Editorial
നിമിഷപ്രിയയുടെ മോചനത്തില്‍ ശുഭപ്രതീക്ഷ
സാമൂഹിക പ്രശ്‌നങ്ങളില്‍ മതകീയ വിവേചനമോ വര്‍ഗീയ കാഴ്ചപ്പാടോ ഇല്ല പണ്ഡിത നേതൃത്വത്തിന്. സമാധാനപരമായ സഹവര്‍ത്തിത്വമെന്നതാണ്് അവരുടെ എക്കാലത്തെയും നയം. നിമിഷപ്രിയയുടെ കാര്യത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഇടപെട്ടതിന്റെ പശ്ചാത്തലവുമിതാണ്.

നിമിഷപ്രിയയുടെ മോചനത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാരുടെ ഇടപെടല്‍ ഫലവത്തായിരിക്കുന്നു. ഇന്ന് നടപ്പാക്കാന്‍ തീരുമാനിച്ച വധശിക്ഷ യമന്‍ ഭരണകൂടം മരവിപ്പിച്ചിരിക്കുകയാണ്. നിമിഷപ്രിയ വിഷയത്തില്‍ എല്ലാ വാതിലുകളും അടയുകയും കേന്ദ്ര സര്‍ക്കാറടക്കം നിസ്സഹായത പ്രകടിപ്പിക്കുകയും ചെയ്ത ഘട്ടത്തില്‍ വധശിക്ഷ നടപ്പാക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെയാണ് യമന്‍ ഉള്‍പ്പെടെ അറബ് രാജ്യങ്ങളില്‍ വലിയ സ്വാധീനമുള്ള കാന്തപുരം അടഞ്ഞ വാതിലില്‍ മുട്ടുന്നതും തുറക്കപ്പെടുന്നതും. തന്റെ ഉറ്റസുഹൃത്തും യമനിലെ പ്രശസ്ത സൂഫി പണ്ഡിതനുമായ ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീസ് മുഖേനയാണ് അദ്ദേഹം യമന്‍ ഭരണകൂടത്തില്‍ ഇടപെടല്‍ നടത്തിയത്.
പ്രശ്‌നത്തില്‍ ഇടപെടാന്‍ ഇന്ത്യന്‍ സര്‍ക്കാറിന് പരിമിതികളുള്ള സാഹചര്യത്തിലാണ് കാന്തപുരം ഇടപെട്ടതും വധശിക്ഷ നിര്‍ത്തിവെക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങളെത്തിച്ചതും. കേന്ദ്ര സര്‍ക്കാറിന് നയതന്ത്രപരമായി ഇടപെടാന്‍ സാധ്യമല്ലാത്ത സന്‍ആ പ്രദേശത്താണ് നിമിഷപ്രിയ അറസ്റ്റിലായത്. ഹൂത്തികളുടെ നിയന്ത്രണത്തിലാണ് ഈ പ്രദേശം. യമന്റെ തലസ്ഥാനമടക്കമുള്ള മേഖല ഭരിക്കുന്ന ഹൂത്തികളുമായി ഇന്ത്യക്ക് ഔദ്യോഗിക നയതന്ത്ര ബന്ധമില്ല. കേന്ദ്രത്തിന് ഇടപെടുന്നതിന് പരിമിതികളുണ്ടെന്ന് കഴിഞ്ഞ ദിവസം അറ്റോര്‍ണി ജനറല്‍ ആര്‍ വെങ്കട്ടരമണി സുപ്രീം കോടതിയെ അറിയിച്ചതിന്റെ പശ്ചാത്തലമിതാണ്. സ്വകാര്യ ഇടപെടലുകള്‍ മാത്രമാണ് ഇക്കാര്യത്തില്‍ ഫലപ്രദമെന്നും കേന്ദ്രം വിലയിരുത്തി. ഈ ഘട്ടത്തിലാണ് അറബ് ലോകത്ത് ഏറ്റവും സ്വീകാര്യനായ പണ്ഡിതന്‍ എന്ന നിലയില്‍ കാന്തപുരത്തിന്റെ സഹായം തേടാനുള്ള ആലോചനയുണ്ടായതും ചാണ്ടി ഉമ്മന്‍ എം എല്‍ എ പ്രശ്‌നത്തില്‍ ഇടപെടാന്‍ കാന്തപുരത്തോട് അഭ്യര്‍ഥിച്ചതും.
