Connect with us

Editorial

ഇസ്‌റാഈലിനെ നിലക്ക് നിര്‍ത്തണം

ഇപ്പോഴത്തെ ആക്രമണം തുടങ്ങിയത് ഇസ്‌റാഈലാണ്. അവര്‍ തന്നെയാണ് ഊരിയ വാള്‍ ഉറയിലിടേണ്ടത്. അറബ് സമൂഹത്തെ ശിഥിലമാക്കാമെന്നും ഇറാനില്‍ ഭരണമാറ്റം സാധ്യമാക്കാമെന്നുമുള്ള വ്യാമോഹം ജൂത രാഷ്ട്രം ഉപേക്ഷിക്കണം. അമേരിക്കക്ക് വല്ല നിയന്ത്രണവും ഈ ചട്ടമ്പി രാഷ്ട്രത്തിന് മേലുണ്ടെങ്കില്‍ അത് കാണേണ്ട ഘട്ടമാണിത്.

Published

|

Last Updated

പശ്ചിമേഷ്യയെ ഒരിക്കല്‍ കൂടി യുദ്ധാന്തരീക്ഷത്തിലേക്ക് തള്ളിവിട്ടിരിക്കുകയാണ് ഇസ്‌റാഈലും അമേരിക്കയും. നിഗൂഢമായ ഭൗമരാഷ്ട്രീയ താത്പര്യങ്ങള്‍ നേടിയെടുക്കാന്‍ രക്തച്ചൊരിച്ചിലുകളും അതിര്‍ത്തി ലംഘനങ്ങളും നടത്തുകയെന്ന സാമ്രാജ്യത്വ കുതന്ത്രം തന്നെയാണ് ഇറാനെതിരായ ഭീകരാക്രമണത്തിലും സയണിസ്റ്റ്- യു എസ് കൂട്ടുകെട്ട് പുറത്തെടുത്തിരിക്കുന്നത്. തങ്ങള്‍ക്ക് ആക്രമണത്തില്‍ ഒരു പങ്കുമില്ലെന്നാണ് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറയുന്നത്. എന്നാല്‍ ഇങ്ങനെയൊരു ആക്രമണം നടക്കുമെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നുവത്രേ. എല്ലാ അര്‍ഥത്തിലും ഇസ്‌റാഈലിനെ പിന്തുണക്കുന്ന യു എസ് പ്രസിഡന്റിന് ഈ ആക്രമണ പദ്ധതി തടയാന്‍ എന്തുകൊണ്ട് സാധിച്ചില്ല. ആക്രമണാനന്തരം ട്രംപ് നടത്തിയ പ്രസ്താവനയില്‍ അതിന്റെ ഉത്തരമുണ്ട്. ആണവ കരാറില്‍ ഒപ്പുവെക്കാന്‍ തയ്യാറായില്ലെങ്കില്‍ ഇതിലും രൂക്ഷമായ ആക്രമണം ഇറാന്‍ നേരിടേണ്ടിവരുമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭീഷണി. ട്രംപിന്റെ സമ്മതത്തോടെയും പിന്തുണയോടെയും തന്നെയാണ് ഇസ്‌റാഈല്‍ ഈ ആക്രമണം നടത്തിയിരിക്കുന്നതെന്ന് വ്യക്തം. ഇത് തിരിച്ചറിഞ്ഞ അമേരിക്കന്‍ ജനത തെരുവിലിറങ്ങിയിരിക്കുന്നു.

ഒരു പ്രകോപനവുമില്ലാതെയാണ് വെള്ളിയാഴ്ച ഇറാനിലെ സുപ്രധാന കേന്ദ്രങ്ങളില്‍ ഇസ്‌റാഈല്‍ അത്യാധുനിക മിസൈലുകള്‍ വര്‍ഷിക്കാന്‍ തുടങ്ങിയത്. നതാന്‍സ് ആണവ നിലയത്തിന് നേരെയും തലസ്ഥാന നഗരിയിലെ വിവിധ കേന്ദ്രങ്ങളിലും സയണിസ്റ്റ് രാഷ്ട്രം തീതുപ്പി. റവല്യൂഷനറി ഗാര്‍ഡ്‌സിന്റെ ഉന്നത കമാന്‍ഡര്‍മാരടക്കം നിരവധി ഇറാനിയന്‍ നേതാക്കളെയും ആണവ ശാസ്ത്രജ്ഞരെയും വകവരുത്തി. സിവിലിയന്‍മാരും മരിച്ചുവീണു. ഒരു വേള ഇറാന്റെ സൈനിക, രഹസ്യാന്വേഷണ ദൗര്‍ബല്യം വിളിച്ചോതുന്നതായിരുന്നു ഈ ആക്രമണങ്ങള്‍.

