Kerala
കണ്ണപുരം സ്‌ഫോടനക്കേസ് പ്രതി പിടിയില്‍
കാഞ്ഞങ്ങാട് നിന്നാണ് ഇയാള്‍ പിടിയിലായത്

കണ്ണൂര്‍ | കണ്ണപുരം സ്ഫോടനക്കേസിലെ പ്രതി പോലീസ് പിടിയിലായി. സ്ഫോടനം നടന്ന വീട് വാടകയ്ക്കെടുത്ത കണ്ണൂര്‍ ചാലാട് സ്വദേശി അനൂപ് മാലികിനെയാണ് കണ്ണപുരം പോലീസ് പിടികൂടിയത്. കാഞ്ഞങ്ങാട് നിന്നാണ് ഇയാള്‍ പിടിയിലായത്. അനൂപ് മാലിക്കിനെതിരെ സ്ഫോടക വസ്തു നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
സ്‌ഫോടനത്തില്‍ അനൂപ് മാലികിന്റെ ബന്ധു കണ്ണൂര്‍ ചാലാട് സ്വദേശി മുഹമ്മദ് ആഷാം മരിച്ചിരുന്നു. ഉത്സവത്തിന് ഉപയോഗിക്കുന്ന ഗുണ്ട് പോലെയുള്ള സ്ഫോടക വസ്തുക്കളാണ് സഫോടനം നടന്ന വീട്ടില്‍ നിര്‍മ്മിച്ചിരുന്നത്. ലൈസന്‍സ് ഇല്ലാതെയായിരുന്നു നിര്‍മാണം. 2016ലെ പൊടിക്കുണ്ട് സ്‌ഫോടന കേസിലെ മുഖ്യപ്രതിയാണ് അനൂപ് മാലിക്. അന്ന് 57 വീടുകളായിരുന്നു സ്ഫോടനത്തില്‍ തകര്‍ന്നത്. സ്ഫോടക വസ്തുക്കള്‍ നിയമവിരുദ്ധമായി കൈകാര്യം ചെയ്തതിന് ഇയാള്‍ക്കെതിരെ നേരത്തെ ഏഴ് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
കണ്ണപുരം കീഴറയിലെ വീട്ടില്‍ പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഉഗ്ര സ്ഫോടനം നടന്നത്. സംഭവത്തില്‍ വീട് പൂര്‍ണ്ണമായി തകര്‍ന്നു. ബോംബ് നിര്‍മ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കീഴറ ഗോവിന്ദനെന്ന മുന്‍ അധ്യാപകന്റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ രണ്ട് പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നതെന്നാണ് വിവരം. ഒരാളുടെ മൃതദേഹമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയിരിക്കുന്നത്.