Ongoing News
ഐ സി സി ഏകദിന റാങ്കിങ്; മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആദ്യ പത്തില്‍
ശുഭ്മാന്‍ ഗില്‍, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരാണ് ആദ്യ പത്തിലുള്ളത്.

ദുബൈ | ഏകദിന ക്രിക്കറ്റ് റാങ്കിങില്‍ മൂന്ന് ഇന്ത്യന്‍ താരങ്ങള്‍ ആദ്യ പത്തില്‍. ശുഭ്മാന്‍ ഗില്‍, വിരാട് കോലി, രോഹിത് ശര്‍മ എന്നിവരാണ് ആദ്യ പത്തിലുള്ളത്. ആറാം സ്ഥാനത്താണ് ഗില്‍ (734 പോയിന്റ്) ഉള്ളത്. 727 പോയിന്റോടെ വിരാട് കോലി ഏഴാമതുണ്ട്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ (719) ഒമ്പതാം സ്ഥാനത്താണ്.
പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമാണ് ഏകദിന റാങ്കിങില്‍ ഒന്നാമത്. 887 റേറ്റിംഗ് പോയിന്റാണ് താരത്തിനുള്ളത്. ദക്ഷിണാഫ്രിക്കക്കെതിരായ മികച്ച പ്രകടനത്തിലൂടെ മൂന്ന് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി ഇംഗ്ലണ്ട് ഓപ്പണര്‍ ജേസണ്‍ റോയ് 15ാം റാങ്കിലെത്തി. റോയ് ആദ്യ ഏകദിനത്തില്‍ 91 പന്തില്‍ നിന്ന് 113 റണ്‍സെടുത്തിരുന്നു.
ന്യൂസിലന്‍ഡ് നായകന്‍ കെയിന്‍ വില്യംസണ്‍ ആദ്യ പത്തില്‍ തിരിച്ചെത്തിയതും ശ്രദ്ധേയമായി. ആദ്യ പത്തിലെ മറ്റ് റാങ്കിങുകളില്‍ മാറ്റമില്ല. ദക്ഷിണാഫ്രിക്കന്‍ താരം റാസി വാന്‍ ഡര്‍ ഡസ്സന്‍ (795) ആണ് രണ്ടാമതുള്ളത്. സഹതാരം ക്വിന്റണ്‍ ഡി കോക്ക് (750) മൂന്നാമതും യഥാക്രമം ഡേവിഡ് വാര്‍ണര്‍ (747), ഇമാം ഉള്‍ ഹഖ് (740) എന്നിവര്‍ നാലും അഞ്ചും സ്ഥാനത്തുമാണ്. ആസ്‌ത്രേലിയന്‍ താരം സ്റ്റീവന്‍ സ്മിത്ത് (719) എട്ടാമതുണ്ട്. വില്യംസണ്‍ (700) പത്താം സ്ഥാനത്തും തുടരുന്നു.