ഇറാനെന്ന പരാമാധികാര രാഷ്ട്രത്തിന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍ എന്ത് ന്യായമാണ് ഇസ്‌റാഈലിന് പറയാനുള്ളത്. ഇറാനെ അവര്‍ക്ക് ഭയമുണ്ടെങ്കില്‍ പ്രതിരോധിക്കാനുള്ള സംവിധാനങ്ങളൊരുക്കാം. അതിലപ്പുറം കടന്നാക്രമിക്കുക വഴി മേഖലയിലാകെ അസ്ഥിരതയും അനാഥത്വവും അഭയാര്‍ഥിത്വവും അരാജകത്വവും സാമ്പത്തിക പ്രതിസന്ധിയും വിതക്കാനാണ് ഇസ്‌റാഈല്‍ മുതിരുന്നതെങ്കില്‍ ആ രാജ്യത്തെ തെമ്മാടി രാഷ്ട്രം എന്നല്ലാതെ എന്താണ് വിളിക്കുക. 2023 ഒക്‌ടോബര്‍ ഏഴിലെ ഹമാസ് പ്രത്യാക്രമണത്തെ തുടര്‍ന്ന് ഗസ്സയില്‍ ആരംഭിച്ച വംശഹത്യക്കിടെ ഇറാനെതിരെ പല തവണ ഇത്തരത്തിലുള്ള കടന്നു കയറ്റങ്ങള്‍ ജൂത രാഷ്ട്രം നടത്തിയിരുന്നു. ദമസ്‌കസിലെ ഇറാന്‍ എംബസി തകര്‍ത്തു. തെഹ്‌റാനിലെ അതീവ സുരക്ഷാ മേഖലയില്‍ കടന്നു കയറിയ മൊസ്സാദ് ഏജന്റുമാര്‍ ഹമാസ് മേധാവി ഇസ്മാഈല്‍ ഹനിയ്യയെ വധിച്ചു. ഇവയെല്ലാം യുദ്ധവ്യാപനം ലക്ഷ്യമിട്ടുള്ള നീക്കങ്ങളായിരുന്നു. ഗസ്സാ വംശഹത്യയില്‍ ലോകരാജ്യങ്ങള്‍ക്കിടയിലും സ്വന്തം ജനതക്ക് മുമ്പിലും ഒറ്റപ്പെട്ടപ്പോള്‍ രക്ഷാമാര്‍ഗം തേടിയായിരുന്നു ഈ ആക്രമണങ്ങളെല്ലാം. അവയോട് തികച്ചും പ്രതീകാത്മകമായി മാത്രം പ്രതികരിച്ച ഇറാനാണ് യുദ്ധവ്യാപന സാധ്യത ഇല്ലാതാക്കിയതെന്ന് പറയാം.

ഇത്തവണ പക്ഷേ, ഇറാന്‍ ശക്തമായ തിരിച്ചടി നല്‍കിയിട്ടുണ്ട്. അയേണ്‍ ഡോം സുരക്ഷാ അഹങ്കാരത്തെ മറികടന്ന് 150 ഇടങ്ങളില്‍ പ്രത്യാക്രമണം നടത്തിയെന്നാണ് ഇറാന്‍ വ്യക്തമാക്കിയിട്ടുള്ളത്. ഇവയില്‍ ഇസ്‌റാഈലിന്റെ പെന്റഗണ്‍ എന്ന് വിശേഷിപ്പിക്കാവുന്ന കിരിയ കോംപ്ലക്‌സും ഉള്‍പ്പെടുന്നു. ബെഞ്ചമിന്‍ നെതന്യാഹുവിന്റെ വിമാനം ഏതന്‍സിലേക്ക് പറന്നുവെന്നും പ്രധാന നേതാക്കളെയെല്ലാം ബങ്കറിലേക്ക് മാറ്റിയെന്നുമാണ് റിപോര്‍ട്ട്. ഇറാന്‍ സിവിലിയന്‍മാരെ ലക്ഷ്യമിടുന്നുവെന്നൊക്കെ ഇസ്‌റാഈല്‍ പ്രതിരോധ സേന (ഐ ഡി എഫ്) വക്താവ് കേണൽ നദാവ് വിലപിക്കുന്നത് കേട്ടു. ദിനംപ്രതി കുഞ്ഞുങ്ങളെ കൊന്നുതള്ളുകയും പട്ടിണിക്കിട്ട് കൊല്ലുകയും ചെയ്യുന്ന ഐ ഡി എഫിന്റെ വക്താവ് തന്നെ അത് പറയണം. അപ്പോഴും സമാധാന സ്‌നേഹികളാരും ഇറാന്റെയോ ഇസ്‌റാഈലിന്റെയോ ആക്രമണ പ്രത്യാക്രമണങ്ങള്‍ ആഘോഷിക്കുന്നില്ല. മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത കുറേ സയണിസ്റ്റ്പക്ഷപാതികള്‍ മാത്രമാണ് മനുഷ്യരുടെ ചോരയില്‍ ആനന്ദിക്കുന്നത്.

