Malappuram
ഹബ്ബ് ആൻഡ് സ്പോക്: പതിനായിരങ്ങളുടെ ആശ്വാസ ഹബ്ബ്
നവകേരളം കർമപദ്ധതിക്ക് കീഴിൽ ആർദ്രം രണ്ടാം ഘട്ടത്തിലുള്ള 10 പ്രധാന പദ്ധതികളിൽ ഒന്നാണിത്.
മലപ്പുറം | കുറഞ്ഞ ചെലവിൽ ഗുണമേന്മയുളള ചികിത്സ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ “നിർണയ’ ലാബ് നെറ്റ്‍വർക്കിംഗിന്റെ ഭാഗമായി ജില്ലയിൽ നടപ്പാക്കിയ “ഹബ്ബ് ആൻഡ് സ്പോക്’ ലാബ് നെറ്റ്്വർക്കിംഗ് പദ്ധതി പതിനായിരത്തിലേറെ ആളുകൾക്ക് ആശ്വാസമാകുന്നു.
നവകേരളം കർമപദ്ധതിക്ക് കീഴിൽ ആർദ്രം രണ്ടാം ഘട്ടത്തിലുള്ള 10 പ്രധാന പദ്ധതികളിൽ ഒന്നാണിത്. നിലമ്പൂർ ജില്ലാ ആശുപത്രി കേന്ദ്രീകരിച്ച് 2022ൽ ആരംഭിച്ച പദ്ധതിയുടെ പ്രവർത്തന മികവിന് ആരോഗ്യമേഖലയിലെ മികവിന് നൽകുന്ന “സ്‌കോച്ച്’ അവാർഡ് കരസ്ഥമായിട്ടുണ്ട്. കുടുംബാരോഗ്യ കേന്ദ്രങ്ങൾ, സി എച്ച് സി, എഫ് എച്ച് സി, താലൂക്ക് ആശുപത്രി എന്നിവിടങ്ങളിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ച് നിലമ്പൂർ ജില്ലാ ആശുപത്രിയിലെ ഹബ്ബിലെത്തിച്ച് പരിശോധിക്കും. തുടർന്ന് പരിശോധനാഫലം രോഗി സാമ്പിൾ നൽകിയ അതേ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ തന്നെ ലഭിക്കുന്ന രീതിയാണിത്. 1.8 കോടി രൂപ ജില്ലാ പഞ്ചായത്ത് വിഹിതവും 16 ലക്ഷം ആരോഗ്യ മിഷൻ ഫണ്ടും വിനിയോഗിച്ചാണ് ജില്ലാ ഹബ്ബ് ലാബ് സജ്ജീകരിച്ചത്. പദ്ധതിയിലൂടെ സീറോളജി, ക്ലിനിക്കൽ ബയോകെമിസ്ട്രി, ഹോർമോൺ പരിശോധനകൾ, മൈക്രോ ബയോളജി പരിശോധനകൾ, അർബുദ രോഗനിർണയ പരിശോധനകൾ തുടങ്ങിയ സങ്കീർണമായ
ലാബ് പരിശോധനകൾ കുറഞ്ഞ ചെലവിൽ പൊതുജനങ്ങളിലേക്ക് എത്തിക്കുന്നതാണ് പദ്ധതി.സാമ്പിളുകൾ കേടുകൂടാതെ കൃത്യസമയത്ത് ഹബ്ബ് ലാബിലെത്തിക്കുന്നതിനായി എൻ എച്ച് എമ്മിന്റെ നേതൃത്വത്തിൽ പ്രത്യേകം ബ്രാൻഡിംഗ് ചെയ്ത വാഹനങ്ങളും സാമ്പിൾ കലക്ഷൻ ബാഗുകളുമുണ്ട്.നിലമ്പൂർ ജില്ലാശുപത്രിക്ക് പുറമേ പെരിന്തൽമണ്ണ ജില്ലാ ആശുപത്രി, ജില്ലാ പബ്ലിക് ഹെൽത്ത് ലാബോറട്ടറി, മഞ്ചേരി മെഡിക്കൽ കോളജ് എന്നീ ആശുപത്രികളിലും ഹബ് ലബോറട്ടറി സംവിധാനം ഒരുക്കിയിട്ടുണ്ട്.



