Kerala
അമിത്ഷായുടെ ഉറപ്പ് കേട്ടത് പ്രതീക്ഷയോടെ; ജാമ്യാപേക്ഷയെ എതിര്‍ത്തത് അപലപനീയമെന്ന് മാര്‍ ജോസഫ് പാംബ്ലാനി
നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമിക്കുന്ന തീവ്രവാദ സംഘടനകളെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാറിന് കഴിയുന്നില്ലെന്ന്

കണ്ണൂര്‍ | കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷയെ ഛത്തീസ്ഗഢ് സര്‍ക്കാര്‍ എതിര്‍ത്തത് അങ്ങേയറ്റം അപലപനീയവും ദുഃഖരവുമാണെന്ന് തലശ്ശേരി ആർച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംബ്ലാനി. അമിത് ഷായുടെ ഉറപ്പ് രാജ്യം പ്രതീക്ഷയോടെയാണ് കേട്ടതെന്നും ആഭ്യന്തര മന്ത്രിയുടെ വാക്ക് കാറ്റില്‍ പറത്തി പ്രോസിക്യൂഷന്‍ ജാമ്യാപേക്ഷ എതിര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.
നിഗൂഢ നീക്കത്തിലൂടെ ആണ് ജാമ്യാപേക്ഷ എതിര്‍ത്തത്. നിര്‍ബന്ധിത മതപരിവര്‍ത്തനമെന്ന് വരുത്തി തീര്‍ക്കാന്‍ ചില തീവ്രവാദ സംഘടനകള്‍ ശ്രമിക്കുന്നു. അത്തരം സംഘടനകളെ നിലക്ക് നിര്‍ത്താന്‍ സര്‍ക്കാറിന് കഴിയുന്നില്ല.
മതപരിവര്‍ത്തന നിയമം ദുര്‍വ്യാഖ്യാനം ചെയ്യുന്നു. രാജ്യത്ത് നീതി നിഷേധിക്കപ്പെടുമ്പോള്‍ തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കാന്‍ മാത്രമേ തങ്ങള്‍ക്ക് കഴിയുകയുള്ളൂവെന്നും മാര്‍ ജോസഫ് പാംബ്ലാനി പറഞ്ഞു.