Connect with us

amartya sen

അമൃത്യാസെന്‍ പോലും ഭയക്കുന്നുവെങ്കില്‍?

വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഏറെയും ഈ ആപത്ഘട്ടത്തില്‍ ഭരണകൂടത്തിനു മുമ്പില്‍ നിസ്സഹായാവസ്ഥയില്‍ പരാജയപ്പെട്ട് നില്‍ക്കുമ്പോള്‍ കോര്‍പറേറ്റ് വര്‍ഗീയ ഭരണകൂടത്തിനെതിരെ ഉറച്ച നിലപാടുതറകളില്‍ നിന്നുള്ള എതിര്‍പ്പിന്റെ സ്വരമുയരുന്നത് അമൃത്യാസെന്‍, രാമചന്ദ്ര ഗുഹ, അരുന്ധതി റോയ് തുടങ്ങിയ സാംസ്‌കാരിക ബുദ്ധിജീവി നിരകളില്‍ നിന്നാണ്. അത് ആശ്വാസത്തിന് വകനല്‍കുന്നതായി ഇപ്പോഴും അവശേഷിക്കുന്നു.

Published

|

Last Updated

കൊല്‍ക്കത്തയില്‍ സാള്‍ട്ട്‌ലേക്ക് മേഖലയില്‍ നടന്ന ഒരു റിസര്‍ച്ച് സെന്റര്‍ ഉദ്ഘാടന വേളയില്‍ ലോകപ്രശസ്തചിന്തകനും ഇന്ത്യയില്‍ നിന്നുള്ള നൊബേല്‍ സമ്മാന ജേതാക്കളില്‍ ഒരാളുമായ അമൃത്യാസെന്‍ വെട്ടിത്തുറന്നു പറഞ്ഞ ഒരു കാര്യമുണ്ട്. “രാജ്യം വലിയ തകര്‍ച്ച നേരിടുകയാണെന്നും ഇന്ത്യയില്‍ ഭയം ജനത്തെ പിടികൂടിയിരിക്കുകയാണെന്നുമായിരുന്നു’ ശ്രദ്ധേയമായ ആ പ്രസ്താവന. ഒരു പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവില്‍ നിന്നല്ല ഇങ്ങനെയൊരു പ്രസ്താവന വരുന്നത്. ഇന്ത്യയില്‍ മാത്രമല്ല ലോകത്തിന്റെ തന്നെ ആദരവും ശ്രദ്ധയും പിടിച്ചു പറ്റിയ സാമ്പത്തിക ശാസ്ത്രജ്ഞനില്‍ നിന്ന് പോലും സ്വന്തം രാജ്യത്ത് നടക്കുന്ന ഭീതിദമായ അന്തരീക്ഷത്തെ കുറിച്ച് പുറത്തുവന്ന അഭിപ്രായത്തെ അത്ര ലാഘവത്തോടെ തള്ളിക്കളയാനാകുമോ? ഭരണം കൈയാളുന്നവര്‍ക്ക് അതിനായേക്കും. കാരണം തകര്‍ച്ചയും ഭയവും ഉത്പാദിക്കുന്നതില്‍ മുന്‍പന്തിയില്‍ അവര്‍ തന്നെയാണല്ലോ?

അമൃത്യാസെന്‍ പറഞ്ഞതിന് തെളിവായി അദ്ദേഹം ഉദ്ധരിക്കുന്നത് ഭരണാധികാരികള്‍ ഇന്ത്യയിലെ ജനങ്ങള്‍ക്കിടയില്‍ സൃഷ്ടിക്കുന്ന, മനസ്സുകളെ വിഭജിച്ചു നിര്‍ത്തുന്നതില്‍ നേടുന്ന വിജയത്തെ കുറിച്ചാണ്. അവരുടെ ആ വിജയമാണ് ലോകത്തിനു മുമ്പില്‍ ഇന്ത്യ പരാജയപ്പെടാനും നാണംകെടാനും കാരണമാകുന്നത്. ന്യൂനപക്ഷങ്ങളെയും ദളിതരടക്കമുള്ള പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തെയാകെയും അരക്ഷിതാവസ്ഥയില്‍ നിര്‍ത്തുകയും അതുവഴി അവരെ ഭയപ്പെടുത്തി അവരിലെ പ്രതികരണശേഷിയെയും ആത്മവിശ്വാസത്തെയും തകര്‍ക്കുകയും ചെയ്യുക എന്ന തന്ത്രത്തിന്റെ പരീക്ഷണ ശാലകളാണ് ഇന്ത്യയിലെ പ്രധാനപ്പെട്ട സംസ്ഥാനങ്ങളെല്ലാം.

