Connect with us

Articles

രോഗാതുരമാണ് ഇന്ത്യന്‍ ആരോഗ്യ മേഖല

കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ ചെലവഴിക്കുന്ന തുക മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി ഡി പി) 1.2 ശതമാനം മാത്രമാണ്. ജി-20 രാജ്യങ്ങളുടെ പട്ടികയില്‍ ആരോഗ്യ മേഖലക്ക് ഏറ്റവും കുറവ് തുക നീക്കിവെക്കുന്നതില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണെന്ന് ലാന്‍സെറ്റ് പഠന റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Published

|

Last Updated

ആരോഗ്യ മേഖലക്ക് മറ്റ് മേഖലകളെക്കാള്‍ പ്രാധാന്യം നല്‍കേണ്ടതിന്റെ ആവശ്യകത ഇന്ന് ബഹുഭൂരിപക്ഷം രാഷ്ട്രങ്ങളും അംഗീകരിച്ചുകഴിഞ്ഞിട്ടുണ്ട്. നിര്‍ഭാഗ്യവശാല്‍ നമ്മുടെ രാജ്യം കഴിഞ്ഞ കുറെക്കാലമായി ആരോഗ്യ മേഖലയെ നിഷ്‌കരുണം അവഗണിക്കുകയാണ്. ആരോഗ്യമേഖലയില്‍ കേന്ദ്ര സര്‍ക്കാര്‍ ചെലവാക്കുന്ന ഫണ്ടില്‍ വന്‍ വെട്ടിക്കുറവ് സംഭവിക്കുന്നു. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായി ഈ രാജ്യം മാറാന്‍ പോകുകയാണെന്ന് അവകാശപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് ചികിത്സയുടെ അഭാവം മൂലം മരിച്ചുവീഴുന്ന ലക്ഷക്കണക്കിന് രോഗികളെ വിസ്മരിക്കുകയാണ്. രാജ്യത്തെ ആരോഗ്യ മേഖലയിലെ വന്‍ തകര്‍ച്ചയെ അടിവരയിട്ട് വ്യക്തമാക്കുകയാണ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ ലാന്‍സെറ്റ് റിപോര്‍ട്ട്.

ആരോഗ്യ മേഖലയോടുള്ള കേന്ദ്ര സര്‍ക്കാറിന്റെ അവഗണനയുടെ പേരില്‍ നമ്മുടെ സംസ്ഥാനത്തെ ആരോഗ്യ മേഖല കഴിഞ്ഞ മൂന്ന് വര്‍ഷമായി വലിയ പ്രതിസന്ധി നേരിടുകയാണ്. രാഷ്ട്രീയ വൈരമാണ് ഈ അവഗണനക്ക് പിന്നിലുള്ളത്. വിവിധ മേഖലകളിലുള്ള കേന്ദ്ര അവഗണനയും പകപോക്കലും ഏറ്റവും ഒടുവില്‍ സംസ്ഥാനത്തെ ആരോഗ്യ മേഖലയിലേക്കും വ്യാപിച്ചിരിക്കുന്നതില്‍ അത്ഭുതമില്ല. മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നതാണ് കേരളത്തിലെ ആരോഗ്യ മേഖലയെന്ന് കേന്ദ്ര സര്‍ക്കാര്‍ പോലും പലപ്പോഴും വ്യക്തമാക്കിയിട്ടുള്ളതാണ്. കേരളത്തിന്റെ ആരോഗ്യ രംഗത്തെ മാതൃകാപരമായ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് രാജ്യത്തിന് അകത്തും പുറത്തുമുള്ള പല ഏജന്‍സികളും മികച്ച റിപോര്‍ട്ടുകളാണ് പുറത്തുവിട്ടിട്ടുള്ളത്.
സംസ്ഥാന ആരോഗ്യ വകുപ്പിന് നല്‍കേണ്ട ഫണ്ട് വിഹിതം നിഷേധിച്ച് ആരോഗ്യ മേഖലക്കു മേല്‍ കരുതിക്കൂട്ടി കടന്നാക്രമണം നടത്തുകയാണ് ഒടുവില്‍ കേന്ദ്ര സര്‍ക്കാര്‍ ചെയ്തിരിക്കുന്നത്. അടിസ്ഥാനരഹിതമായ കാരണങ്ങളാണ് ഈ ഫണ്ട് നിഷേധത്തിന് കാരണമായി കേന്ദ്രം ചൂണ്ടിക്കാട്ടുന്നത്. കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ പേര് “ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍’ എന്നാക്കണമെന്ന നിര്‍ദേശം നടപ്പാക്കിയില്ലെന്നാണ് ഒരു കാരണം. കഴിഞ്ഞ ഡിസംബറിലാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയടക്കം പേര് “ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍’ എന്നാക്കണമെന്ന നിര്‍ദേശം കേന്ദ്രം മുന്നോട്ടുവെച്ചത്. ഇത് പാലിച്ചില്ലെന്ന് ആരോപിച്ച് മുന്‍കാല വിഹിതമുള്‍പ്പെടെ തടഞ്ഞുവെച്ചിരിക്കുന്നു. അര്‍ഹമായ കേന്ദ്ര വിഹിതം ലഭിക്കാത്തതിനാല്‍ നാഷനല്‍ ഹെല്‍ത്ത് മിഷന്റെ പദ്ധതികള്‍ താളം തെറ്റിക്കഴിഞ്ഞു. വിഹിതം അനുവദിക്കാത്തത് ഫെഡറല്‍ ആശയത്തിന് തന്നെ എതിരാണ്. 2023-24ലെ കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ പറഞ്ഞിരിക്കുന്ന കേന്ദ്ര ഫണ്ടുകള്‍ പോലും കൈമാറിയിട്ടില്ല.

