Kerala
ശമ്പളവും പെന്‍ഷനും മുടങ്ങാത്തത് കേന്ദ്ര സഹായം കൊണ്ടെന്ന കെ സുരേന്ദ്രന്റെ പ്രസ്താവന പരിഹാസ്യം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
കേരളത്തില്‍ നിന്ന് പിരിച്ചുകൊണ്ടുപോകുന്ന നികുതിയുടെ അര്‍ഹമായ പങ്കുപോലും തിരിച്ചു നല്‍കാതെ കേന്ദ്രം സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുകയാണ്

തിരുവനന്തപുരം | കേന്ദ്ര സഹായമുള്ളതുകൊണ്ടാണ് സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളവും പെന്‍ഷനും മുടങ്ങാത്തതെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്റെ പ്രതികരണത്തിനെതിരെ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ രംഗത്ത്. സുരേന്ദ്രന്റെ പ്രതികരണം തെറ്റിദ്ധാരണാജനകവും പരിഹാസ്യവുമാണെന്ന് മന്ത്രി പറഞ്ഞു. കേരളത്തിന് അര്‍ഹമായ കടമെടുപ്പ് പരിധികുറക്കാന്‍ കേന്ദ്രം ശ്രമിക്കുകയാണെന്നും ധനമന്ത്രി ആരോപിച്ചു.
കേരളത്തില്‍ നിന്ന് പിരിച്ചുകൊണ്ടുപോകുന്ന നികുതിയുടെ അര്‍ഹമായ പങ്കുപോലും തിരിച്ചു നല്‍കാതെ കേന്ദ്രം സംസ്ഥാനത്തെ ബുദ്ധിമുട്ടിക്കുകയാണ്. ഈ ഘട്ടത്തിലും കെ സുരേന്ദ്രന് ഇങ്ങനെയൊക്കെ പറയാന്‍ കഴിയുന്നതിന് ചില്ലറ ധൈര്യം പോരാ.
ജി എസ് ടി നഷ്ടപരിഹാരം ഈ ജൂണില്‍ നിര്‍ത്തലാക്കിയതോടെ പ്രതിവര്‍ഷം 12000 കോടി രൂപയാണ് സംസ്ഥാന വരുമാനത്തില്‍ ഇടിവുണ്ടാകുന്നത്. റവന്യൂ ഡെഫിസിറ്റ് ഗ്രാന്‍ഡില്‍ വന്ന കുറവ് ഏകദേശം 7000 കോടി രൂപയാണ്. അതായത് പ്രതിവര്‍ഷം ഇരുപതിനായിരത്തിലധികം കോടി രൂപയുടെ അര്‍ഹമായ വരുമാനമാണ് കേരളത്തിന് നഷ്ടമാകുന്നത്.
ഇത് കൂടാതെ സംസ്ഥാനത്തിന്റെ അര്‍ഹമായ കടമെടുപ്പ് പരിധികുറക്കാനും കേന്ദ്രം ശ്രമിക്കുന്നു .കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് തിരികെ നല്‍കേണ്ട നികുതി വരുമാനത്തിന്റെ 1.92 ശതമാനം വിഹിതമാണ് പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ കേരളത്തിന് നിശ്ചയിച്ചിരിക്കുന്നത്. മുന്‍പ് 3.95 ശതമാനം ഉണ്ടായിരുന്ന വിഹിതമാണ് ഈ നിലയില്‍ വെട്ടിക്കുറച്ചത്. 20000 കോടി രൂപയെങ്കിലും ഇത് വഴിയും പ്രതിവര്‍ഷ നഷ്ടമുണ്ട്.
സാമ്പത്തിക ഫെഡറലിസവും സ്വാശ്രയത്വവും തകര്‍ക്കുന്ന കേന്ദ്ര നയം രാജ്യതാല്പര്യത്തിനെതിരാണ്.സങ്കുചിത രാഷ്ട്രീയ താല്പര്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി താന്‍ കൂടി ജീവിക്കുന്ന സ്വന്തം സംസ്ഥാനത്തിനെതിരെ നുണപ്രചരണം നടത്തുന്നത് ശരിയാണോ എന്ന് ബിജെപി പ്രസിഡന്റ് പരിശോധിക്കണം എന്നും മന്ത്രി പറഞ്ഞു