നിമിഷ യമനില്‍ നഴ്‌സായി ജോലി ചെയ്തുവരവെ 2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. നിമിഷപ്രിയയും അവരോടൊപ്പം ക്ലിനിക്കില്‍ ജോലി ചെയ്യുന്ന യുവതിയും ചേര്‍ന്ന് യമന്‍ പൗരനും ദമാര്‍ പ്രദേശവാസിയുമായ തലാല്‍ അബൂ മഹ്ദിയെ കൊലപ്പെടുത്തി മൃതദേഹം വീടിനു മുകളിലുള്ള ജലസംഭരണിയില്‍ ഒളിപ്പിച്ചുവെന്നാണ് കേസ്. യമന്‍ കോടതി നിമിഷപ്രിയക്ക് വധശിക്ഷ വിധിച്ചു. വധശിക്ഷ മരവിപ്പിച്ചെങ്കിലും നിമിഷപ്രിയക്ക് ജയില്‍മോചിതയാകണമെങ്കില്‍ തലാലിന്റെ ബന്ധുക്കള്‍ ദിയാ ധനം സ്വീകരിച്ച് ശിക്ഷ ഇളവ് ചെയ്യാന്‍ സമ്മതിക്കേണ്ടതുണ്ട്. കുടുംബത്തിനു പുറമെ ദമാര്‍ പ്രദേശവാസികള്‍ക്കിടയിലും ഗോത്രവര്‍ഗത്തിനിടയിലും വൈകാരിക പ്രശ്‌നമായിരുന്നു തലാല്‍ കൊല്ലപ്പെട്ട സംഭവം. ഇതുകൊണ്ടാണ് ഇത്രയും കാലം തലാലിന്റെ കുടുംബവുമായി ആര്‍ക്കും ബന്ധപ്പെടാന്‍ കഴിയാതിരുന്നത്. ദിയാ ധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കാന്‍ നിമിഷപ്രിയയുടെ കേസ് കൈകാര്യം ചെയ്യുന്നവര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും ബന്ധുക്കള്‍ വിസമ്മതിക്കുകയായിരുന്നു. കുടുംബത്തിലെ ഒരു വ്യക്തിക്കോ ഏതാനും വ്യക്തികള്‍ക്കോ കൈക്കൊള്ളാനാകില്ല ദിയാ ധനം സ്വീകരിക്കുന്ന കാര്യത്തിലുള്ള തീരുമാനം. കുടുംബം മൊത്തത്തില്‍ യോജിപ്പിലെത്തണം. ഇതിനോട് സന്‍ആ പ്രദേശത്തെ ഗോത്രത്തലവന്മാരും എതിരായിരുന്നു. ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന് യമനിലുള്ള വന്‍ സ്വീകാര്യതയുടെയും കൊല്ലപ്പെട്ട തലാലിന്റെ അടുത്ത ബന്ധുവായ ഹുദൈദ സ്റ്റേറ്റ് കോടതി ചീഫ് ജസ്റ്റിസുമായുള്ള വ്യക്തിബന്ധത്തിന്റെയും ബലത്തില്‍ കുടുംബത്തെയും ഗോത്രത്തലവന്മാരെയും അനുനയിപ്പിക്കാനാകുമെന്നാണ് പ്രതീക്ഷ. അവരുമായുള്ള ചര്‍ച്ചക്ക്് കൂടുതല്‍ സമയം ലഭിക്കുന്നതിനാണ് ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തിയുടെയും ശൈഖ് ഹബീബ് ഉമര്‍ ബിന്‍ ഹഫീളിന്റെയും അഭ്യര്‍ഥന പ്രകാരം വധശിക്ഷ താത്കാലികമായി മരവിപ്പിച്ചത്. ശൈഖ് ഹബീബ് ഉമറിന്റെ നിര്‍ദേശ പ്രകാരം അദ്ദേഹത്തിന്റെ സഹോദര പുത്രന്‍ ഹബീബ് അബ്ദുര്‍ഹ്മാന്‍ അലി മശ്ഹൂര്‍ ആണ് ചര്‍ച്ചക്ക് നേതൃത്വം നല്‍കുന്നത്. ചര്‍ച്ച ഫലവത്താകുമെന്ന ശുഭപ്രതീക്ഷയിലാണ് നിമിഷപ്രിയയുടെ കുടുംബവും കേരളവുമൊന്നടങ്കം.
