Uae
യു എ ഇ വിമാനത്താവളങ്ങളിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനവ്
ഈ വർഷം ആദ്യ പകുതിയിൽ 7.54 കോടി യാത്രക്കാർ

ദുബൈ|യു എ ഇ വിമാനത്താവളങ്ങളിൽ ഈ വർഷം ആദ്യ പകുതിയിൽ 7.54 കോടി യാത്രക്കാർ എത്തിയതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജി സി എ എ) അറിയിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിലെ 7.17 കോടി യാത്രക്കാരെ അപേക്ഷിച്ച് ഇത് അഞ്ച് ശതമാനം വർധനവാണ്. രാജ്യത്തിന്റെ വ്യോമയാന മേഖല ആഗോള വിപണികളുമായുള്ള ബന്ധം വികസിപ്പിക്കുന്നത് തുടരുമെന്ന് സാമ്പത്തിക മന്ത്രിയും ജി സി എ എ ചെയർമാനുമായ അബ്ദുല്ല ബിൻ തൂഖ് അൽ മർറി പറഞ്ഞു. വളരെ മികച്ചതും നൂതനവുമായ നിയന്ത്രണ ചട്ടക്കൂട്, തുറന്ന ആകാശ നയങ്ങൾ, അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ എന്നിവ ഈ വളർച്ചയെ പിന്തുണക്കുമെന്ന് അൽ മർറി പറഞ്ഞു. ഈ മേഖല രാജ്യത്തിന്റെ സാമ്പത്തിക വളർച്ചക്കും വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കുന്നതിനും വ്യാപാരം, ടൂറിസം, നിക്ഷേപം, തൊഴിലവസരങ്ങൾ എന്നിവയെ പിന്തുണക്കുന്നതിനും ഒരു പ്രധാന സ്തംഭമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഈ വർഷം ആദ്യ പകുതിയിലെ ജി സി എ എയുടെ പ്രകടന സൂചികകൾ അനുസരിച്ച്, വ്യോമഗതാഗത നീക്കങ്ങൾ 6.2 ശതമാനം വർധിച്ച് 5,31,000 ആയി. വ്യോമചരക്ക് നീക്കത്തിന്റെ അളവ് 4.74 ശതമാനം വർധിച്ച് 22 ലക്ഷം ടൺ കവിഞ്ഞതായും കണക്കുകൾ വ്യക്തമാക്കുന്നു.
അവധി കഴിഞ്ഞ് മടക്കം; ദുബൈ വിമാനത്താവളത്തിൽ 36 ലക്ഷം പേരെത്തും
ദുബൈ | സ്‌കൂൾ അവധിക്ക് ശേഷം മടങ്ങിയെത്തുന്ന യാത്രക്കാരുടെ തിരക്ക് കൈകാര്യം ചെയ്യാൻ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം (ഡി എക്‌സ് ബി) ഒരുങ്ങുന്നു. ഈ മാസം 15 മുതൽ 26 വരെ 36 ലക്ഷം യാത്രക്കാർ വിമാനത്താവളത്തിലൂടെ കടന്നുപോകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. പ്രതിദിനം ശരാശരി 2,90,000 യാത്രക്കാർ എത്തുമെന്നാണ് കണക്കാക്കുന്നത്.
ഈ മാസം 23, 24, 25 തീയതികളിലായിരിക്കും ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുക. ഈ ദിവസങ്ങളിൽ പ്രതിദിനം 3,20,000 യാത്രക്കാർ എത്താൻ സാധ്യതയുണ്ട്. യാത്രക്കാർക്ക് സുഗമമായ യാത്ര ഉറപ്പാക്കുന്നതിനായി വിമാനത്താവള അധികൃതർ നിരവധി നിർദേശങ്ങൾ പുറത്തിറക്കി. സ്മാർട്ട് ഗേറ്റുകൾ ഉപയോഗിക്കുക, ഫ്ലൈറ്റ് സ്റ്റാറ്റസ് പരിശോധിക്കുക, പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കുക എന്നിവയെല്ലാം ഇതിൽ ഉൾപ്പെടുന്നു. യാത്രക്കാർക്ക് വിമാനത്താവളത്തിൽ എത്താൻ ദുബൈ മെട്രോ, ടാക്‌സി, ബസ് തുടങ്ങിയ പൊതുഗതാഗത മാർഗങ്ങൾ ഉപയോഗിക്കാവുന്നതാണ്. വിമാനത്താവളത്തിൽ പാർക്കിംഗ് സൗകര്യങ്ങൾ പരിമിതമാണെന്നും അതിനാൽ സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കണമെന്നും അധികൃതർ അഭ്യർഥിച്ചു. യാത്രക്കാർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനായി വിമാനത്താവളത്തിലെ ജീവനക്കാരും സന്നദ്ധപ്രവർത്തകരും സജ്ജരായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കി.
---- facebook comment plugin here -----