Connect with us

Health

പ്രോസ്‌റ്റേറ്റ് വീക്കം; ഈ ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം

തുടക്കത്തില്‍ പ്രോസ്‌റ്റേറ്റ് ഗ്രന്ഥി വീക്കം കുറയ്ക്കുന്നതിനുള്ള മരുന്നുകളാണ് നല്‍കുക.

Published

|

Last Updated

പ്രോസ്‌റ്റേറ്റ് ഗ്രന്ഥി വീക്കം 45-50 വയസ്സിനുശേഷം പുരുഷന്മാരില്‍ സാധാരണയായി കണ്ടുവരുന്ന ഒരു അസുഖമാണ്. പ്രോസ്‌റ്റേറ്റ് ഗ്രന്ഥി മൂത്രനാളിക്കു ചുറ്റും കാണപ്പെടുന്ന ഗ്രന്ഥിയാണ്. യുക്ലത്തിന്റെ ഒരു പ്രധാന ഭാഗം പ്രോസ്‌റ്റേറ്റ് ഗ്രന്ഥി സ്രവം കൊണ്ടാണ് ഉണ്ടാകുന്നത്. പ്രോസ്‌റ്റേറ്റ് ഗ്രന്ഥി മൂത്രനാളിക്കു ചുറ്റും ഇരിക്കുന്നതുകൊണ്ടു തന്നെ ഗ്രന്ഥി വലുതാകുന്നതിനനുസരിച്ച് മൂത്രനാളത്തിന്റെ പുറത്ത് സമ്മര്‍ദ്ദം വന്ന് മൂത്രനാളി ചുരുങ്ങാനും മൂത്രതടസ്സം ഉണ്ടാകാനും സാധ്യതയുണ്ട്.

ലക്ഷണങ്ങള്‍

മൂത്രം ഒഴിക്കുന്നതിന് തടസ്സം നേരിടുക, മൂത്രം ഒഴിക്കാന്‍ കൂടുതല്‍ സ്‌ട്രെയിന്‍ ചെയ്യേണ്ടി വരിക, എപ്പോഴും മൂത്രമൊഴിക്കാന്‍ തോന്നുക, മൂത്രം പിടിച്ചു വയ്ക്കാന്‍ കഴിയാതിരിക്കുക, രാത്രിയില്‍ ഉറങ്ങിയതിനുശേഷവും മൂത്രം ഒഴിക്കാന്‍ എഴുന്നേല്‍ക്കുക, മൂത്രത്തില്‍ രക്തത്തിന്റെ അംശം കാണുക എന്നിവയെല്ലാം പ്രോസ്‌റ്റേറ്റ് ഗ്രന്ഥി വീക്കത്തിന്റെ ലക്ഷണങ്ങളാകാം. ചില സമയത്ത് മൂത്രതടസ്സം കൊണ്ട് മൂത്രത്തില്‍ പഴുപ്പോടു കൂടിയും രോഗി ആശുപത്രിയില്‍ വരാനുള്ള സാധ്യത കാണാറുണ്ട്.

പരിശോധനകള്‍

രക്തം, മൂത്രം എന്നിവയുടെ റുട്ടീന്‍ ടെസ്റ്റുകള്‍ ചെയ്യേണ്ടി വരും. യൂറിന്‍ റുട്ടീന്‍ ടെസ്റ്റിലൂടെ മൂത്രത്തില്‍ രക്തത്തിന്റെ അംശമുണ്ടോ, മൂത്രത്തില്‍ പഴുപ്പുണ്ടോ എന്ന കാര്യങ്ങള്‍ അറിയാന്‍ സാധിക്കും. കിഡ്‌നി പ്രവര്‍ത്തനം നോക്കുന്ന സിറം ക്രിയാറ്റിന്‍ ബ്ലഡ് ടെസ്റ്റ്, പ്രമേഹരോഗിയാണെങ്കില്‍ പ്രമേഹം നിയന്ത്രണത്തിലാണോ എന്നറിയാനുള്ള ടെസ്റ്റ്, പിഎസ്എ ടെസ്റ്റ്, പിഎസ്എ ടെസ്റ്റ് പ്രോസ്‌റ്റേറ്റ് കാന്‍സര്‍ ഉണ്ടോ എന്ന് അറിയാനുള്ള ടെസ്റ്റാണ്. പ്രോസ്‌റ്റേറ്റ് വീക്കം എത്ര ഉണ്ടെന്ന് അറിയാന്‍ വയറിന്റെ അള്‍ട്രാസൗണ്ട് സ്‌കാനിംഗ് ചെയ്യാവുന്നതാണ്. വെള്ളം കുടിച്ച് ഫുള്‍ ബ്ലാഡറിലാണ് സ്‌കാനിംഗ് ചെയ്യുക. അതിനുശേഷം മൂത്രം ഒഴിച്ച് കഴിഞ്ഞ് ബാക്കി മൂത്രം കെട്ടിക്കിടക്കുന്നുണ്ടോ എന്നറിയാന്‍ വീണ്ടും സ്‌കാന്‍ ചെയ്യും.

