Connect with us

Editors Pick

എങ്ങനെയാണ് പമുക്കലെ ഇത്ര സുന്ദരിയായത്‌?

പമുക്കലെ എന്നാൽ ടര്‍ക്കിഷ് ഭാഷയില്‍ "കോട്ടണ്‍ കൊട്ടാരം" എന്നാണ് അര്‍ത്ഥം.

Published

|

Last Updated

കുട്ടിക്കാലത്ത്‌ കലണ്ടറിലൊക്കെ കണ്ട ഒരു ചിത്രമില്ലേ, വെള്ള മണൽ വിരിച്ച്‌ തട്ടുതട്ടായി വെള്ളം നിറഞ്ഞ ഒരു ചിത്രം. അതെ തുർക്കിയയിലെ പമുക്കലെ ആണത്‌.എങ്ങും വെളുത്ത നിറം. ചെരുപ്പിട്ട് ചവിട്ടിയാല്‍ ചെളി പറ്റുമോ എന്ന് തോന്നിക്കുന്ന വിധം ശുദ്ധമായ മണല്‍ വിരിച്ച ഭൂമി.അതാണ്‌ പമുക്കലെയുടെ ചിത്രം കാണുന്ന ഏതൊരാൾക്കും മനസ്സിലേക്കെത്തുന്ന ചിന്തകൾ.പമുക്കലെ എന്നാൽ ടര്‍ക്കിഷ് ഭാഷയില്‍ “കോട്ടണ്‍ കൊട്ടാരം” എന്നാണ് അര്‍ത്ഥം. തെക്കുപടിഞ്ഞാറൻ തുർക്കിയിലെ ഡെനിസ്ലി പ്രവിശ്യയിലാണ്‌ ഈ മനോഹര സ്ഥലം സ്ഥിതിചെയ്യുന്നത്. എവിടെ നോക്കിയാലും പരന്നുകിടക്കുന്ന വെള്ളമണലും ചുടുനീരുറവകളുമെല്ലാം നിറഞ്ഞ ഈ പ്രദേശം സഞ്ചാരികളുടെ പറുദീസയാണ്‌. കാൽസ്യത്താൽ സമ്പുഷ്‌ടമായ വെളുത്ത ധാതുക്കളാണ്‌ പമുക്കലെയെ സുന്ദരിയാക്കുന്നത്‌.

പമുക്കലെയിലെ കാഴ്‌ചകൾ

പമുക്കലെ നാചുറല്‍ പാര്‍ക്ക്‌: പമുക്കലെയിലെ നാച്ചുറല്‍ പാര്‍ക്കാണ് കോട്ടണ്‍ കൊട്ടാരം എന്ന് അറിയപ്പെടുന്നത്. ചിത്രങ്ങളിലെല്ലാം കാണുന്നത്‌ ഈ പ്രദേശമാണ്‌. പതിനേഴോളം ചൂടുനീരുറവകൾക്കും ട്രാവെർട്ടൈൻ ടെറസുകളും ഉൾപ്പെടുന്നതാണ്‌ ഇവിടം. പുരാതന നഗരമായ ഹീരാപോളിസിന്റെ അവശിഷ്ടങ്ങളും ഇവിടെയുണ്ട്‌. യുനെസ്‌കോയുടെ പൈതൃക നഗര പദവിയും ഇതിനുണ്ട്‌.

ക്ലിയോപാട്രയുടെ കുളം: പമുക്കലെയിലെ പുരാതന കുളം ക്ലിയോപാട്രയുടെ കുളം എന്നും അറിയപ്പെടുന്നു. ട്രാവെർട്ടൈൻ ടെറസുകൾക്ക് സമീപമാണ് ഇത് സ്ഥിതിചെയ്യുന്നത്. എപ്പോഴും കുമിളകള്‍ ഉയര്‍ന്ന് ഷാംപെയ്ൻ പോലെ നുരയുന്ന ഇവിടുത്തെ വെള്ളത്തിനും ചൂടാണ്. കാൽസ്യം സമ്പുഷ്ടമായ വെള്ളം നിറഞ്ഞ ഈ കുളം സ്ഫടികസമാനമാണ്.

ഇവയ്‌ക്ക്‌ പുറമേ പമുക്കലെയിലെ ബലൂൺ സഫാരിയും ലോകപ്രശസ്‌തമാണ്‌. ഫെബ്രുവരി മുതൽ ഏപ്രിൽ വരെയുള്ള വസന്തകാലമാണ് പമുക്കലെ സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയം. ഈ മാസങ്ങളിൽ 15 ഡിഗ്രി സെൽഷ്യസ് മുതൽ 25 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില.മേയ് മുതൽ ഓഗസ്റ്റ് വരെ വേനൽക്കാലമാണ്‌. ആ സമയം ചൂട് 35 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ശീതകാലത്ത് താപനില 0 ഡിഗ്രി സെൽഷ്യസിൽ താഴെയാകും.

---- facebook comment plugin here -----

Latest