യു പിയിലും ഗുജറാത്തിലും തലസ്ഥാന നഗരിയായ ഡല്‍ഹിയിലുമടക്കം എത്ര വിദഗ്ധമായാണ് ഇത് നടപ്പാക്കി കൊണ്ടിരിക്കുന്നത്? നൂപുര്‍ ശര്‍മ നടത്തിയ പ്രവാചകവിരുദ്ധ പരാമര്‍ശത്തിനെതിരെ പ്രതിഷേധിച്ചവരെ മാത്രമല്ല, പ്രതിഷേധത്തിന് കൂട്ടുനിന്നു എന്ന കാരണമുണ്ടാക്കി പോലും ഒരു പ്രത്യേക സമുദായത്തില്‍പെട്ടവരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നത് ഇന്ത്യയുടെ പ്രധാന ടെലിവിഷന്‍ ചാനലുകളിലൂടെ പ്രദര്‍ശിപ്പിച്ചതില്‍ പോലും ഭയപ്പെടുത്തലിന്റെ പ്രത്യക്ഷ രാഷ്ട്രീയമുണ്ടെന്ന് കരുതണം.

യു എന്‍ അടക്കമുള്ള ലോക സംഘടനകളും ഗള്‍ഫ് നാടുകളിലെ ഏതാണ്ടെല്ലാ ഭരണാധികാരികളും ഇന്ത്യന്‍ ഭരണകൂടത്തിന്റെ വര്‍ഗീയതയെയും വംശീയതയെയും ശക്തമായി അപലപിക്കുന്ന സാഹചര്യം പോലും സംജാതമായി. മുഖം മിനുക്കാന്‍ വേണ്ടിയെന്നോണം ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് ചില ക്ഷമാപണങ്ങള്‍ ഉണ്ടാകുകയും ചെയ്തു. പക്ഷേ, ആ സമയത്തും ദക്ഷിണേന്ത്യയൊഴികെയുള്ള പല സംസ്ഥാനങ്ങളിലും ബുള്‍ഡോസര്‍രാജടക്കമുള്ള പ്രതികാര നടപടികള്‍ക്ക് അറുതിയൊന്നും സംഭവിച്ചതുമില്ല.

പ്രവാചകവിരുദ്ധ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മ പരസ്യമായി മാപ്പ് പറയണമെന്ന് സുപ്രീം കോടതിയില്‍ നിന്നൊക്കെ കടുത്ത പരാമര്‍ശങ്ങള്‍ വരുമ്പോള്‍ ഇന്ത്യന്‍ മതേതരത്വത്തെ അത്ര എളുപ്പത്തില്‍ തകര്‍ക്കപ്പെടാന്‍ കഴിയില്ലെന്നൊക്കെ നമ്മള്‍ ചിന്തിച്ചു പോകും. പക്ഷേ, ജുഡീഷ്യറിയില്‍ നിന്ന് ഇന്നത്തെ നിലയില്‍ അപ്രതീക്ഷിതമായ ചില പരാമര്‍ശങ്ങളൊക്കെ ഇടക്ക് വരുന്നുവെങ്കിലും അതിന്റെ പ്രയോഗവത്കരണം നടക്കുന്നില്ലെന്നതും കാണാതിരുന്നു കൂടാ. കാരണം പ്രമാദമായ വര്‍ഗീയവും വംശീയവുമായ കൂട്ടക്കൊലകള്‍ക്ക് നേതൃത്വം കൊടുത്തുവെന്ന് ജനം വിശ്വസിക്കുന്ന പ്രധാനികള്‍ക്കെല്ലാം ക്ലീന്‍ചിറ്റ് നല്‍കുന്നതും ഇതേ ഭരണഘടനാ സ്ഥാപനങ്ങള്‍ തന്നെയാണെന്ന സത്യവും നിലനില്‍ക്കുന്നു. പൊതുവെ ഭയപ്പെട്ട് ജീവിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങളില്‍ അവരുടെ ഭയപ്പാട് വര്‍ധിപ്പിക്കാന്‍ ഏറ്റവും വലിയ ആയുധമാകുകയാണ് ഇത്തരം ക്ലീന്‍ചിറ്റുകള്‍.