മൂത്രത്തിന്റെ വേഗത അളക്കുന്ന ടെസ്റ്റു കൂടിയുണ്ട്. ഇത് ക്ലോസറ്റില്‍ മൂത്രം ഒഴിക്കുന്നതുപോലെ ഒരു മെഷിനുള്ളിലേക്ക് മൂത്രം ഒഴിക്കുകയാണ് ചെയ്യുന്നത്. ആ മെഷീനില്‍ നിന്ന് മൂത്രത്തിന്റെ വേഗതയും മൂത്രതടസ്സമുണ്ടോ എന്നതും പ്രിന്റ് ഔട്ട് കിട്ടും. മൂത്രതടസ്സം കൂടുതലായി കാണുന്ന രോഗികളില്‍ സിസ്‌റ്റോ സ്‌കോപ്പി എന്ന പരിശോധന ചെയ്യേണ്ടി വരും. മൂത്രനാളിക്ക് ഉള്ളിലൂടെ ഫ്‌ളെക്‌സിബിളായ എന്‍ഡോസ്‌കോപ്പി കാമറ കടത്തി വിട്ടാണ് നോക്കുന്നത്. ഈ ടെസ്റ്റ് ചെയ്യുന്നതിന് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യേണ്ട ആവശ്യമില്ല. ഇത് ചെയ്തുകഴിഞ്ഞാല്‍ മൂത്രതടസ്സമുണ്ടെങ്കില്‍ ചികിത്സാ തീരുമാനങ്ങള്‍ എടുക്കാന്‍ സാധിക്കും.

ചികിത്സ

തുടക്കത്തില്‍ പ്രോസ്‌റ്റേറ്റ് ഗ്രന്ഥി വീക്കം കുറയ്ക്കുന്നതിനുള്ള മരുന്നുകളാണ് നല്‍കുക. ചില രോഗികള്‍ക്ക് പ്രോസ്‌റ്റേറ്റ് വീക്കത്തോടൊപ്പം മൂത്രം നിയന്ത്രിക്കാന്‍ കഴിയാത്ത ബുദ്ധിമുട്ട് കണ്ടുവരാറുണ്ട്. അങ്ങനെയുള്ളവര്‍ക്ക് ബ്ലാഡര്‍ റിലാക്‌സ് ചെയ്യാനുള്ള മരുന്നുകളും നല്‍കാറുണ്ട്. മെഡിക്കല്‍ തെറാപ്പി സാധാരണയായി മൂന്നു മാസം മുതല്‍ ആറ് മാസം വരെയാണ് കൊടുക്കുക. മൂന്ന് മാസത്തിനും ആറുമാസത്തിനുംശേഷം തൃപ്തികരമായ മാറ്റം ഉണ്ടാകുന്നില്ലെങ്കിലാണ് മറ്റു ചികിത്സകളെക്കുറിച്ച് ചിന്തിക്കേണ്ടതായി വരിക. പ്രോസ്‌റ്റേറ്റ് സര്‍ജറി എന്‍ഡോസ്‌കോപ്പിക് ആയിട്ടാണ് ചെയ്യുക. അതിന് ടിഒആര്‍പി എന്നാണ് പറയുക. മൂത്രനാളിയിലൂടെ തന്നെ എന്‍ഡോസ്‌കോപ്പിക് ആയ കാമറ കടത്തിവിട്ട് പ്രോസ്‌റ്റേറ്റ് ചെറിയ കഷ്ണങ്ങളായി കട്ട് ചെയ്താണ് ഒഴിവാക്കുക. സര്‍ജറിയ്ക്കുശേഷം രണ്ടോ മൂന്നോ ദിവസം രോഗി ആശുപത്രിയില്‍ കിടക്കേണ്ടി വരും. ഒരു മാസം രോഗി ഭാരമുള്ള ജോലികള്‍ ചെയ്യാതിരിക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്.

 

വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. രാഹുല്‍ രവീന്ദ്രന്‍
കണ്‍സള്‍ട്ടന്റ് യൂറോളജിസ്റ്റ്
ആസ്റ്റര്‍ മിംസ്, കോട്ടക്കല്‍

സബ് എഡിറ്റർ, സിറാജ്‍ ലെെവ്

---- facebook comment plugin here -----