National
റോക്കറ്റ് വിക്ഷേപണത്തില്‍ വീണ്ടും ചരിത്രം സൃഷ്ടിച്ച് ഐ എസ് ആര്‍ ഒ; ആര്‍ എല്‍ വി ദൗത്യം വിജയം
സ്വയം നിയന്ത്രിത സംവിധാനത്തിലൂടെയുള്ള ലോകത്തിലെ തന്നെ ആദ്യത്തെ ദൗത്യമാണിത്.

ബെംഗളൂരു | റോക്കറ്റ് വിക്ഷേപണത്തില്‍ വീണ്ടും ചരിത്രം സൃഷ്ടിച്ച് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ (ഐ എസ് ആര്‍ ഒ) സംഘം. പുനരുപയോഗിക്കാവുന്ന റോക്കറ്റായ ആര്‍ എല്‍ വി വിജയകരമായി വിക്ഷേപിച്ചാണ് ഐ എസ് ആര്‍ ഒ ഇത്തവണ ശ്രദ്ധ നേടിയത്. കര്‍ണാടകയിലെ ചിത്രദുര്‍ഗയില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്.
വ്യോമസേനയുടെ ചിനൂക്ക് ഹെലികോപ്റ്ററില്‍ ആര്‍ എല്‍ വി പേടകത്തെ 4.6 കിലോമീറ്റര്‍ ഉയരത്തിലെത്തിച്ചതിനു ശേഷം ഭൂമിയിലേക്ക് ഇറക്കിയായിരുന്നു പരീക്ഷണം. ഹെലികോപ്റ്ററില്‍ നിന്നു സ്വതന്ത്രമായതിനു ശേഷം ആര്‍ എല്‍ വി സ്വയം സഞ്ചാരദിശയും വേഗതയും നിയന്ത്രിച്ചു. തുടര്‍ന്ന് ഡി ആര്‍ ഡി ഒയുടെ ടെസ്റ്റ് റേഞ്ചില്‍ കൃത്യമായി ലാന്‍ഡ് ചെയ്തു. രാവിലെ 7.40 ഓടെയായിരുന്നു ലാന്‍ഡിങ്.
സ്വയം നിയന്ത്രിത സംവിധാനമുണ്ടെന്നതാണ് ആര്‍ എല്‍ വിയെ വ്യത്യസ്തമാക്കുന്നത്. സ്വയം നിയന്ത്രിത സംവിധാനത്തിലൂടെയുള്ള ലോകത്തിലെ തന്നെ ആദ്യത്തെ ദൗത്യമാണിത്. തദ്ദേശീയമായി വികസിപ്പിച്ച നാവിഗേഷന്‍ സാങ്കേതിക വിദ്യയാണ് ആര്‍ എല്‍ വി റോക്കറ്റ് വിക്ഷേപണത്തിന് ഉപയോഗിച്ചത്.