Connect with us

Editorial

വിഭജന ഭീതി ദിനമല്ല, വെറുപ്പ് പടര്‍ത്തല്‍ ദിനം

സമുദായങ്ങള്‍ക്കിടയില്‍ അനൈക്യവും സംഘര്‍ഷവും സൃഷ്ടിച്ചും അപകടകരമായ അതിതീവ്ര ദേശീയ ചിന്താഗതി വളര്‍ത്തിയെടുത്തും രാഷ്ട്രീയ നേട്ടം കൊയ്യുകയാണ് വിഭജന ഭീതി ദിനാചരണത്തിലൂടെ ബി ജെ പിയുടെയും മോദി സര്‍ക്കാറിന്റെയും ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Published

|

Last Updated

രാജ്യത്തെ ഒന്നിച്ചു നിര്‍ത്തേണ്ടതിന്റെ ഉത്തരവാദിത്വത്തെയാണ് വിഭജനഭീതി ദിനാചരണം ഓര്‍മിപ്പിക്കുന്നതെന്നാണ്, ദിനാചരണത്തിന്റെ ഭാഗമായി ഇന്നലെ സാമൂഹിക മാധ്യമമായ എക്സില്‍ കുറിച്ച പോസ്റ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞത്. ചരിത്രത്തിലെ ദാരുണമായ അധ്യായമാണ് വിഭജനം. ഇതേത്തുടര്‍ന്ന് നിരവധി പേര്‍ കടുത്ത ത്യാഗവും വേദനയും അനുഭവിച്ചു. അവരെ അനുസ്മരിച്ചാണ് ദിനം ആചരിക്കുന്നതെന്ന് വിഭജനഭീതി ദിനാചരണം എന്ന ഹാഷ്ടാഗോടെ പങ്കുവെച്ച കുറിപ്പില്‍ അദ്ദേഹം പറയുന്നു.

രാജ്യത്തിന്റെ സമാധാനാന്തരീക്ഷവും സ്വസ്ഥതയും എന്നെന്നേക്കുമായി ഇല്ലാതാക്കിയ ഇന്ത്യ- പാക് വിഭജനത്തിനുത്തരവാദികളായവര്‍ തന്നെയാണ് ഇപ്പോള്‍ ‘വിഭജനഭീതി ദിന’ത്തിന് മുന്‍കൈ എടുക്കുന്നതെന്നത്് വിരോധാഭാസം. മാത്രമല്ല, രാജ്യത്തെ ഒന്നിച്ചു നിര്‍ത്തേണ്ടതിന്റെ ഉത്തരവാദിത്വമാണ് ഈ ദിനം ഓര്‍മപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി പറയുമ്പോള്‍ കൂടുതല്‍ അനൈക്യവും വര്‍ഗീയ ധ്രുവീകരണവും സംഘര്‍ഷവുമാണ് ദിനാചരണത്തിന്റെ അനന്തരഫലമെന്ന് ദിനാചരണവുമായി ബന്ധപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പുറത്തു വരുന്ന റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

കേരളം തന്നെ ഒരു ഉദാഹരണം. ഭരണരംഗത്ത് പ്രതിസന്ധി സൃഷ്ടിച്ചു കൊണ്ടിരിക്കുന്ന സര്‍ക്കാര്‍- ഗവര്‍ണര്‍ പോര് സംസ്ഥാനത്ത് രൂക്ഷമാക്കിയിരിക്കുകയാണ് ദിനാചരണം അടിച്ചേല്‍പ്പിക്കാനുള്ള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്റെ ധാര്‍ഷ്ട്യപരമായ നീക്കം. കോളജ് വിദ്യാര്‍ഥികള്‍ക്കിടയില്‍ ചേരിപ്പോരും വിഭജനവും ഇത് രൂക്ഷമാക്കി. കാസര്‍കോട് ഗവ. കോളജ് തുടങ്ങി ചില സ്ഥാപനങ്ങളില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. സമാധാനത്തിന്റെയും സൗഹൃദത്തിന്റെയും അന്തരീക്ഷം നിലനില്‍ക്കുന്ന കേരളീയാന്തരീക്ഷത്തില്‍ ദിനാചരണം അടിച്ചേല്‍പ്പിക്കരുതെന്ന സര്‍ക്കാറിന്റെയും രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും അഭ്യര്‍ഥന നിരസിച്ചാണ് ഗവര്‍ണര്‍ ആവര്‍ത്തിച്ച് ദിനാചരണത്തിന് ആഹ്വാനം നല്‍കിയത്.

