Saudi Arabia
ഹജ്ജ് : സായുധ സേനാ യൂണിറ്റുകളുടെ ഫീല്‍ഡ് സജ്ജീകരണം പൂര്‍ത്തിയായി
പ്രതിരോധ മന്ത്രിയുടെ നിര്‍ദേശപ്രകാരം, ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് സായുധ സേനാ യൂണിറ്റുകളുടെ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്തു.
മക്ക | ഹജ്ജ് തീര്‍ഥാടകരുടെ സുരക്ഷയുടെ ഭാഗമായി പുണ്യ സ്ഥലങ്ങളിലെ സായുധ സേനാ യൂണിറ്റുകളുടെ ഫീല്‍ഡ് സജ്ജീകരണം പൂര്‍ത്തിയായതായി വാര്‍ത്താ ഏജന്‍സി റിപോര്‍ട്ട് ചെയ്തു. പ്രതിരോധ മന്ത്രി ഖാലിദ് ബിന്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരന്റെ നിര്‍ദേശപ്രകാരം, ചീഫ് ഓഫ് ജനറല്‍ സ്റ്റാഫ് ലെഫ്റ്റനന്റ് ജനറല്‍ ഫയ്യാദ് ബിന്‍ ഹമദ് അല്‍-റുവൈലി ഈ വര്‍ഷത്തെ ഹജ്ജ് ദൗത്യത്തില്‍ പങ്കെടുക്കുന്ന സായുധ സേനാ യൂണിറ്റുകളുടെ തയ്യാറെടുപ്പുകള്‍ അവലോകനം ചെയ്തു.
ജനലക്ഷങ്ങള്‍ സംഗമിക്കുന്ന അറഫയിലെ വിമാനത്താവളത്തിലെ വ്യോമസേനാ യൂണിറ്റുകള്‍ പരിശോധിച്ചു കൊണ്ടാണ് ജനറല്‍ സ്റ്റാഫ് മേധാവിയുടെ ഫീല്‍ഡ് ടൂറുകള്‍ക്ക് തുടക്കം കുറിച്ചത്. തുടര്‍ന്ന് പ്രതിരോധ മന്ത്രാലയത്തിലെ അതിഥികള്‍ക്കായുള്ള ഹജ്ജ് ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തി. സഊദി-യെമന്‍ സായുധ സേനകളില്‍ നിന്നുള്ള രക്തസാക്ഷികളുടെയും പരുക്കേറ്റവരുടെയും കുടുംബങ്ങള്‍, സഹോദര സൗഹൃദ രാജ്യങ്ങളിലെ മുതിര്‍ന്ന സൈനിക കമാന്‍ഡര്‍മാര്‍, രാജ്യത്തിന് അംഗീകാരം ലഭിച്ച സൈനിക അറ്റാഷെകള്‍ എന്നിവരുള്‍പ്പെടെ ദൈവത്തിന്റെ അതിഥികള്‍ക്ക് നല്‍കുന്ന സേവനങ്ങളെ വിലയിരുത്തി.
പ്രതിരോധ മന്ത്രിയുടെ ആശംസകളും അഭിനന്ദനങ്ങളും സൈനികരെ അറിയിച്ചു. സായുധ സേനാംഗങ്ങളുടെ സന്നദ്ധതയെയും അച്ചടക്കത്തെയും പ്രശംസിച്ചുകൊണ്ടും ഹജ്ജിന്റെയും തീര്‍ഥാടകരുടെയും സുരക്ഷ വിട്ടുവീഴ്ച ചെയ്യാന്‍ കഴിയാത്ത ഒരു ദേശീയ മുന്‍ഗണനയാണെന്ന് ജനറല്‍ സ്റ്റാഫ് മേധാവി മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
പ്രതിരോധ മന്ത്രാലയത്തിലെ സായുധ സേനയുടെ ജോയിന്റ് സ്റ്റാഫ് ഡയറക്ടറും ഹജ്ജ് സൂപ്പര്‍വൈസറി കമ്മിറ്റി ചെയര്‍മാനുമായ മേജര്‍ ജനറല്‍ പൈലറ്റ് ഹമദ് ബിന്‍ റാഫി അല്‍-ഒമാരി, ഹജ്ജ് ദൗത്യത്തില്‍ പങ്കെടുക്കുന്ന സായുധ സേനാ യൂണിറ്റുകളുടെ കമാന്‍ഡര്‍ മേജര്‍ ജനറല്‍ ഖാലിദ് ബിന്‍ സയീദ് അല്‍-ഷൈബ, മുതിര്‍ന്ന സായുധ സേനാ ഉദ്യോഗസ്ഥരും ജനറല്‍ സ്റ്റാഫ് മേധാവിയെ അനുഗമിച്ചു.




