International
ഇസ്‌റാഈലിനെതിരായ പ്രത്യാക്രമണത്തെ തടയാന്‍ ശ്രമിക്കരുത്; യു എസിന് മുന്നറിയിപ്പുമായി ഇറാന്‍
ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങള്‍ക്കും ഇറാന്‍ ഇതേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ടെഹ്‌റാന്‍ | യു എസിന് മുന്നറിയിപ്പുമായി ഇറാന്‍. ഇസ്‌റാഈലിനെതിരായ ഇറാന്റെ പ്രത്യാക്രമണങ്ങള്‍ തടയാന്‍ ശ്രമിച്ചാല്‍ അമേരിക്കയുടെ മേഖലയിലെ സൈനിക താവളങ്ങളും കപ്പലുകളും ആക്രമിക്കും. ബ്രിട്ടന്‍, ഫ്രാന്‍സ് എന്നീ രാഷ്ട്രങ്ങള്‍ക്കും ഇറാന്‍ ഇതേ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാന്‍ സ്റ്റേറ്റ് മീഡിയ റിപോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. അതിനിടെ, തങ്ങളുടെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ ഇസ്റാഈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതായി ഇറാന്‍ സ്ഥിരീകരിച്ചു. ഇന്റലിജന്‍സ്, ഓപറേഷന്‍ വിഭാഗങ്ങളുടെ ഉപമേധാവിമാരാണ് കൊല്ലപ്പെട്ടത്. ഫോര്‍ദോ ആണവ നിലയത്തിന് ചെറിയ തോതില്‍ തകരാര്‍ സംഭവിച്ചതായും ഇറാന്‍ വെളിപ്പെടുത്തി. അതേസമയം, ഇറാന്റെ ഒമ്പത് ആണവ ശാസ്ത്രജ്ഞന്മാരെ വധിച്ചതായി ഇസ്റാഈല്‍ അവകാശപ്പെട്ടു. ഇറാനിലെ എസ്ഫഹാന്‍, നതാന്‍സ് ആണവകേന്ദ്രങ്ങള്‍ തകര്‍ത്തുവെന്നും ഇസ്റാഈല്‍ അധികൃതര്‍ പറഞ്ഞു.
ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ക്ക് നേരെ ഉള്‍പ്പെടെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകള്‍ തടയാന്‍ സഹായിച്ചത് തങ്ങളുടെ വ്യോമ പ്രതിരോധ സംവിധാനങ്ങളാണെന്ന് യു എസ് ഉദ്യോഗസ്ഥര്‍ വ്യകത്മാക്കിയതോടെയാണ് ഇറാന്‍ പ്രതികരണവുമായി രംഗത്ത് വന്നത്.
ഇതിനു പിന്നാലെ ബാലിസ്റ്റിക് മിസൈലുകളെ പ്രതിരോധിക്കാന്‍ കഴിവുള്ള ഡിസ്‌ട്രോയര്‍ യു എസ് എസ് തോമസ് ഹഡ്‌നറിനോട് പടിഞ്ഞാറന്‍ മെഡിറ്ററേനിയന്‍ കടലില്‍ നിന്ന് കിഴക്കന്‍ മെഡിറ്ററേനിയനിലേക്ക് താവളം മാറാന്‍ അമേരിക്കന്‍ നാവികസേന നിര്‍ദേശം നല്‍കി.
ഇറാനിയന്‍ തലസ്ഥാനമായ ടെഹ്റാനിലെ ഒരു ഭവന സമുച്ചയത്തിന് നേരെ ഇസ്‌റാഈല്‍ നടത്തിയ ആക്രമണത്തില്‍ 20 കുട്ടികള്‍ ഉള്‍പ്പെടെ 60 പേരാണ് കൊല്ലപ്പെട്ടത്. ഇറാനിലെ അസദാബാദിലെ ഒരു മിസൈല്‍ കേന്ദ്രത്തിന് നേരെയുള്ള ആക്രമണത്തില്‍ രണ്ടുപേരും കൊല്ലപ്പെട്ടു. ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞരായ അലി ബകായ് കരിമി, മന്‍സൂര്‍ അസ്ഗരി, സയീദ് ബോര്‍ജി എന്നിവരും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടും.
ഇസ്‌റാഈലിനെതിരായ ഇറാന്റെ പ്രത്യാക്രമണങ്ങള്‍ തുടരുമെന്നും വരും ദിവസങ്ങളില്‍ മേഖലയിലെ യു എസ് താവളങ്ങള്‍ ഉള്‍പ്പെടെ ആക്രമിക്കുമെന്നും മുതിര്‍ന്ന ഇറാനിയന്‍ സൈനിക ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു.
ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള വെടിവെപ്പ് രണ്ടാം ദിവസവും തുടരുന്നതിനിടെ ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചു. യാത്രക്കാരുടെ സുരക്ഷയുടെ ഭാഗമായി ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ രാജ്യത്തെ ഒരു വിമാനത്താവളത്തിലും വിമാനങ്ങള്‍ സര്‍വീസ് നടത്തില്ലെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു.