സ്വാതന്ത്ര്യ സമര ചരിത്രത്തിലെ കറുത്ത അധ്യായമാണ് ഇന്ത്യാ വിഭജനമെന്നതില്‍ തര്‍ക്കമില്ല. രാജ്യത്ത് വന്‍കലാപത്തിന് ഇത് വഴിമരുന്നിട്ടു. ലക്ഷക്കണക്കിനാളുകള്‍ സ്വന്തം വീടും സ്ഥലങ്ങളും സമ്പത്തും ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. ദേശീയ സമരത്തില്‍ തോളോടുതോള്‍ ചേര്‍ന്നുനിന്ന ജനതക്കിടയില്‍ കടുത്ത വര്‍ഗീയ ധ്രുവീകരണത്തിന് വഴിവെച്ചു. അതിന്റെ ദുരന്തഫലമാണ് ഇന്ത്യന്‍ മുസ്ലിംകള്‍ ഇന്നനുഭവിച്ചു കൊണ്ടിരിക്കുന്ന വിവേചനവും പിന്നാക്കാവസ്ഥയും ദുരിതങ്ങളുമെല്ലാം. ആരാണ് ഇതിന് ഉത്തരവാദി? വിഭജനത്തിനും വിഭജനാനന്തര കലാപത്തിനും പിന്നിലെ കറുത്ത ശക്തികള്‍ ആരായിരുന്നു. 1890ല്‍ ഗോരഖ് പൂരില്‍ ചേര്‍ന്ന ഒരു പൊതുയോഗത്തില്‍ ആര്യസമാജം നേതാവായിരുന്ന ലാലാ ലജ്പത് റായിയാണ് ഇന്ത്യ വിഭജനമെന്ന ആവശ്യം ആദ്യമായി ഉന്നയിച്ചത്. 1876ല്‍ ഹിന്ദുമഹാസഭയുടെ ആദ്യപതിപ്പായിരുന്ന ഭാരത് ധര്‍മ മഹാമണ്ഡല്‍ നേതാവ് നാരായണ ബസുവില്‍ നിന്നാണ് ഈ ആശയം ലാലാ ലജ്പത് റായിക്ക് ലഭിച്ചത്. പഞ്ചാബിലെ ലാഹോറില്‍ നിന്ന് പ്രിസിദ്ധീകരിച്ചിരുന്ന ‘ദ ട്രിബ്യൂണ്‍’ പത്രത്തില്‍ ഇന്ത്യാ വിഭജനത്തിന്റെ ആവശ്യകതയെ സംബന്ധിച്ച് ഒരു ലേഖന പരമ്പര തന്നെ എഴുതിയിരുന്നു ലജ്പത് റായി. പിന്നീട് വി ഡി സവര്‍ക്കറും ഹിന്ദു മഹാസഭയും ഈ ആശയം ഏറ്റെടുത്തു. 1930ല്‍ കൊല്‍ക്കത്തയില്‍ ചേര്‍ന്ന ഹിന്ദു മഹാസഭ സമ്മേളനം ഇന്ത്യ വിഭജിച്ച് ഹിന്ദു രാഷ്ട്രമുണ്ടാക്കണമെന്നാവശ്യപ്പെടുന്ന പ്രമേയം പാസ്സാക്കി. ഹിന്ദുത്വത്തിലധിഷ്ഠിതമായ മതരാഷ്ട്രം സൃഷ്ടിക്കുകയായിരുന്നു വിഭജനത്തിലൂടെ അവര്‍ ലക്ഷ്യം വെച്ചത്. പക്ഷേ ജിന്നയും ജവഹര്‍ലാല്‍ നെഹ്റുവുമാണ് വിഭജനത്തിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വരുന്നത്.