ആരോഗ്യ സ്ഥാപനങ്ങളുടെ ലോഗോ മാറ്റണമെന്നാണ് കേന്ദ്രം ആദ്യം ആവശ്യപ്പെട്ടത്. ഇതുപ്രകാരം 6,825 സ്ഥാപനങ്ങളില്‍ 99 ശതമാനവും ബ്രാന്‍ഡിംഗ് പൂര്‍ത്തിയാക്കി കഴിഞ്ഞ ഒക്‌ടോബറില്‍ തന്നെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കത്ത് നല്‍കി. ഇവയുടെയെല്ലാം ചിത്രം കേന്ദ്ര പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്യുകയും ഇത് ആരോഗ്യ മന്ത്രാലയം അംഗീകരിക്കുകയും ചെയ്തു. എന്നാല്‍, ഡിസംബറിലാണ് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളുടെയടക്കം പേര് “ആയുഷ്മാന്‍ ആരോഗ്യ മന്ദിര്‍’ എന്നാക്കണമെന്ന പുതിയ നിര്‍ദേശമെത്തിയത്. ഇത് പാലിക്കാത്തതാണ് ഇപ്പോള്‍ ഫണ്ട് തടഞ്ഞുവെക്കാന്‍ കാരണം.

പെരിട്ടോണിയല്‍ ഡയാലിസിസ് പദ്ധതിക്കായി കേന്ദ്രം അനുവദിക്കാനുള്ളത് ഏഴ് കോടി രൂപയാണ്. ഇതിനാവശ്യമായ ഫ്‌ളൂയിഡ് സംസ്ഥാനം ഇടപെട്ട് വിതരണം ചെയ്തിരുന്നു. 800ഓളം രോഗികള്‍ക്കാണ് നിലവില്‍ പെരിട്ടോണിയല്‍ ഡയാലിസിസ് ചെയ്യുന്നത്. കേന്ദ്രം പണം തരാത്തത് മൂലം സൗജന്യ പരിശോധനകള്‍, സൗജന്യ ചികിത്സകള്‍ എന്നിവ തടസ്സപ്പെടുന്ന സ്ഥിതിയാണ്. ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ്, എന്‍ എച്ച് എം മുഖേന നിയമിക്കപ്പെട്ട ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം, ബയോ മെഡിക്കല്‍ മാനേജ്‌മെന്റ്, കനിവ്, 108 ആംബുലന്‍സ് തുടങ്ങിയവയും പ്രതിസന്ധിയിലാണ്.

