Connect with us

Kerala

ആര്‍എല്‍വി രാമകൃഷ്ണനെതിരായ അധിക്ഷേപം; സത്യഭാമയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ചാലക്കുടിയിലെ ഒരു നൃത്താധ്യാപകനെക്കുറിച്ചാണ് പറഞ്ഞത്. അത് ആര്‍എല്‍വി രാമകൃഷ്ണന്‍ അല്ലെന്നുമുള്ള സത്യഭാമയുടെ വാദം കോടതി അംഗീകരിച്ചില്ല.

Published

|

Last Updated

തിരുവനന്തപുരം| ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിച്ചതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ നര്‍ത്തകി സത്യഭാമ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. പട്ടികജാതി- പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരെയുള്ള കേസുകള്‍ പരിഗണിക്കുന്ന നെടുമങ്ങാട്ടെ പ്രത്യേക കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. ചാലക്കുടിയിലെ ഒരു നൃത്താധ്യാപകനെക്കുറിച്ചാണ് പറഞ്ഞത്. അത് ആര്‍എല്‍വി രാമകൃഷ്ണന്‍ അല്ലെന്നുമുള്ള സത്യഭാമയുടെ വാദം കോടതി അംഗീകരിച്ചില്ല.

ചാലക്കുടി സ്വദേശിയായ രാമകൃഷ്ണനും സത്യഭാമയും തമ്മില്‍ മുമ്പും കേസുകള്‍ ഉണ്ടായിരുന്നു. രാമകൃഷ്ണന്റെ പഠന, പ്രവേശന, അക്കാദമിക കാര്യങ്ങളെക്കുറിച്ച് സത്യഭാമയ്ക്ക് അറിവുണ്ടായിരുന്നുവെന്നും കോടതി നിരീക്ഷിച്ചു.

ഒരു യൂട്യൂബ് ചാനല്‍ അഭിമുഖത്തിനിടെയാണ് സത്യഭാമ ആര്‍എല്‍വി രാമകൃഷ്ണനെ വംശീയമായി അധിക്ഷേപിക്കും വിധത്തിലുള്ള പരാമര്‍ശങ്ങള്‍ പങ്കുവച്ചത്. ആര്‍എല്‍വി രാമകൃഷ്ണന്‍ കാക്കയെ പോലെ കറുത്തയാളാണെന്നും, മോഹിനിയാട്ടം കളിക്കേണ്ടത് മോഹിനിമാരാണ്, പുരുഷന്മാരാണ് കളിക്കുന്നതെങ്കില്‍ സൗന്ദര്യമുള്ളവരായിരിക്കണം, എന്നിങ്ങനെയായിരുന്നു പരാമര്‍ശം. ജാതീയമായി തന്നെ അധിക്ഷേപിക്കാന്‍ ശ്രമിച്ചെന്നു കാട്ടിയാണ് രാമകൃഷ്ണന്‍ പരാതി നല്‍കിയത്.

നേരത്തെ സത്യഭാമയുടെ പ്രതികരണങ്ങളെയും പ്രസ്താവനകളെയും കലാമണ്ഡലം തള്ളിയിരുന്നു. സത്യഭാമയുടേത് പരിഷ്‌കൃത സമൂഹത്തിന് നിരക്കാത്ത പ്രസ്താവനയാണ്. സത്യഭാമയെ പോലുള്ളവരുടെ പേരിനൊപ്പം കലാമണ്ഡലത്തിന്റെ പേര് ചേര്‍ക്കുന്നത് സ്ഥാപനത്തിന് കളങ്കം. കലാമണ്ഡലത്തിലെ പൂര്‍വ വിദ്യാര്‍ഥി എന്നതിനപ്പുറം സത്യഭാമക്ക് കലാമണ്ഡലവുമായി ഒരു ബന്ധവും ഇല്ലെന്നും കേരള കലാമണ്ഡലം പുറത്തിറക്കിയ വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

 

 

Latest