National
അമേരിക്കന്‍ ഭീഷണി തള്ളി ഇന്ത്യ റഷ്യയുമായുള്ള ബന്ധം ശക്തമാക്കുന്നു
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യന്‍ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവുമായി കൂടിക്കാഴ്ച നടത്തി

മോസ്‌കോ | റഷ്യയില്‍ നിന്ന് എണ്ണ വാങ്ങുന്നതിന്റെ പേരില്‍ ഇന്ത്യക്കെതിരെ അമേരിക്ക പ്രതികാരച്ചുങ്കം ചുമത്തിയതിന് പിന്നാലെ റഷ്യയുമായുള്ള ബന്ധം സുദൃഢമാക്കുന്നതിനുള്ള നീക്കങ്ങളുമായി ഇന്ത്യ. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ റഷ്യന്‍ ഉപപ്രധാനമന്ത്രി ഡെനിസ് മാന്റുറോവുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രതിരോധ, തന്ത്രപ്രധാനമായ സഹകരണമാണ് കൂടിക്കാഴ്ചയില്‍ പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് റഷ്യന്‍ എംബസി അറിയിച്ചു.
ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ലാദിമിര്‍ പുടിനും ഫോണില്‍ സംസാരിക്കുകയും വ്യാപാരം, സാമ്പത്തികം, നിക്ഷേപം തുടങ്ങിയ മേഖലയിലെ സഹകരണം സംബന്ധിച്ചു ചര്‍ച്ച ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് അജിത് ഡോവല്‍-ഡെനിസ് മാന്റുറോവ് കൂടിക്കാഴ്ച നടന്നത്. സൈനിക സാങ്കേതിക രംഗങ്ങളിലെ സഹകരണം, വിമാനങ്ങളുടെ നിര്‍മ്മാണം, രാസ വ്യവസായം, ഇരുമ്പ് ഉരുക്ക് നിര്‍മ്മാണം തുടങ്ങിയ വിവിധ മേഖകളിലെ സഹകരണം എന്നിവ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി.മാന്റുറോവുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഒരു ദിവസം മുമ്പ്, അജിത് ഡോവല്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായും റഷ്യന്‍ സുരക്ഷാ കൗണ്‍സില്‍ സെക്രട്ടറി സെര്‍ജി ഷോയിഗുമായും ചര്‍ച്ച നടത്തി. വിശദമായ ഫലപ്രദമായ ചര്‍ച്ച എന്നാണ് ഇതുസംബന്ധിച്ചു മോദിയുടെ പ്രതികരണം.
യുക്രെയ്‌നിലെ ഏറ്റവും പുതിയ സംഭവ വികാസങ്ങള്‍ പുടിന്‍ പങ്കുവെച്ചു. ഉഭയകക്ഷി അജണ്ടയിലെ പുരോഗതി അവലോകനം ചെയ്തു. തന്ത്രപരമായ പങ്കാളിത്തം കൂടുതല്‍ ശക്തിപ്പെടുത്താനുള്ള പ്രതിബദ്ധത റഷ്യയും ഇന്ത്യയും ആവര്‍ത്തിച്ച് ഉറപ്പിച്ചു. ഈ വര്‍ഷം അവസാനം നടക്കുന്ന 23-ാമത് ഇന്ത്യ-റഷ്യ വാര്‍ഷിക ഉച്ചകോടിക്കായി ഇന്ത്യയിലേക്ക് വരാന്‍ മോദി പുടിനെ ക്ഷണിച്ചു.