National
ഐ എം എഫില്‍ നിന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടറെ പിന്‍വലിച്ച് ഇന്ത്യ; നടപടി കാലാവധി ആറുമാസം ശേഷിക്കെ
രാജ്യത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യത്തെയാണ് പിന്‍വലിച്ചത്.

ന്യൂഡല്‍ഹി | അന്താരാഷ്ട്ര നാണയ നിധി (ഐ എം എഫ്) യില്‍ നിന്ന് ഉന്നതോദ്യോഗസ്ഥനെ പിന്‍വലിച്ച് ഇന്ത്യ. രാജ്യത്തിന്റെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യത്തെയാണ് പിന്‍വലിച്ചത്. പദവിയില്‍ ആറ് മാസം കാലാവധി ശേഷിക്കെയാണ് സര്‍ക്കാര്‍ നടപടി സ്വീകരിച്ചത്. ഈ മാസം ഒമ്പതിന്, പാകിസ്ഥാനുള്ള സാമ്പത്തിക സഹായം അവലോകനം ചെയ്യാനുള്ള ഐ എം എഫ് ബോര്‍ഡ് യോഗം ചേരാനിരിക്കേയാണ് നടപടി.
2018 മുതല്‍ 2021 വരെ ഇന്ത്യയുടെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവായി സേനവമനുഷ്ഠിച്ചിട്ടുള്ള ഡോ. കെ സുബ്രഹ്മണ്യനെ 2022 ആഗസ്റ്റിലാണ് ഐ എം എഫ് എക്‌സിക്യൂട്ടീവ് ഡയറക്ടറായി സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്തത്. 2022 നവംബര്‍ ഒന്നിനാണ് അദ്ദേഹം സ്ഥാനമേറ്റത്. ഈ വര്‍ഷം നവംബറില്‍ കാലാവധി തീരാനിരിക്കുകയായിരുന്നു.
ഐ എം എഫിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ മെയ് രണ്ടു വരെ കൃഷ്ണമൂര്‍ത്തി സുബ്രഹ്മണ്യന്റെ പേര് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ പട്ടികയില്‍ ഉണ്ടായിരുന്നു. മെയ് മൂന്ന് മുതല്‍ ഇന്ത്യക്കു പുറമെ ബംഗ്ലാദേശ്, ഭൂട്ടാന്‍, ശ്രീലങ്ക എന്നീ രാജ്യങ്ങളുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍മാരുടെ പേരുകളും പട്ടികയില്‍ ഇല്ല.