ഇപ്പോഴത്തെ ആക്രമണം തുടങ്ങിയത് ഇസ്‌റാഈലാണ്. അവര്‍ തന്നെയാണ് ഊരിയ വാള്‍ ഉറയിലിടേണ്ടത്. അറബ് സമൂഹത്തെ ശിഥിലമാക്കാമെന്നും ഇറാനില്‍ ഭരണമാറ്റം സാധ്യമാക്കാമെന്നുമുള്ള വ്യാമോഹം ജൂത രാഷ്ട്രം ഉപേക്ഷിക്കണം. അമേരിക്കക്ക് വല്ല നിയന്ത്രണവും ഈ ചട്ടമ്പി രാഷ്ട്രത്തിന് മേലുണ്ടെങ്കില്‍ അത് കാണേണ്ട ഘട്ടമാണിത്. യുദ്ധം നിര്‍ത്താന്‍ വന്ന പ്രസിഡന്റാണ് താനെന്ന് മേനി പറയുന്ന ട്രംപിന്റെ ആത്മാര്‍ഥത എത്രത്തോളമുണ്ടെന്ന് ലോകം കാണട്ടെ. ആക്രമണ വ്യാപനം മേഖലയില്‍ അപരിഹാര്യമായ പ്രതിസന്ധിയാണുണ്ടാക്കുക. എണ്ണ വിപണിയില്‍ ഇപ്പോള്‍ തന്നെ യുദ്ധം പ്രതിഫലിച്ചു കഴിഞ്ഞു. ഗള്‍ഫില്‍ തൊഴില്‍ പ്രശ്‌നങ്ങളുണ്ടാകും. അത് ഇന്ത്യയെയും വിശിഷ്യാ കേരളത്തെയും ബാധിക്കും. ആഗോള മാന്ദ്യത്തിലേക്ക് തന്നെ കാര്യങ്ങള്‍ നീങ്ങിയേക്കാം.
2015ലെ ഇറാൻ- യു എസ് ആണവ കരാര്‍ അട്ടിമറിച്ചത് തന്റെ ഒന്നാമൂഴത്തില്‍ ട്രംപ് തന്നെയാണ്. ഇപ്പോള്‍ വീണ്ടും ചര്‍ച്ചക്ക് ചെല്ലുന്നു. ആറാം വട്ട ചര്‍ച്ച മസ്‌കത്തില്‍ നടക്കാനിരിക്കെയാണ് ഇസ്‌റാഈല്‍ ഭീകരാക്രമണം. പരിഷ്‌കൃത ലോകം ആഗ്രഹിക്കുന്നത് ചര്‍ച്ചകളുടെ വഴി തന്നെയാണ്. ഇറാന്റെയും അറബ് മേഖലയുടെയാകെയും താത്പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ടുള്ള ചര്‍ച്ചകള്‍ തുടരണം. അതിന് ആദ്യം ഇസ്‌റാഈലിനെ നിലക്ക് നിര്‍ത്തണം. അര ലക്ഷത്തിലേറെ മനുഷ്യരെ കൊന്നുതള്ളിയ ഗസ്സാ വംശഹത്യ അവസാനിപ്പിക്കുകയും നീതിയുക്തമായ ഫലസ്തീന്‍ രാഷ്ട്രം അനുവദിക്കുകയും ചെയ്യുകയെന്നതാണ് സ്വന്തം പൗരന്മാരുടെ സുരക്ഷയില്‍ താത്പര്യമുണ്ടെങ്കില്‍ ഇസ്‌റാഈല്‍ ചെയ്യേണ്ടത്.

---- facebook comment plugin here -----

Latest