ആര്‍ എസ് എസിന്റെ വിശിഷ്യാ ഗോള്‍വാള്‍ക്കറുടെ കുരുട്ടു ബുദ്ധിയിലുദിച്ച ആശയമായിരുന്നു വിഭജനാനന്തര കലാപമെന്ന് വിഭജന കാലത്ത് ആഭ്യന്തര സെക്രട്ടറിയായും സ്വാതന്ത്ര്യാനന്തരം യൂഗോസ്ലാവിയന്‍ അംബാസഡറായും സേവനമനുഷ്ഠിച്ച ഇ രാജേശ്വര്‍ ദയാല്‍ എഴുതിയ ‘ഞങ്ങളുടെ കാലത്തെ ജീവിതം’ എന്ന ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. അദ്ദേഹം എഴുതുന്നു, ‘വിഭജനാനന്തര വര്‍ഗീയ സംഘര്‍ഷം മൂര്‍ധന്യാവസ്ഥയില്‍ നില്‍ക്കുന്ന ഘട്ടത്തില്‍ പശ്ചിമ മേഖലാ ഡി ഐ ജി. ബി ബി എല്‍ ജയ്റ്റ്ലി പരമ രഹസ്യമായി എന്നെ കാണാനെത്തി. അദ്ദേഹത്തോടൊപ്പം രണ്ട് സ്റ്റീല്‍ പെട്ടികളുമായി രണ്ട് ഓഫീസര്‍മാരുമുണ്ട്. ആ പെട്ടികള്‍ തുറന്നു പരിശോധിച്ചപ്പോള്‍ കണ്ടത് കേന്ദ്ര പ്രവിശ്യയുടെ പടിഞ്ഞാറന്‍ ജില്ലയിലുടനീളം കൂട്ടക്കൊലകള്‍ നടത്തുന്നതിന് ആര്‍ എസ് എസ് തയ്യാറാക്കിയ പദ്ധതി സംബന്ധിച്ച രേഖകളും വിവരങ്ങളുമായിരുന്നു. പ്രവിശ്യയില്‍ മുസ്ലിംകള്‍ താമസിക്കുന്ന പ്രദേശങ്ങളും അവിടേക്കുള്ള വഴികളും അതില്‍ പ്രത്യേകം രേഖപ്പെടുത്തിയിരുന്നു. ആര്‍ എസ് എസിന്റെ കുടില തന്ത്രങ്ങള്‍ പൂര്‍ണമായി വെളിപ്പെടുത്തുന്ന മറ്റു ചില വസ്തുക്കളും അതില്‍ നിന്ന് കണ്ടെത്തി. ഈ വിവരം ഏകീകൃത പ്രവിശ്യകളുടെ അന്നത്തെ ഭരണമേധാവി ജി ബി പന്തിന്റെ ശ്രദ്ധയില്‍ പെടുത്തിയതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ നിര്‍ദേശാനുസാരം ആര്‍ എസ് എസ് കേന്ദ്രങ്ങളില്‍ നടത്തിയ റെയ്ഡില്‍ കൂട്ടക്കൊലക്കുള്ള ഗൂഢാലോചനയുടെ കൂടുതല്‍ തെളിവുകളും കണ്ടെത്തുകയുണ്ടായി’. അന്നത്തെ ആര്‍ എസ് എസ് മേധാവിയുടെ- ഗോള്‍വാള്‍ക്കര്‍-നേരിട്ടുള്ള മേല്‍നോട്ടത്തില്‍ തയ്യാറാക്കിയതാണ് പദ്ധതിയെന്നും രാജേശ്വര്‍ ദയാല്‍ വ്യക്തമാക്കുന്നു.

ഇന്ത്യ- പാക് വിഭജനത്തിലെന്ന പോലെ വിഭജനാനന്തര വര്‍ഗീയ സംഘര്‍ഷത്തിന്റെയും പൂര്‍ണ ഉത്തരവാദിത്വം ആര്‍ എസ് എസിനും ഹിന്ദുത്വ ഫാസിസത്തിനുമാണെന്ന് ഈ വരികള്‍ വ്യക്തമാക്കുന്നു. മുസ്ലിം സമുദായത്തില്‍ കടുത്ത ഭീതിയും അരക്ഷിതാവസ്ഥയും സൃഷ്ടിച്ച് പാകിസ്താനിലേക്ക് പലായനം ചെയ്യാന്‍ നിര്‍ബന്ധിതരാക്കുകയും ഇന്ത്യ ഹിന്ദുത്വര്‍ക്ക് സ്വന്തമാക്കുകയുമായിരുന്നു അവരുടെ പദ്ധതി. സമുദായങ്ങള്‍ക്കിടയില്‍ അനൈക്യവും സംഘര്‍ഷവും സൃഷ്ടിച്ചും അപകടകരമായ അതിതീവ്ര ദേശീയ ചിന്താഗതി വളര്‍ത്തിയെടുത്തും രാഷ്ട്രീയ നേട്ടം കൊയ്യുകയാണ് വിഭജന ഭീതി ദിനാചരണത്തിലൂടെ ബി ജെ പിയുടെയും മോദി സര്‍ക്കാറിന്റെയും ലക്ഷ്യമെന്നാണ് വിലയിരുത്തപ്പെടുന്നത്. ‘വിഭജന ഭീതി ദിന’മെന്നല്ല ‘വെറുപ്പ് പടര്‍ത്തല്‍ ദിന’മെന്നാണ് ഇതിന് കൂടുതല്‍ അനുയോജ്യമായ പേര്. സ്വാതന്ത്ര്യ സമരത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ജവഹര്‍ലാല്‍ നെഹ്റുവിനും കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിനും മുസ്ലിംകള്‍ക്കുമെതിരെ കടുത്ത വെറുപ്പും വിദ്വേഷവുമാണ് ദിനാചരണത്തിലൂടെ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.

 

Latest