Kerala
ഹേമചന്ദ്രന്റേത് ആത്മഹത്യ, വീണ്ടും പോസ്റ്റ്‌മോര്‍ട്ടം ചെയ്യണം; ഫേസ്ബുക്ക് വീഡിയോയുമായി ഒളിവില്‍ കഴിയുന്ന പ്രതി നൗഷാദ്
ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയപ്പോള്‍ മറവ് ചെയ്യുകയായിരുന്നു. സഊദിയില്‍ നിന്നും തിരികെ എത്തി പോലീസില്‍ കീഴടങ്ങുമെന്നും നൗഷാദ്

കോഴിക്കോട് | സുല്‍ത്താന്‍ ബത്തേരി സ്വദേശി ഹേമചന്ദ്രന്റെ കൊലപാതകത്തില്‍ ഫേസ്ബുക്ക് പോസ്റ്റുമായി പ്രതി നൗഷാദ്. ഹേമചന്ദ്രന്റേത് കൊലപാതകമല്ലെന്നും ആത്മഹത്യയാണെന്നും ഫേസ്ബുക്കില്‍ പ്രതി അവകാശപ്പെടുന്നു. ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയപ്പോള്‍ മറവ് ചെയ്യുകയായിരുന്നു. സഊദിയില്‍ നിന്നും തിരികെ എത്തി പോലീസില്‍ കീഴടങ്ങുമെന്നും നൗഷാദ് പറഞ്ഞു
ഹേമചന്ദ്രന്റേത് കൊലപാതകമല്ല . താന്‍ എങ്ങോട്ടും ഒളിച്ചോടിയിട്ടില്ല. രണ്ട് മാസത്തെ വിസിറ്റിങ് വിസയില്‍ സഊദിയില്‍ എത്തിയതാണ്. തിരികെ നാട്ടിലെത്തിയാല്‍ പോലീസില്‍ കീഴടങ്ങുമെന്നും പ്രതി ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോയില്‍ പറയുന്നു. തനിക്കും തന്റെ സുഹൃത്തുക്കള്‍ക്കും ഉള്‍പ്പെടെ ഹേമചന്ദ്രന്‍ പണം നല്‍കാന്‍ ഉണ്ട്. മുപ്പതോളം പേര്‍ക്ക് പണം കൊടുക്കാനുണ്ട് എന്ന് ഹേമചന്ദ്രന്‍ തന്നെ പറഞ്ഞിട്ടുണ്ടെന്നും പ്രതി നൗഷാദ് പറയുന്നു.
പലയിടങ്ങളില്‍ നിന്ന് പൈസ കിട്ടാന്‍ വേണ്ടി ഒരുമിച്ച് പോയതാണ്. കരാര്‍ തയ്യാറാക്കിയ ശേഷം ഹേമചന്ദ്രനെ വീട്ടിലേക്ക് അയച്ചതാണ്. ഇതുമായി ബന്ധപ്പെട്ട ലൊക്കേഷനും കാര്യങ്ങളും എല്ലാം പോലീസിന്റെ കൈവശമുണ്ട്. എന്നാല്‍ ഹേമചന്ദ്രന്‍ തിരിച്ചെത്തി മൈസൂരില്‍ നിന്ന് പൈസ കിട്ടാനുണ്ട് എന്ന് പറഞ്ഞു. ഒരു ദിവസം കൂടി വീട്ടില്‍ കിടക്കാന്‍ അനുവാദിക്കുകയും ഭക്ഷണം വാങ്ങി കൊടുക്കുകയും ചെയ്തിരുന്നു .രാവിലെയാണ് ഹേമചന്ദ്രനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഹേമചന്ദ്രന്‍ ആത്മഹത്യ ചെയ്യാന്‍ തന്നെ വന്നതാണ്. വീട്ടില്‍ ഒറ്റയ്ക്കായിരുന്നു ഹേമ ചന്ദ്രന്‍ താമസിച്ചത്. ആവശ്യമെങ്കില്‍ അയാള്‍ക്ക് പോകാമായിരുന്നു. രാവിലെ മൃതദേഹം കണ്ടപ്പോള്‍ എന്തു ചെയ്യണം എന്നറിയാതെ സുഹൃത്തുക്കളെ വിളിച്ചു. കുഴിച്ചിടുക അല്ലാതെ മറ്റു വഴിയില്ല എന്ന് അവര്‍ പറഞ്ഞു. അങ്ങനെയാണ് മൂന്നുപേരും ചേര്‍ന്ന് കുഴിച്ചിട്ടതെന്ന് നൗഷാദ് പറഞ്ഞു.ഹേമ ചന്ദ്രന്റെ മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന് നൗഷാദ് ആവശ്യപ്പെട്ടു.