International
ഇന്ത്യ-ചൈന ബന്ധം; വീണ്ടും നിലപാട് മാറ്റി ട്രംപ്
നരേന്ദ്ര മോദി മഹാനായ നേതാവും സുഹൃത്തുമാണെന്നും തനിക്ക് മോദിയുമായി നല്ല ബന്ധമാണെന്നുമാണ് ട്രംപ് നിലപാടു തിരുത്തിയത്

വാഷിംഗ്ടണ്‍ | ഇന്ത്യ ചൈനയുമായി അടുക്കുന്ന സാഹചര്യത്തില്‍ വീണ്ടും നിലപാട് മാറ്റി ട്രംപ്. ഇന്ത്യ ചൈനീസ് പക്ഷത്തായെന്ന് കരുതുന്നില്ലെന്നും നരേന്ദ്ര മോദി മഹാനായ നേതാവും സുഹൃത്തുമാണെന്നും തനിക്ക് മോദിയുമായി നല്ല ബന്ധമാണെന്നുമാണ് ട്രംപ് നിലപാടു തിരുത്തിയത്.
ഇന്നലെ ട്രൂത്ത് സോഷ്യലില്‍ പങ്കുവെച്ച കുറിപ്പില്‍ ഇന്ത്യ ‘ഇരുണ്ട ദുരൂഹ’ ചൈനയുടെ പക്ഷത്തെത്തി എന്ന് ട്രംപ് ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ നിലപാടാണ് മാറ്റിയ ട്രംപ് ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നതിലാണ് എതിര്‍പ്പെന്നും മാറ്റിപ്പറഞ്ഞു. ഇന്ത്യയുമായുള്ള പ്രശ്‌നം പരിഹരിക്കും എന്നാണ് വിശ്വാസമെന്ന് ട്രംപ് പറയുമ്പോള്‍ ഇന്ത്യ സത്യം അഭിമുഖീകരിക്കാന്‍ തയ്യാറല്ലെന്ന് ട്രംപിന്റെ ഉപദേഷ്ടാവ് പീറ്റര്‍ നവാറോ പറഞ്ഞു. ഇന്ത്യ റഷ്യന്‍ എണ്ണ വാങ്ങുന്നത് ലാഭം ഉണ്ടാക്കാന്‍ തന്നെയാണെന്ന നവാറോയുടെ പ്രസ്താവന ഇന്ത്യ ഇന്നലെ തള്ളിയിരുന്നു.
ഇന്ത്യയും റഷ്യയും ‘കൂടുതല്‍ ഇരുണ്ട’ ചൈനയിലേക്ക് പോയെന്ന ട്രംപിന്റെ പ്രസ്താവന വാഷിംഗ്ടണും ന്യൂഡല്‍ഹിയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായെന്ന സൂചനയാണ് നല്‍കിയത്.
ചൈനയിലെ ടിയാന്‍ജിനില്‍ നടന്ന ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ (എസ്‌സിഒ) ഉച്ചകോടിയില്‍ മൂന്ന് രാജ്യങ്ങളുടെയും നേതാക്കള്‍ ഒരുമിച്ച് നില്‍ക്കുന്ന ചിത്രം പങ്കുവെച്ചാണ് ട്രംപിന്റെ പരിഹാസ പോസ്റ്റ് വന്നത്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് ആതിഥേയത്വം വഹിച്ച ടിയാന്‍ജിന്‍ എസ് സി ഒ ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും ഉള്‍പ്പെടെ നിരവധി ലോക നേതാക്കള്‍ പങ്കെടുത്തിരുന്നു. മൂന്ന് നേതാക്കളുടെയും ഐക്യ പ്രഖ്യാപനത്തോടെ താരിഫ് യുദ്ധം പ്രഖ്യാപിച്ച ട്രംപ് നടുങ്ങിയിരിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവനയും തുടര്‍ന്നുള്ള തിരുത്തലും വ്യക്തമാക്കുന്നത്.