Connect with us

Kerala

ജിഷ വധം: വധശിക്ഷക്കെതിരെ പ്രതി സുപ്രീം കോടതിയിൽ ഹരജി നൽകി

നിരപരാധിയെന്ന് തെളിയിക്കാൻ കഴിയുന്ന തെളിവുകളുണ്ടെന്നാണ് ഹരജിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്

Published

|

Last Updated

ന്യൂഡൽഹി | പെരുമ്പാവൂരിലെ നിയമ വിദ്യാർഥിയായിരുന്ന ജിഷയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അമീറുൽ ഇസ്്ലാം വധശിക്ഷക്കെതിരെ സുപ്രീം കോടതിയിൽ അപ്പീൽ നൽകി. വധശിക്ഷയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് ഹരജി നൽകിയത്.
നിരപരാധിയെന്ന് തെളിയിക്കാൻ കഴിയുന്ന തെളിവുകളുണ്ടെന്നാണ് ഹരജിയിൽ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. അഭിഭാഷകരായ സതീഷ് മോഹനൻ, സുഭാഷ് ചന്ദ്രൻ, ശ്രീറാം പാറക്കാട്ട് എന്നിവരാണ് ഹരജി സമർപ്പിച്ചത്.

നിയമവിദ്യാർഥിനി അതിക്രൂരമായി പീഡനത്തിനിരയായി കൊല്ലപ്പെട്ട കേസിലെ പ്രതിക്ക് വിചാരണ കോടതി നൽകിയ വധശിക്ഷ മെയ് 20 നാണ് ഹൈക്കോടതി ശരിവെച്ചത്. അപൂർവങ്ങളിൽ അപൂർവമായ കേസെന്ന പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് അസം സ്വദേശി അമീറുലിന് വധശിക്ഷ വിധിച്ചത്.

2016 ഏപ്രിൽ 28നാണ് പെരുമ്പാവൂർ കുറപ്പുംപടിക്കടുത്ത് ഇരിങ്ങോളിൽ നിയമ വിദ്യാർഥിനി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്. നിർമാണ തൊഴിലാളികൾ ധരിക്കുന്ന തരം ചെരുപ്പ് ജിഷയുടെ വീടിന്റെ പരിസരത്തു നിന്ന് പോലീസ് കണ്ടെത്തി. കൊലയാളിയുടെ ഡി എൻ എ വിവരങ്ങളും ലഭിച്ചു. എന്നാൽ, നിലവിൽ സംശയമുണ്ടായിരുന്ന ആരുമായും ഈ ഡി എൻ എ യോജിച്ചില്ല. ഇതോടെ പ്രതി നിർമാണ തൊഴിലാളി തന്നെയെന്ന് ഉറപ്പിച്ചു.

ജിഷയുടെ വീടിന് പരിസരത്തുള്ള ഇതര സംസ്ഥാന തൊഴിലാളികളെ വിശദമായി ചോദ്യം ചെയ്തു. 25 പേരെ കസ്റ്റഡിയിലെടുത്തു. ഇവരിൽ നിന്ന് പ്രതിയെ കുറിച്ചുളള കൃത്യമായ സൂചനയും ലഭിച്ചു. അമീറുലിനെ തമിഴ്‌നാട്ടിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. കൊലപാതകം, ബലാത്സംഗം, അതിക്രമിച്ചു കയറൽ, മാരകമായി മുറിവേൽപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞത്.

Latest