കേന്ദ്ര സര്‍ക്കാര്‍ ആരോഗ്യ മേഖലയില്‍ ചെലവഴിക്കുന്ന തുക മൊത്തം ആഭ്യന്തര ഉത്പാദനത്തിന്റെ (ജി ഡി പി) 1.2 ശതമാനം മാത്രമാണ്. അതേസമയം ആരോഗ്യ സംരക്ഷണത്തിന് വ്യക്തികള്‍ സ്വന്തം അക്കൗണ്ടില്‍ നിന്ന് ഭീമമായ തുകയാണ് ചെലവഴിക്കുന്നത്. ജി-20 രാജ്യങ്ങളുടെ പട്ടികയില്‍ ആരോഗ്യ മേഖലക്ക് ഏറ്റവും കുറവ് തുക നീക്കിവെക്കുന്നതില്‍ ഒന്നാം സ്ഥാനത്ത് ഇന്ത്യയാണെന്നും ഈ ലാന്‍സെറ്റ് പഠന റിപോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യ സംരക്ഷണ മേഖലയില്‍ കൃത്യമായ വിവരം പൗരന്മാര്‍ക്ക് എത്തിക്കുന്ന കാര്യത്തിലും മോദി സര്‍ക്കാര്‍ ദയനീയ പരാജയമാണ്. മികച്ച ആരോഗ്യ സംവിധാനങ്ങളെക്കുറിച്ച് ഭൂരിപക്ഷം പൗരന്മാരും അജ്ഞരാണ്. ആരോഗ്യ മേഖലയിലെ യഥാര്‍ഥ ചിത്രം ലഭ്യമാകേണ്ട 2021ലെ സെന്‍സസ് രേഖ കോവിഡിന്റെ പേരില്‍ ഇപ്പോഴും പ്രസിദ്ധീകരിക്കാത്തതും ഈ മേഖലയുടെ തകര്‍ച്ചക്ക് ആക്കം കൂട്ടി. ദേശീയ-സംസ്ഥാന തലത്തിലെ ആരോഗ്യ മേഖലയിലെ ശോച്യാവസ്ഥ സംബന്ധിച്ച് കൃത്യമായ വിവരം കേന്ദ്ര സര്‍ക്കാറിന്റെ പക്കലില്ലാത്തതും ഗുരുതരമായ വീഴ്ചയാണ്.
ആരോഗ്യ മേഖലയില്‍ കൈവരിച്ച നേട്ടം കെട്ടുകഥയാണെന്ന് അഭിപ്രായപ്പെട്ട ദേശീയ ആരോഗ്യ സര്‍വേയുടെ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഫോര്‍ പോപുലേഷന്‍ സയന്‍സ് മേധാവി കെ എസ് ജെയിംസിനെ കേന്ദ്ര സര്‍ക്കാര്‍ പുറത്താക്കിയിരുന്നു. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഡയറക്ടര്‍ തന്നെ കേന്ദ്രത്തിന്റെ വാദം തള്ളി പരസ്യമായി രംഗത്ത് വന്നത് രാജ്യത്തെ ആരോഗ്യ മേഖല നേരിടുന്ന ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷം തുറന്ന് കാട്ടുന്നതായിരുന്നു. പ്രധാനമന്ത്രി ജന്‍ ആരോഗ്യയോജന, ആയുഷ്മാന്‍ ഭാരത് അടക്കം നിരവധി ആരോഗ്യ ഇന്‍ഷ്വറന്‍സ് പദ്ധതികള്‍ പൗരന്മാരുടെ ആരോഗ്യ സംരക്ഷണത്തിന് ഉതകുന്നില്ലെന്ന് പഠനങ്ങള്‍ മുമ്പും പുറത്തു വന്നിരുന്നു. തൊട്ടുപിന്നാലെയാണ് ലാന്‍സെറ്റ് പഠനവും രാജ്യത്തെ ആരോഗ്യ മേഖല നേരിടുന്ന ഏറ്റവും ഗുരുതരമായ സാഹചര്യം വെളിപ്പെടുത്തിയിരിക്കുന്നത്.
ലോകത്തെ വികസിത-അവികസിത-പിന്നാക്ക രാഷ്ട്രങ്ങളെല്ലാം ഇപ്പോള്‍ ആരോഗ്യ മേഖലക്ക് തന്നെയാണ് മുന്‍തൂക്കം നല്‍കിക്കൊണ്ടിരിക്കുന്നത്. രാജ്യത്തെ ജനതയുടെ ആരോഗ്യത്തിന് മുന്‍തൂക്കം നല്‍കാതെ മുന്നോട്ട് പോകാന്‍ ഒരു രാഷ്ട്രത്തിനും കഴിയില്ല. നിര്‍ഭാഗ്യവശാല്‍ ഇന്ത്യന്‍ ഭരണകൂടം ആരോഗ്യ മേഖലയെയും ലക്ഷക്കണക്കിന് രോഗികളെയും ബോധപൂര്‍വം വിസ്മരിക്കുകയും അവഗണിക്കുകയുമാണ്.

Latest