Connect with us

Kozhikode

ജീലാനി ഉറൂസും ഖാദിരിയ്യ ആത്മീയ സംഗമവും 17ന് ജാമിഉല്‍ ഫുതൂഹില്‍

ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഖാദിരിയ്യ സംഘങ്ങളുടെ സംഗമ വേദിയാകും.

Published

|

Last Updated

നോളജ് സിറ്റി|ലോക പ്രശസ്ത സൂഫിവര്യനും ഖാദിരിയ്യ സൂഫി സരണിയുടെ സ്ഥാപകനുമായ ശൈഖ് മുഹ്യദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജീലാനി (റ) വിന്റെ അനുസ്മരണവും ഖാദിരിയ്യ ഹള്റയും ഒക്ടോബര്‍ 17, വെള്ളിയാഴ്ച മര്‍കസ് നോളജ് സിറ്റിയിലെ ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടക്കും. വൈകിട്ട് നാല് മണിക്ക് ആരംഭിച്ച് രാത്രി ഒന്‍പത് വരെ നീണ്ടുനില്‍ക്കുന്ന പരിപാടി ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഖാദിരിയ്യ സംഘങ്ങളുടെ സംഗമ വേദിയാകും. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ഖാദിരിയ്യ സൂഫീ സരണിയെ പിന്‍തുടരുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ എത്തിച്ചേരുന്ന സംഗമത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രമുഖ പണ്ഡിതരും ഖാദിരിയ്യ സരണിയിലെ മശാഇഖുമാരും നേതൃത്വം നല്‍കും .
ബറേലി ശരീഫ്, മാർഹറാ ശരീഫ്, ബദായൂൻ ശരീഫ്, കിച്ചൗച്ചാ ശരീഫ് തുടങ്ങിയ ഖാദിരിയ്യാ ആത്മീയ കേന്ദ്രങ്ങളില്‍ നിന്നുള്ള പ്രമുഖരാണ് സംഗമത്തിനെത്തുന്നത്..
വൈകിട്ട് നാലുമണിക്ക് മുഹിയുദ്ദീന്‍ മൗലിദ് പാരായണം, മാല ആലാപനം എന്നിവയോടെയാണ് സംഗമത്തിന് തുടക്കം കുറിക്കുന്നത്. തുടര്‍ന്ന് നടക്കുന്ന ആത്മീയ സംഗമത്തില്‍ അബ്ദുല്‍ വാസിഅ് ബാഖവി കുറ്റിപ്പുറം ജീലാനി അനുസ്മരണ പ്രഭാഷണം നടത്തും. തുടര്‍ന്ന്, ഖാദിരിയ്യ ഹള്‌റയും ആയിരങ്ങള്‍ക്കുള്ള അന്നദാനവും നടക്കും.  ഇതിന്റെ മുന്നോടിയായി ഐബിഎയുടെ ആഭിമുഖ്യത്തില്‍ കോഴിക്കോട് ഖാളി ഹൗസില്‍ ഹെറിറ്റേജ് വാക്ക്, മലൈബാര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ മുതലായവ സംഘടിപ്പിക്കുന്നുണ്ട്.
ആത്മീയ ലോകത്തെ വിശ്വവിഖ്യാത വ്യക്തിത്വമായ ശൈഖ് അബ്ദുല്‍ ഖാദിര്‍ ജീലാനിയുടെ ആണ്ടിനോടനുബന്ധിച്ച് നാടുനീളെ വിവിധങ്ങളായ ആത്മീയ സംഗമങ്ങളും നേര്‍ച്ചകളുമാണ് നടക്കുന്നത്. ഈ ആത്മീയ സരണിയിലെ പ്രധാന ദിക്‌റുകള്‍ സംയോജിപ്പിച്ച ഖാദിരിയ്യ ഹള്‌റകള്‍ പ്രതിമാസം ജാമിഉല്‍ ഫുതൂഹില്‍ വെച്ച് നടത്താറുണ്ട്. രാജ്യത്താകമാനം ഇത്തരം മജ്‌ലിസുകള്‍ക്ക് നേതൃത്വം നല്‍കുന്ന പ്രമുഖ വ്യക്തിത്വങ്ങളുടെ സാന്നിധ്യം കൊണ്ട് ജാമിഉല്‍ ഫുതൂഹിലെ ആത്മീയ സംഗമം ധന്യമാകുമെന്നും ഇതിനായി എത്തുന്ന ആയിരക്കണക്കിന് വിശ്വാസികള്‍ക്ക് ആവശ്യമായ സജ്ജീകരണങ്ങള്‍ ഒരുക്കിയതായും സ്വാഗതസംഘം ഭാരവാഹികള്‍ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

Latest