Connect with us

National

കനത്ത മഴ; ബെംഗളൂരുവില്‍ 14 വിമാന സര്‍വീസുകള്‍ വഴിതിരിച്ചു വിട്ടു

കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയാണ് മഴ പ്രതികൂലമായി ബാധിച്ചത്.

Published

|

Last Updated

ബെംഗളൂരു | കനത്ത മഴയെ തുടര്‍ന്ന് ബെംഗളൂരുവില്‍ 14 വിമാന സര്‍വീസുകള്‍ വഴിതിരിച്ചു വിട്ടു. മറ്റ് നിരവധി സര്‍വീസുകള്‍ വൈകി. കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനത്തെയാണ് മഴ പ്രതികൂലമായി ബാധിച്ചത്. വിമാനത്താവളം സ്ഥിതി ചെയ്യുന്ന മേഖലയില്‍ പല ഭാഗത്തും വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്.

ഇടിമിന്നലോടു കൂടിയ കനത്ത മഴക്കൊപ്പം ശക്തമായ കാറ്റു വീശുകയും ചെയ്തതാണ് വിമാന സര്‍വീസുകളെ ബാധിച്ചത്. വൈകിട്ട് 4.05 മുതല്‍ 4.51 വരെയുള്ള വിമാന സര്‍വീസുകളുടെ യാത്രയാണ് തടസപ്പെട്ടതെന്ന് ഒരു വിമാനത്താവള ഉദ്യോഗസ്ഥന്‍ പറഞ്ഞു.

’14 വിമാന സര്‍വീസുകള്‍ വഴിതിരിച്ചു വിട്ടു. ഇതില്‍ 12 എണ്ണം ചെന്നൈയിലേക്കും ഒന്ന് കോയമ്പത്തൂരിലേക്കും മറ്റൊന്ന് ഹൈദരാബാദിലേക്കുമാണ് അയച്ചത്. ഇന്‍ഡിഗോയുടെ ഏഴും, വിസ്താരയുടെ മൂന്നും, അകാശ എയര്‍ലൈന്‍സിന്റെ രണ്ടും, ഗോ എയര്‍, എയര്‍ ഇന്ത്യ എന്നിവയുടെ ഓരോന്നു വീതവും സര്‍വീസുകള്‍ക്കാണ് പ്രതിസന്ധി നേരിടേണ്ടി വന്നത്. വിമാനത്താവളത്തില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന ആറ് സര്‍വീസുകള്‍ വൈകി.’- ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ പി ടി ഐ റിപ്പോര്‍ട്ട് ചെയ്തു.

വിമാനത്താവളത്തിനു ചുറ്റുമുള്ള പ്രദേശങ്ങളിലും വര്‍ത്തൂര്‍, സര്‍ജാപുര, വൈറ്റ്ഫീല്‍ഡ്, മറത്തല്ലി, ബെല്ലന്തൂര്‍ എന്നീ ഐ ടി നഗരങ്ങളിലും കനത്ത മഴ പെയ്തു. വെള്ളം നിറഞ്ഞ റോഡിലൂടെ വാഹനങ്ങള്‍ നീങ്ങുന്നതിന്റെ നിരവധി വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

 

Latest