National
ഉത്തരാഖണ്ഡില്‍ ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ കാറിനു മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് വീണു; യാത്രക്കാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
വാഹനത്തില്‍ ഡ്രൈവറടക്കം രണ്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്. സാരമായ പരുക്കേറ്റ ഇരുവരെയും അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.

ന്യൂഡല്‍ഹി| ഉത്തരാഖണ്ഡിലെ ഹല്‍ദ്വാനി പര്‍വത മേഖലയിലൂടെ കാറില്‍ യാത്ര ചെയ്യുകയായിരുന്ന ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥന്റെ വാഹനത്തിന് മുകളിലേക്ക് കൂറ്റന്‍ പാറക്കല്ല് വീണു. കല്ല് കാറിന്റെ മുന്‍ഭാഗം തകര്‍ത്തു. യാത്രക്കാര്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പാറക്കല്ല് വീണ് മുന്‍ഭാഗം തകര്‍ന്ന കാറിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഇന്നലെ രാവിലെ 8.30ഓടെ ഭുജിയാഗട്ടിലാണ് സംഭവം. നൈനിറ്റാള്‍ ഹൈക്കോടതിയില്‍ ആരോഗ്യ പരിശോധനാ കൗണ്ടര്‍ സ്ഥാപിക്കാന്‍ പോകുകയായിരുന്ന ഹെല്‍ത്ത് ഓഫീസറാണ് അപകടത്തില്‍പ്പെട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാവിലെ ഭുജിയഘട്ട് പര്‍വതനിരയിലൂടെ കാര്‍ കടന്നുപോകുമ്പോള്‍ ഒരു വലിയ പാറക്കല്ല് ഭൂപ്രദേശത്ത് നിന്ന് തെന്നിമാറി വാഹനത്തില്‍ പതിക്കുകയായിരുന്നു. വാഹനത്തിന്റെ മുഭാഗത്ത് വീണതിനാല്‍ വലിയ പരുക്കില്ലാതെ യാത്രക്കാര്‍ രക്ഷപ്പെട്ടു. വാഹനത്തില്‍ ഡ്രൈവറടക്കം രണ്ട് യാത്രക്കാരാണ് ഉണ്ടായിരുന്നത്. സാരമായ പരുക്കേറ്റ ഇരുവരെയും അടുത്തുള്ള ആശുപത്രിയിലെത്തിച്ചെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഈ സമയം പ്രദേശത്ത് കനത്ത മഴ പെയ്തിരുന്നു. ഈ വാഹനത്തിന്റെ പിന്നാലെയെത്തിയ മറ്റു യാത്രക്കാര്‍ പകര്‍ത്തിയ ദൃശ്യങ്ങളാണ് സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.