സത്യത്തില്‍ ഇന്ത്യയില്‍ ഇങ്ങനെയൊരു ഭീതിദമായ അരക്ഷിതാവസ്ഥ വളര്‍ന്നുവന്നതില്‍, അല്ലെങ്കില്‍ വളര്‍ത്തി എടുത്തതില്‍ ആരെയാണ് പ്രതിക്കൂട്ടില്‍ നിര്‍ത്തേണ്ടത്? ആര്‍ എസ് എസ് ഉള്‍പ്പെടുന്ന തീവ്ര സംഘ്പരിവാര്‍ ഹൈന്ദവ പ്രസ്ഥാനങ്ങളെ മാത്രമാണോ? പരിശോധിക്കേണ്ട ഒന്നാണത്. അവരുടെ ആഗ്രഹങ്ങളും ഇംഗിതങ്ങളും ആ സംഘടനകളുടെയൊക്കെ രൂപവത്കരണ കാലം മുതലേ ഇന്ത്യയെ ഒരു ഏകമത കേന്ദ്രീകൃതമായ രാഷ്ട്രമാക്കി മാറ്റുക എന്നതു തന്നെയായിരുന്നു. പക്ഷേ, അതൊന്നും അത്ര എളുപ്പത്തില്‍ നടത്തിയെടുക്കാന്‍ സാധിക്കാത്ത തരത്തിലുള്ള ഒരു മതേതര ചട്ടക്കൂട് അടുത്ത കാലം വരെ ഇന്ത്യാ മഹാരാജ്യത്തിനുണ്ടായിരുന്നു. രാഷ്ട്രം ആര്‍ജിച്ചെടുത്ത മഹത്തായ ജനാധിപത്യ പ്രതിരോധം തന്നെയായിരുന്നു അത്. സംവാദങ്ങള്‍ക്കും സഹവര്‍ത്തിത്വങ്ങള്‍ക്കും വലിയ സ്വീകാര്യത അന്ന് രാജ്യത്ത് നിലനിന്നിരുന്നു. പിന്നീട് എവിടെ വെച്ചാണ് അതിന് വിള്ളല്‍ ഏറ്റുതുടങ്ങിയത്? ഇപ്പോഴും അത് വേണ്ടത്ര ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നതല്ലേ ശരി? മറ്റെന്തു കുറവുകളുണ്ടായിരുന്നെങ്കിലും ഇന്ത്യയില്‍ ദീര്‍ഘ കാലം ഭരണം കൈയാളിയ ദേശീയ പാര്‍ട്ടിക്കും അവരെ പിന്തുണച്ചിരുന്നവരും അല്ലാത്തവരുമായ ഏതാണ്ടെല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ക്കും തീവ്ര വര്‍ഗീയതയെ ചെറുക്കാനുള്ള ജനാധിപത്യ പ്രതിരോധ കാഴ്ചപ്പാട് കൂട്ടിനുണ്ടായിരുന്നു. അത് ക്രമേണ പൊളിച്ചടുക്കി അവരെയൊക്കെ മൃദു ഹിന്ദുത്വത്തിലേക്ക് (ഭൂരിപക്ഷ വര്‍ഗീയതയോട് രാജിയാകുന്ന തരത്തില്‍) അടുപ്പിച്ചു നിര്‍ത്താന്‍ സവര്‍ണ വര്‍ഗീയ ഫാസിസ്റ്റ് പക്ഷക്കാര്‍ക്ക് കഴിഞ്ഞു എന്നതാണ് ഈ ഭയപ്പാടുകള്‍ക്കും അരക്ഷിതാവസ്ഥക്കും ഇത്ര