രാവിലെ 4.50ന് ജിദ്ദയിലെത്തും.
മദീനയില്‍ നിന്നാണ് കണ്ണൂരിലേക്കുള്ള ഹാജിമാരുടെ മടക്കയാത്ര. ജൂലൈ പത്തിനാണ് ആദ്യ മടക്ക വിമാനം. പ്രാദേശിക സമയം പുലര്‍ച്ചെ 3.50ന് പുറപ്പെട്ട് ഉച്ചക്ക് 12ന് കണ്ണൂരിലെത്തും. അവസാന മടക്കവിമാനം ജൂലൈ 19ന് വൈകിട്ട് 3.10ന് പുറപ്പെട്ട് രാത്രി 11.20ന് എത്തും. വെയിറ്റിംഗ് ലിസ്റ്റ് ഹാജിമാരുടെ പ്രത്യേക വിമാനമുണ്ടെങ്കില്‍ ഷെഡ്യൂളില്‍ ചെറിയ മാറ്റങ്ങളുണ്ടാകും.
കണ്ണൂരില്‍ നിന്ന് 3,164 പേരാണ് ഹജ്ജിന് പോകുന്നത്. ഇതില്‍ 1,265 പുരുഷന്മാരും 1,899 സ്ത്രീകളുമാണ്. 54 ഇതര സംസ്ഥാനക്കാര്‍ കണ്ണൂര്‍ വഴി പോകുന്നുണ്ട്. 37 പേര്‍ കര്‍ണാടകയില്‍ നിന്നും 14 പേര്‍ പോണ്ടിച്ചേരിയിലെ മാഹി മേഖലയില്‍ നിന്നും മൂന്ന് പേര്‍ മഹാരാഷ്ട്രയില്‍ നിന്നുമാണ്. ഒരേ സമയം എഴുന്നൂറോളം ഹാജിമാര്‍ക്ക് താമസിക്കാനുള്ള സൗകര്യത്തോടെ വിപുലമായ സംവിധാനമാണ് ക്യാമ്പില്‍ ഒരുക്കിയത്. ഇതിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി അനുവദിച്ചിരുന്നു.