Uae
മൃതദേഹം നാട്ടിലെത്തിക്കാൻ സഹായം; തട്ടിപ്പുകൾക്കെതിരെ ഇന്ത്യൻ കോൺസുലേറ്റ്
ചില ഏജന്റുമാർ ഉയർന്ന ഫീസ് ഈടാക്കുന്നുവെന്ന പരാതി ഉയർന്നിരുന്നു

ദുബൈ| മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്ക് അയക്കുന്നതിന് ഉയർന്ന തുക ഈടാക്കുന്ന തട്ടിപ്പുകാർക്കെതിരെ ദുബൈയിലെ ഇന്ത്യൻ കോൺസുലേറ്റ് മുന്നറിയിപ്പ് നൽകി. ഇത്തരം വ്യാജ ഏജന്റുമാരിൽ നിന്ന് ജാഗ്രത പാലിക്കണമെന്ന് കോൺസുലേറ്റ് ഇന്നലെ പുറത്തിറക്കിയ നോട്ടീസിൽ വ്യക്തമാക്കി. മരിച്ച വ്യക്തിക്ക് തൊഴിലുടമയോ സ്‌പോൺസറോ ഇല്ലെങ്കിലും, ഇൻഷ്വറൻസ് പോളിസി പ്രകാരം മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ചെലവുകൾ വഹിക്കുന്നില്ലെങ്കിലും ഇന്ത്യൻ കമ്യൂണിറ്റി വെൽഫെയർ ഫണ്ട് (ഐ സി ഡബ്ല്യു എഫ്) വഴി കോൺസുലേറ്റ് സഹായം നൽകുമെന്ന് അധികൃതർ അറിയിച്ചു. ഇതിൽ കുടുംബങ്ങൾ യാതൊരുവിധ പണവും മുടക്കേണ്ടതില്ലെന്ന് കോൺസുലേറ്റ് വ്യക്തമാക്കി.
മരിച്ച തൊഴിലാളിയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള എല്ലാ ചെലവുകളും തൊഴിലുടമ വഹിക്കണമെന്ന് യു എ ഇ ഫെഡറൽ നിയമം അനുശാസിക്കുന്നുണ്ട് എന്നും അറിയിപ്പ് തുടർന്ന് പറഞ്ഞു. മൃതദേഹം കൊണ്ടുപോകുന്നതിന് ചില ഏജന്റുമാർ കുടുംബങ്ങളിൽ നിന്ന് ഉയർന്ന തുക ഈടാക്കുന്നുവെന്ന പരാതികൾ ലഭിച്ചതിനെ തുടർന്നാണ് കോൺസുലേറ്റ് ഈ മുന്നറിയിപ്പ് നൽകിയത്. സമൂഹ മാധ്യമങ്ങളിൽ ഇത് സംബന്ധമായ ചൂടേറിയ ചർച്ചയാണ് കഴിഞ്ഞ ദിവസങ്ങളിലായി നടന്നത്. സാമൂഹിക പ്രവർത്തകരിൽ ചിലർ അമിതമായി പണം ഈടാക്കുന്നുവെന്ന പരാതിയാണുയർന്നത്. ഇതിനെതിരെ ഈ രംഗത്ത് സജീവമായി പ്രവർത്തിക്കുന്നവരും രംഗത്തെത്തി.
അതേസമയം, മരണപ്പെടുന്നവരുടെ മൃതദേഹം നാട്ടിലെത്തിക്കാൻ വിവിധ വ്യക്തികളും സന്നദ്ധ സംഘങ്ങൾ നിസ്വാർഥ സേവനങ്ങളാണ് നടത്തുന്നത്. അവർക്ക് കൂടി അപഖ്യാതി ഉണ്ടാക്കുന്ന തരത്തിൽ നടപടികൾ തങ്ങൾ പൂർത്തിയാക്കിത്തരാം എന്ന വാഗ്ദാനവുമായി ചിലർ എത്താറുണ്ട്. മരണപ്പെട്ടവരുടെ ബന്ധുക്കളെ വിളിച്ച് സമ്മർദത്തിലാക്കി ഇവർ രേഖകൾ കൈവശപ്പെടുത്തുന്നതായും പറയപ്പെടുന്നു. എന്നാൽ ഇത്തരം പ്രവർത്തനങ്ങളിൽ നിന്ന് എല്ലാവരും വിട്ടു നിൽക്കണമെന്നും മരണപ്പെടുന്നവയുടെ ഭൗതിക ശരീരം നാട്ടിലെത്തിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള ഏറ്റവും ചിലവ് കുറഞ്ഞ വഴി ഉണ്ടാക്കിക്കൊടുക്കുകയാണ് വേണ്ടതെന്നുമാണ് പ്രവാസികൾ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
കമ്മ്യൂണിറ്റി അസോസിയേഷനുകളെ സമീപിക്കാം
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഐ സി ഡബ്ല്യു എഫ് നൽകുന്ന സാമ്പത്തിക സഹായത്തിൽ മരണ സർട്ടിഫിക്കറ്റ്, എംബാമിംഗ്, പെട്ടി, പ്രാദേശിക ആംബുലൻസ്, വിമാന ടിക്കറ്റ് എന്നിവ ഉൾപ്പെടുന്നു. ഈ സഹായത്തോടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് യു എ ഇയിലെ കമ്മ്യൂണിറ്റി അസോസിയേഷനുകളെ സമീപിക്കാവുന്നതാണ്. അവർ സേവന ഫീസ് ഈടാക്കുന്നില്ല. എന്നിരുന്നാലും, ഇതല്ലാത്ത മറ്റു ചില സേവനങ്ങൾക്ക് നാമമാത്രമായ തുക ഈടാക്കാമെന്ന് കോൺസുലേറ്റ് അറിയിച്ചു.
ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ആഗോള ഫണ്ടായ ഐ സി ഡബ്ല്യു എഫ്, ഈ വർഷം മാർച്ച് വരെ ഏകദേശം 300 മില്യൺ ദിർഹം സമാഹരിച്ചതായാണ് റിപ്പോർട്ട്. പാസ്പോർട്ട്, കോൺസുലാർ, അറ്റസ്റ്റേഷൻ സേവനങ്ങളിൽ നിന്നുള്ള സർവീസ് ചാർജും ഇതിൽ ഉൾപ്പെടുന്നു. 2020നും 2024നും ഇടയിൽ യു എ ഇയിലെ 18,000-ൽ അധികം ഇന്ത്യൻ പ്രവാസികളെ ഈ ഫണ്ട് വഴി സഹായിച്ചിട്ടുണ്ട് എന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
സഹായത്തിന്
കോൺസുലേറ്റിന്റെ 24×7 ഹെൽപ്പ്്്ലൈൻ വഴി ആവശ്യമുള്ളവർക്ക് എപ്പോൾ വേണമെങ്കിലും പിന്തുണ ലഭിക്കും.
മൊബൈൽ / വാട്ട്സ്ആപ്പ്: +971507347676
പ്രവാസി ഭാരതീയ സഹായ കേന്ദ്രത്തിന് കീഴിലുള്ള ടോൾ ഫ്രീ നമ്പർ: 800 46342