Connect with us

National

വിദ്വേഷ പ്രസംഗം: രാജ്യത്തെ 107 ജനപ്രതിനിധകൾക്ക് എതിരെ കേസ്

ഏറ്റവുമധികം നേതാക്കൾക്കെതിരെ കേസുള്ള രാഷ്ട്രീയ പാർട്ടികളുടെ കണക്കിൽ ബി ജെ പിയാണ് മുന്നിൽ.

Published

|

Last Updated

ന്യൂഡൽഹി | രാജ്യത്തെ നൂറിലധികം ജനപ്രതിനിധകൾക്കെതിരെ വിദ്വേഷ പ്രചരണത്തിന് കേസ് രജിസ്റ്റർ ചെയ്തതായി റിപോർട്ട്. അവരിൽ 40 ശതമാനത്തോളം ബി ജെ പി പ്രവർത്തകരാണ്. നാഷനൽ ഇലക്ഷൻ വാച്ച്, അസ്സോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് എന്നിവർ സംയുക്തമായി തയ്യാറാക്കിയ റിപോർട്ടിലാണ് ഇക്കാര്യങ്ങൾ പരാമർശിച്ചിരിക്കുന്നത്.

763 എം പിമാരുടെയും 4005 എം എൽ എമാരുടെയും കേസുകൾ പരിഗണിച്ചാണ് റിപോർട്ട്. ഇതിൽ 33 എം പിമാർക്കും 74 എം എൽ എമാർക്കും എതിരെയാണ് വിദ്വേഷ പ്രചരണത്തിന് കേസ് നിലവിലുള്ളത്. ഉത്തർപ്രദേശിൽ നിന്ന് 16 കേസുകളാണ് റിപോർട്ട് ചെയ്തിരിക്കുന്നത്. ബിഹാറിൽ 12, തമിഴ്നാട്-തെലങ്കാന എന്നീ സംസ്ഥാനങ്ങളിൽ ഒമ്പത് കേസുകൾ വീതമാണുള്ളത്. മഹാരാഷ്ട്ര എട്ട്, അസം ഏഴ്, ആന്ധ്രപ്രദേശ്-ഗുജറാത്ത്-പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ ആറ്, കർണാടക അഞ്ച്, ഡൽഹി-ഝാർഖണ്ഡ് നാല്, പഞ്ചാബ്-ഉത്തരാഖണ്ഡ് മൂന്ന്, മധ്യപ്രദേശ്-ത്രിപുര-രാജസ്ഥാൻ, ഔഡീഷ രണ്ട്, കേരളം ഒന്ന് എന്നിങ്ങനെയാണ് മറ്റ് കണക്കുകൾ.

ഏറ്റവുമധികം നേതാക്കൾക്കെതിരെ കേസുള്ള രാഷ്ട്രീയ പാർട്ടികളുടെ കണക്കിൽ ബി ജെ പിയാണ് മുന്നിൽ. 42 കേസുകളാണ് പാർട്ടിയിലെ വിവിധ എം പിമർക്കും എം എൽ എമാർക്കും എതിരെയുള്ളത്. കോൺഗ്രസ്സ് 15, ആം ആദ്മി ഏഴ്, സി പി എം ഒന്ന് എന്നിങ്ങനെയാണ് ദേശീയ പാർട്ടികൾക്കിടയിലെ മറ്റ് കണക്കുകൾ.

പ്രാദേശിക പാർട്ടികളായ ഡി എം കെ, സമാജ് വാദി പാർട്ടി, വൈ എസ് ആർ സി പി എന്നിവർക്ക് അഞ്ച് വീതം കേസുകളുണ്ട്. ആർ ജെ ഡിക്ക് നാല് കേസുകളാണുള്ളത്. തൃണമൂൽ കോൺഗ്രസ്സിന് രണ്ട് കേസുകളും റിപോർട്ട് ചെയ്തിട്ടുണ്ട്. എം പിമാരിൽ അമിത് ഷാ, പ്രഹ്‌ലാദ് ജോഷി, ഗിരിരാജ് സിംഗ്, ശോഭ കരൺലാജെ, നിത്യാനന്ദ് റായ്, ദിലീപ് ഘോഷ്, പ്രജ്ഞാ താക്കൂർ, നിഷികാന്ത് ദുബെ, അനന്ത്കുമാർ ഹെഗ്ഡെ, അസദുദ്ദീൻ ഉവൈസി, ബദറുദ്ദീൻ അജ്മൽ, ശശി തരൂർ, കനിമൊഴി, സഞ്ജയ് റാവത്ത്, രാഘവ് ഛദ്ദ, വൈകോ എന്നിവർക്കെതിരെയും എം എൽ എമാരിൽ എം കെ സ്റ്റാലിൻ, കെ ചന്ദ്രശേഖർ റാവു, തേജസ്വി യാദവ്, ജിഗ്നേഷ് മേവാനി, അഖിൽ ഗൊഗോയ്, സോമനാഥ് ഭാരതി, അബു അസ്മി, ബാബുൽ സുപ്രിയോ എന്നിവർക്കെതിരെയുമാണ് കേസുകളുള്ളത്.

Latest