Connect with us

International

ഇറാന്റെ ആണവ കേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ഇസ്‌റാഈല്‍ ആക്രമണം; ടെഹ്‌റാനില്‍ സ്‌ഫോടനങ്ങള്‍

ഇറാന്‍ തിരിച്ചടിക്കുമെന്ന് കണ്ട് ഇസ്‌റാഈല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

Published

|

Last Updated

ജറുസലേം |  ഇറാനെതിരെ സൈനിക ആക്രമണവമുായി ഇസ്‌റാഈല്‍. മേഖലയില്‍ ഒരു ‘വലിയ സംഘര്‍ഷം’ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയതിന് പിന്നാലെ വെള്ളിയാഴ്ചയാണ് ഇറാനെതിരെ ഇസ്‌റാഈല്‍ ആക്രമണം നടത്തിയിരിക്കുന്നത്. ഇറാന്റെ ആണവ നിലയങ്ങളെയും സൈനിക കേന്ദ്രങ്ങളെയും ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. ഇറാനിയന്‍ തലസ്ഥാനത്ത് വെള്ളിയാഴ്ച രാവിലെ സ്‌ഫോടനങ്ങള്‍ കേട്ടതായി സ്റ്റേറ്റ് ടിവി റിപ്പോര്‍ട്ട് ചെയ്തു. ഇറാന്റെ വ്യോമ പ്രതിരോധം നൂറ് ശതമാനം പ്രവര്‍ത്തന ശേഷിയിലാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഇറാന്‍ തിരിച്ചടിക്കുമെന്ന് കണ്ട് ഇസ്‌റാഈല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

ഇറാനെതിരെ ഇസ്‌റാഈല്‍ നടത്തിയത് മുന്‍കരുതല്‍ ആക്രമണമാണെന്ന് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി കാറ്റ്‌സ് പറഞ്ഞു. രാജ്യത്തിനും സിവിലിയന്‍ ജനതയ്ക്കും നേരെ സമീപഭാവിയില്‍ മിസൈല്‍ ഡ്രോണ്‍ ആക്രമണം പ്രതീക്ഷിക്കുന്നതായും കാറ്റ്സ് പറഞ്ഞു.

ഇറാന്‍ ആക്രമിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.ഇതിന് പിന്നാലെ ഇറാനിലെ യു എസ് എംബസിയിലെ ജീവനക്കാരെ പിന്‍വലിക്കുകയാണെന്ന് യുഎസ് വ്യക്തമാക്കിയിരുന്നു.

ഇറാന്റെ ആണവായുധ നിര്‍മാണം തടയുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയായിരുന്നു ആക്രമണമെന്നാണ് ഇസ്‌റാഈല്‍ അവകാശപ്പെട്ടത്. ഇറാന്റെ ആണവായുധ പദ്ധതികള്‍ തടയാനായി പുതിയ ആണവ കരാര്‍ കൊണ്ടുവരാന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ശ്രമിക്കുന്നതിനിടെയാണ് ഇറാനും ഇസ്‌റാഈലും തമ്മില്‍ നേരിട്ടുള്ള സൈനിക സംഘര്‍ഷത്തിലേക്ക് പോകുന്നത്.

സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യാന്തര വിപണിയില്‍ സ്വര്‍ണം, ക്രൂഡ് ഓയില്‍ വിലകള്‍ കുത്തനെ ഉയര്‍ന്നു. രാജ്യാന്തര സ്വര്‍ണവില ഔണ്‍സിന് ഒറ്റയടിക്ക് 102 ഡോളറിലധികം ഉയര്‍ന്ന് 3,429 ഡോളറായി.
ക്രൂഡ് ഓയില്‍ വിലയും കത്തിക്കയറി. ഡബ്ല്യുടിഐ ക്രൂഡ് വില ബാരലിന് 8 ശതമാനം മുന്നേറി 73.48 ഡോളറിലെത്തി. ബ്രെന്റ് വില 7.67% ഉയര്‍ന്ന് 74.68 ഡോളറുമായി.

 

 

 

---- facebook comment plugin here -----

Latest