Connect with us

Kerala

കേരളത്തിലെ ലോക്‌സഭാ സീറ്റുകള്‍ എങ്ങിനെ കാത്തു സൂക്ഷിക്കും? ചിന്തന്‍ ശിബിരത്തില്‍ കലണ്ടര്‍ പിറക്കുന്നു

ദേശീയ പ്രസ്ഥാനത്തിന്റെ വീറുറ്റ ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്തു നടക്കുന്ന കെ പി സി സി നവ സങ്കല്‍പ്പ് ചിന്തന്‍ ശിബിരത്തിന്റെ മുഖ്യ ലക്ഷ്യം കോണ്‍ഗ്രസിന്റെ ദേശീയ മുന്നേറ്റത്തില്‍ കേരളത്തിന്റെ ചുവടുറപ്പിക്കുകയാണ്.

Published

|

Last Updated

2024 ലെ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പിലും കേരളത്തിലെ സീറ്റുകള്‍ തൂത്തുവാരാനുള്ള കോണ്‍ഗ്രസിന്റെ തന്ത്രങ്ങള്‍ കോഴിക്കോട് നഗരത്തില്‍ പിറവിയെടുക്കുകയാണ്. ദേശീയ പ്രസ്ഥാനത്തിന്റെ വീറുറ്റ ചരിത്രമുറങ്ങുന്ന കോഴിക്കോട് കടപ്പുറത്തു നടക്കുന്ന കെ പി സി സി നവ സങ്കല്‍പ്പ് ചിന്തന്‍ ശിബിരത്തിന്റെ മുഖ്യ ലക്ഷ്യം കോണ്‍ഗ്രസിന്റെ ദേശീയ മുന്നേറ്റത്തില്‍ കേരളത്തിന്റെ ചുവടുറപ്പിക്കുകയാണ്. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് പാര്‍ട്ടിയെ പ്രവര്‍ത്തന സജ്ജമാക്കുന്നതിനായുള്ള കലണ്ടര്‍ ചിന്തന്‍ ശിബിരത്തില്‍ തയാറാക്കും. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ 20 ല്‍ 19 സീറ്റും യു ഡി എഫ് തൂത്തുവാരിയിരുന്നു. എല്‍ ഡി എഫ് വിജയം ആലപ്പുഴയിലെ ഒരു സീറ്റില്‍ ഒതുങ്ങി. ഈ തകര്‍പ്പന്‍ വിജയം 2024 ല്‍ ആവര്‍ത്തിക്കുന്നതിനുള്ള പദ്ധതികളാണ് ചിന്തന്‍ ശിബിരത്തില്‍ പിറക്കുക.

2019 ല്‍ രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാന്‍ എത്തിയതാണ് കേരളത്തില്‍ യു ഡി എഫ് തരംഗം ആഞ്ഞടിക്കാന്‍ കാരണമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നു. യു പി എ സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്നും രാഹുല്‍ ഗാന്ധി പ്രധാന മന്ത്രിയാവുമെന്നുമുള്ള വിശ്വാസം വോട്ടര്‍മാരില്‍ ഊട്ടിയുറപ്പിക്കാന്‍ യു ഡി എഫിനു കഴിഞ്ഞിരുന്നു. 2024ല്‍ രാഹുല്‍ ഗാന്ധി ആദ്യതവണ മത്സരിക്കാനെത്തിയതു പോലുള്ള വികാരം ആവര്‍ത്തിക്കാന്‍ കഴിയുമോ എന്ന ചോദ്യം പ്രധാനമാണ്. കേരളത്തില്‍ രാഷ്ട്രീയ സാഹചര്യം ആകെ മാറിയിരിക്കുന്നു. പിണറായി സര്‍ക്കാറിനെതിരെ സംഘടിത മുന്നേറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടും ഭരണത്തുടര്‍ച്ചയുണ്ടായ സാഹചര്യമാണ് മുന്നിലുള്ളത്.

രാഹുല്‍ ഗാന്ധി വയനാട്ടില്‍ തുടരുമോ എന്ന ചോദ്യവും പ്രധാനമാണ്. രാഹുല്‍ കേരളത്തില്‍ മത്സരിച്ചത് ബി ജെ പി രാജ്യവ്യാപകമായി പ്രചാരണത്തിനുപയോഗിച്ചിരുന്നു. രാഹുല്‍ ഹിന്ദി ബെല്‍ട്ടില്‍ നിന്നു തോറ്റോടി എന്ന പ്രതിച്ഛായ സൃഷ്ടിക്കാന്‍ ബി ജെ പിക്കു സാധിച്ചു. രാഹുല്‍ ഗാന്ധിയുടെ പരിപാടിയിലെ മുസ്‌ലിം ലീഗിന്റെ കൊടി പാക് പതാകയാണെന്ന തരത്തില്‍ ഉത്തരേന്ത്യയില്‍ വ്യാപകമായി പ്രചരിപ്പിച്ചു. രാഹുല്‍ ഗാന്ധി മൂന്നു തവണ പ്രതിനിധീകരിച്ച കോണ്‍ഗ്രസിന്റെ പരമ്പരാഗത മണ്ഡലമായ അമേത്തി കോണ്‍ഗ്രസിനു ദയനീയമായി കൈവിടേണ്ടിയും വന്നു. അടുത്ത തവണ സുരക്ഷിത മണ്ഡലം തേടി പ്രിയങ്കാ ഗാന്ധി വധേര കേരളത്തില്‍ വന്നേക്കാമെന്ന സംസാരം ചില കേന്ദ്രങ്ങളില്‍ ഉയരുന്നുണ്ട്.