ഇസ്‌ലാമിന്റെ മാനവികതയും സുന്നിപണ്ഡിത നേതൃത്വത്തിന്റെ സാമൂഹിക പ്രതിബദ്ധതയും മതസൗഹാര്‍ദവും സഹിഷ്ണുതയും വെളിപ്പെടുത്തുന്നതാണ് സംഭവം. വധശിക്ഷ ഉള്‍പ്പെടെയുള്ള ഇസ്‌ലാമിക ശിക്ഷാ നിയമങ്ങള്‍ കഠിനമാണെന്ന ധാരണ നിലവിലുണ്ട്. എന്നാല്‍ സമൂഹത്തില്‍ കുറ്റകൃത്യങ്ങള്‍ പാടേ പിഴുതെറിയുക എന്ന ലക്ഷ്യത്തോടെ ശിക്ഷാ വിധികള്‍ കാര്‍ക്കശ്യമാക്കുന്നുണ്ടെങ്കിലും നിര്‍ണായക ഘട്ടത്തില്‍ അതില്‍ നിന്ന് മോചിതമാകാനുള്ള വഴികളും ഇസ്‌ലാം തുറന്നുവെച്ചിട്ടുണ്ട്. വധശിക്ഷ വിധിക്കപ്പെട്ട കൊലയാളിക്ക്, കൊല്ലപ്പെട്ട വ്യക്തിയുടെ ബന്ധുക്കളുടെ അനുമതിയോടെ ശിക്ഷ ഇളവ് ചെയ്യാന്‍ ഇസ്‌ലാം അനുവദിക്കുന്നു. ബന്ധുക്കള്‍ക്ക് നിരുപാധികം മാപ്പ് നല്‍കാം.”ദിയ’ വാങ്ങിയും ശിക്ഷ ഇളവ് ചെയ്യാം. ആ നിലയിലുള്ള നീക്കമാണ് നിമിഷപ്രിയയുടെ കാര്യത്തില്‍ നടന്നു വരുന്നത്.
സമൂഹത്തില്‍ ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുകയും ആവശ്യമായ ഘട്ടങ്ങളില്‍ സാമൂഹിക ഇടപെടലുകള്‍ നടത്തുകയും ചെയ്ത ചരിത്രമാണ് കേരളത്തിലുള്‍പ്പെടെ ലോകത്തുടനീളമുള്ള പാരമ്പര്യ മുസ്‌ലിം പണ്ഡിതന്മാരുടേത്. കേരളത്തിന്റെ സാംസ്‌കാരിക ഉന്നതിയിലും വിവിധ സമൂഹങ്ങള്‍ തമ്മിലുള്ള ഊഷ്മള ബന്ധത്തിലും ഈ പണ്ഡിതന്മാരുടെ പങ്ക് വളരെ വലുതാണ്. സാമൂഹിക പ്രശ്‌നങ്ങളില്‍ മതകീയ വിവേചനമോ വര്‍ഗീയ കാഴ്ചപ്പാടോ ഇല്ല പണ്ഡിത നേതൃത്വത്തിന്. സമാധാനപരമായ സഹവര്‍ത്തിത്വമെന്നതാണ്് അവരുടെ എക്കാലത്തെയും നയം. നിമിഷപ്രിയയുടെ കാര്യത്തില്‍ ഇന്ത്യന്‍ ഗ്രാന്‍ഡ് മുഫ്തി ഇടപെട്ടതിന്റെ പശ്ചാത്തലവുമിതാണ്. നിമിഷയുടെ കാര്യത്തില്‍ മാനവികത ഉയര്‍ത്തിപ്പിടിക്കുന്ന നിലപാടാണ് കാന്തപുരം ഉസ്താദ് സ്വീകരിച്ചതെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന ശ്രദ്ധേയം. പ്രശ്‌നത്തില്‍ ഫലപ്രദമായ ഇടപെടല്‍ നടത്തിയതിന് മുഖ്യമന്ത്രി പിണറായി വിജയനും കാന്തപുരത്തെ അഭിനന്ദിക്കുകയുണ്ടായി. “മാനവികതയെ ഉണര്‍ത്തുന്നു’ എന്ന പ്രമേയത്തില്‍ കാന്തപുരം നേരത്തേ നടത്തിയ കേരള യാത്ര വന്‍ ജനശ്രദ്ധ നേടിയതും എല്ലാ വിഭാഗങ്ങളുടെയും പ്രശംസ പിടിച്ചു പറ്റിയതുമാണ്. ഇസ്‌ലാമിലും സുന്നി പണ്ഡിത നേതൃത്വത്തിലും സങ്കുചിതത്വവും തീവ്രചിന്താഗതിയും ആരോപിക്കുന്നവര്‍ക്ക് കണ്ണുതുറക്കാനുള്ള അവസരങ്ങളാണിതെല്ലാം.