എളുപ്പത്തില്‍ ചുവടുറപ്പിക്കാനായതിന് പിന്നിലെ പ്രധാന കാരണം. മറ്റൊന്ന് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ കരുത്തായിരുന്ന ഫോര്‍ത്ത് എസ്റ്റേറ്റ് എന്ന മാധ്യമ കെട്ടുറപ്പിനെ വിലക്കെടുക്കാൻ തീവ്ര വര്‍ഗീയ പക്ഷക്കാര്‍ക്ക് അവര്‍ ഉദ്ദേശിച്ചതിലും എളുപ്പത്തില്‍ കഴിഞ്ഞു എന്നതാണ്. വംശീയ വികാരങ്ങളിലൂടെ ഭയപ്പെടുത്തി ഒരു വിഭാഗത്തെ എന്നും രാജ്യദ്രോഹ പട്ടികയില്‍ കുരുക്കിയിട്ട് പ്രചാരണം കൊഴുപ്പിക്കുന്നതില്‍ വന്‍കിട മീഡിയകളില്‍ നിന്ന് ഭരണകൂടത്തിന് ലഭിച്ചു കൊണ്ടിരിക്കുന്ന പിന്തുണ കുറച്ചൊന്നുമല്ലെന്നോര്‍ക്കണം.
അതൊക്കെ അവസരത്തിനൊത്ത് അരങ്ങേറുമ്പോഴും ജനാധിപത്യ, മതേതര ചിന്തക്ക് പിടിച്ചു നില്‍ക്കാനുള്ള കച്ചിത്തുരുമ്പും അവസാനത്തെ അഭയമായി പ്രതീക്ഷയര്‍പ്പിക്കാനുള്ള ഇടവും പരമോന്നത നീതിപീഠങ്ങള്‍ മാത്രമാണ്. “പക്ഷേ’ എന്നൊരാശങ്ക കോടതി വിഷയത്തിലും ജനാധിപത്യ വിശ്വാസികളുടെ ഉള്ളില്‍ പടര്‍ന്നു കയറിത്തുടങ്ങിയിട്ടുണ്ട് എന്നിടത്താണ് അമൃത്യാസെന്നിനെ പ്പോലെയുള്ള നിര്‍ഭയരായ ആദരണീയ ചിന്തകരില്‍ നിന്നുണ്ടാകുന്ന ആശങ്കകള്‍ നാം പങ്കുവെക്കേണ്ടത്.

വ്യവസ്ഥാപിത രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ ഏറെയും ഈ ആപത്ഘട്ടത്തില്‍ ഭരണകൂടത്തിനു മുമ്പില്‍ നിസ്സഹായാവസ്ഥയില്‍ പരാജയപ്പെട്ട് നില്‍ക്കുമ്പോള്‍ കോര്‍പറേറ്റ് വര്‍ഗീയ ഭരണകൂടത്തിനെതിരെ ഉറച്ച നിലപാടുതറകളില്‍ നിന്നുള്ള എതിര്‍പ്പിന്റെ സ്വരമുയരുന്നത് അമൃത്യാസെന്‍, രാമചന്ദ്ര ഗുഹ, അരുന്ധതി റോയ് തുടങ്ങിയ സാംസ്‌കാരിക ബുദ്ധിജീവി നിരകളില്‍ നിന്നാണ്. അത് ആശ്വാസത്തിന് വകനല്‍കുന്നതായി ഇപ്പോഴും അവശേഷിക്കുന്നു.

---- facebook comment plugin here -----

Latest