Connect with us

Kerala

മറവിരോഗം ബാധിച്ച കിടപ്പുരോഗിയെ നഗ്‌നനാക്കി ക്രൂരമായി മര്‍ദ്ദിച്ച ഹോം നഴ്സ് അറസ്റ്റില്‍

ബിഎസ്എഫില്‍ നിന്നും വിരമിച്ച ഇദ്ദേഹത്തെ പരിചരിക്കുന്നതിനായി, അടൂരിലെ ഒരു ഏജന്‍സി മുഖാന്തരം ഒന്നരമാസം മുമ്പാണ് വിഷ്ണുവിനെ നിയോഗിച്ചത്

Published

|

Last Updated

പത്തനംതിട്ട  |  അല്‍ഷിമേഴ്‌സ് ബാധിതനും കിടപ്പുരോഗിയുമായ വയോധികനെ ക്രൂരമായി മര്‍ദ്ദിച്ച് നഗ്‌നനാക്കി തറയിലൂടെ വലിച്ചിഴച്ച ഹോം നഴ്‌സിനെ കൊടുമണ്‍ പോലീസ് അറസ്റ്റ് ചെയ്തു.. കൊല്ലം വിളക്കുടി കുന്നിക്കോട് ഭാസ്‌കര വിലാസത്തില്‍ വിഷ്ണു(37) ആണ് അറസ്റ്റിലായത്. പന്തളം തെക്കേക്കര തട്ട പറപ്പെട്ടി സായി വീട്ടില്‍ (സന്തോഷ് ഭവനം )ശശിധരന്‍ പിള്ള (60)യാണ് ക്രൂരമര്‍ദ്ദനത്തിനിരയായത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് രോഗിയായ ഇദ്ദേഹത്തിന്, പരിചരിക്കാന്‍ നിര്‍ത്തിയ ഹോംനേഴ്‌സില്‍ നിന്നും മര്‍ദ്ദനമേറ്റത്.

മറവിരോഗത്താലും മറ്റം പ്രയാസം അനുഭവിക്കുന്ന ശശിധരന്‍ പിള്ള ഏഴ് വര്‍ഷമായി കിടപ്പിലാണ്. ബിഎസ്എഫില്‍ നിന്നും വിരമിച്ച ഇദ്ദേഹത്തെ പരിചരിക്കുന്നതിനായി, അടൂരിലെ ഒരു ഏജന്‍സി മുഖാന്തരം ഒന്നരമാസം മുമ്പാണ് വിഷ്ണുവിനെ നിയോഗിച്ചത്. തഞ്ചാവൂരില്‍ ഗവണ്‍മെന്റ് സര്‍വീസില്‍ അധ്യാപികയായ ഭാര്യ എം എസ് അനിത ഏര്‍പ്പെടുത്തിയ ഹോംനേഴ്‌സിനോട്, ഭര്‍ത്താവിനെ നല്ലവണ്ണം നോക്കണമെന്നും, വീട്ടില്‍ നിന്നും പുറത്തു പോയാല്‍ പെട്ടെന്ന് തിരിച്ചുവരണമെന്നും പറഞ്ഞതിലുള്ള വിരോധം കാരണമാണ് ഇയാള്‍ വയോധികനെ മര്‍ദ്ദിച് അവശനാക്കിയത്.

കിടപ്പുമുറിയില്‍ വച്ച് വടികൊണ്ട് മുഖത്ത് കുത്തിയതു കാരണം ഇടതു കണ്ണിനു താഴെ അസ്ഥിക്ക് പൊട്ടലുണ്ടായി.ബെല്‍റ്റ് കൊണ്ടുള്ള അടിയേറ്റ് ഇടതുമുട്ടിന് താഴെ മുറിവും, തറയില്‍ തള്ളിയിട്ടു വലിച്ചത് കാരണം മുതുകിന് ചതവും സംഭവിച്ചു. തുടര്‍ന്ന് ഇദ്ദേഹം അബോധാവസ്ഥയിലായി. പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ഐസുയുവില്‍ ചികിത്സയിലാണ്. ഏകമകള്‍ ആര്യ എം ബി ഏക്ക് ആലുവയില്‍ പഠിക്കുന്നു. 23 ന് 2 40 ഓടെ വീട്ടിലേക്ക് അനിത ഫോണ്‍ വിളിച്ചപ്പോള്‍ അസ്വഭാവികമായ ബഹളം കേട്ടു. തുടര്‍ന്ന് അയല്‍വാസിയെ വിളിച്ച് അറിയിച്ചു. അവര്‍ വീട്ടിലെത്തി നോക്കിയപ്പോള്‍ ശശിധരന്‍പിള്ളയുടെ മുഖത്തും ശരീരത്തിലും പാടുകള്‍ കണ്ടു കാര്യം തിരക്കി. തറയില്‍ വീണ് സംഭവിച്ചതാണെന്ന് വിഷ്ണു മറുപടി പറഞ്ഞു. വിവരമറിഞ്ഞെത്തിയ ബന്ധുക്കള്‍ വീട്ടിലെ സി സി ടി വി പരിശോധിച്ചപ്പോള്‍ വിഷ്ണു ശശിധരന്‍ പിള്ളയെ മര്‍ദ്ദിക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചു.ഉടന്‍ തന്നെ കൊടുമണ്‍ പോലിസില്‍ വിവരം അറിയിച്ചതു പ്രകാരം, പോലീസ് നടപടികള്‍ സ്വീകരിക്കുകയായിരുന്നു.

കുറ്റസമ്മതമൊഴിപ്രകാരം, വീടിന്റെ അടുക്കളയിലെ മുകളിലെ സ്ലാബില്‍ കൂട്ടിവെച്ച ചാക്കുകള്‍ക്കിടയില്‍ നിന്നും വടിയും ബെല്‍റ്റും പോലീസ് കണ്ടെടുത്തു. കൊടുമണ്‍ പോലീസ് ഇന്‍സ്പെക്ടര്‍ പി വിനോദിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പോലീസ് സംഘത്തില്‍ എസ് ഐ വിപിന്‍ കുമാര്‍, എസ് സി പിമാരായ കിരണ്‍ കുമാര്‍, തോമസ് എന്നിവരാണ് ഉണ്ടായിരുന്നത്.

 

Latest