അഞ്ച് സംസ്ഥാനങ്ങളിലെ ദയനീയ തിരഞ്ഞെടുപ്പ് തോല്‍വിക്ക് ശേഷം ഇന്ത്യയില്‍ 2024-ലെ പ്രതിപക്ഷ നേതൃത്വം ഏറ്റെടുക്കാന്‍ കോണ്‍ഗ്രസിന് സാധിക്കുമോയെന്ന ചോദ്യം ഉയര്‍ന്നിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് ലഭിച്ചിരുന്ന പരമ്പരാഗത പിന്തുണ ഇല്ലാതായി എന്നു വ്യക്തമായതോടെയാണ് ബി ജെ പി നീക്കങ്ങളെ മറികടക്കുന്നതിനുള്ള തന്ത്രങ്ങള്‍ കോണ്‍ഗ്രസ് ആവിഷ്‌കരിച്ചത്. നിലവില്‍ ദേശീയ വോട്ടിന്റെ 20 ശതമാനം കോണ്‍ഗ്രസ് നേടുന്നുണ്ട്. എന്നാല്‍, 264 ലോക്സഭാ സീറ്റുകളുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന്റെ പ്രസക്തി ചോദ്യംചെയ്യപ്പെട്ടു. 238 ലോക്സഭാ സീറ്റുകള്‍ ഉള്‍പ്പെടുന്ന കേരളമടക്കമുള്ള 11 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസിന് 32 ലോക്സഭാ സീറ്റുകളാണുള്ളത്. ഈ 32 നിലനിര്‍ത്തണമെങ്കില്‍ കേരളത്തിലെ 19 സീറ്റുകള്‍ കിട്ടിയേ തീരൂ.

ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാന്‍ ഇറങ്ങിയ പ്രിയങ്കാ ഗാന്ധിയുടെ തന്ത്രങ്ങള്‍ നിലവിലുണ്ടായിരുന്ന ഏഴു സീറ്റുകള്‍ രണ്ടായി ചുരുങ്ങുന്നതിലാണ് എത്തിയത്. 399 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസിന് 387 സീറ്റുകളില്‍ കെട്ടിവച്ച തുക നഷ്ടമായി. നേടിയതാകട്ടെ 2.5 ശതമാനം വോട്ടും. ഗോവ, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലെ സ്ഥിതിയും ദയനീയമാണ്. ഗോവയിലും മണിപ്പൂരിലും കോണ്‍ഗ്രസ് ഇല്ലാതായി. പഞ്ചാബും കോണ്‍ഗ്രസിനെ കൈവിട്ടു. മാറി മാറി ഭരണം പ്രതീക്ഷിച്ചിരുന്ന കേരളത്തില്‍ തുടര്‍ പരാജയത്തോടെ പാര്‍ട്ടിയെ നിലനിര്‍ത്തുക എന്നതു തന്നെ വലിയ വെല്ലുവിളിയായിത്തീര്‍ന്നിരിക്കുകയാണെന്നാണ് ചിന്തന്‍ ശിബിരത്തില്‍ പ്രസംഗിച്ച കെ സുധാകരനും രമേശ് ചെന്നിത്തലയും സൂചിപ്പിച്ചത്. 2024 ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് രൂപവത്കരിച്ച എട്ടംഗ കര്‍മസമിതിയുടെ നിര്‍ദേശ പ്രകാരം നടന്ന ദേശീയ ചിന്തന്‍ ശിബിരത്തിന്റെ മാതൃകയിലാണ് കേരളത്തിലും പരിപാടി സംഘടിപ്പിക്കുന്നത്.

കര്‍മസമിതിയിലും സോണിയാ ഗാന്ധി അധ്യക്ഷയായ എട്ടംഗ രാഷ്ട്രീയ കാര്യ സമിതിയിലും അംഗമായ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലാണ് കോഴിക്കോട് നടക്കുന്ന ചിന്തന്‍ ശിബരത്തില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളുടെ കടിഞ്ഞാണ്‍ പിടിക്കുന്നത്. രണ്ടു ദിവസത്തെ ചിന്തന്‍ ശിബിരം ഉദ്ഘാടനം ചെയ്തത് കെ സി വേണുഗോപാലാണ്. കെ കരുണാകരന്‍ നഗറില്‍ കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ പതാക ഉയര്‍ത്തിയോടെയാണ് ശിബിരം ആരംഭിച്ചത്. കേരളത്തിന്റെ ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും എ ഐ സി സി ജനറല്‍ സെക്രട്ടറിയുമായ ഉമ്മന്‍ ചാണ്ടി, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും പ്രവര്‍ത്തക സമിതി സ്ഥിരം ക്ഷണിതാവുമായ ദ്വിഗ്വിജയ് സിങ്, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ ഐ സി സി സെക്രട്ടറി വിശ്വനാഥ പെരുമാള്‍ എന്നിവരും സംബന്ധിക്കുന്നു. എം പിമാര്‍, എം എല്‍ എമാര്‍, കെ പി സി സി ഭാരവാഹികള്‍, ഡി സി സി പ്രസിഡന്റുമാര്‍, കെ പി സി സി എക്‌സിക്യൂട്ടീവ് അംഗങ്ങള്‍, പോഷക സംഘടനാ സംസ്ഥാന പ്രസിഡന്റുമാര്‍, ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ 191 പേരാണ് ശിബിരത്തില്‍ പങ്കെടുക്കുന്നത്.

 

സ്പെഷ്യൽ കറസ്പോണ്ടന്റ്, സിറാജ്‌ലെെവ്

Latest