Connect with us

From the print

ശബരിമലയിലെ സ്വര്‍ണപ്പാളി: അന്വേഷണം ഹൈദരാബാദിലേക്ക്

സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തും ഹൈദരാബാദില്‍ സ്വര്‍ണപ്പണി സ്ഥാപനം നടത്തുന്നയാളുമായ നാഗേഷിലേക്കാണ് അന്വേഷണം നീളുന്നത്.

Published

|

Last Updated

തിരുവനന്തപുരം | ശബരിമലയിലെ സ്വര്‍ണക്കവര്‍ച്ചയുമായി ബന്ധപ്പെട്ട അന്വേഷണം ഹൈദരാബാദിലേക്കും വ്യാപിപ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘം (എസ് ഐ ടി). സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തും ഹൈദരാബാദില്‍ സ്വര്‍ണപ്പണി സ്ഥാപനം നടത്തുന്നയാളുമായ നാഗേഷിലേക്കാണ് അന്വേഷണം നീളുന്നത്. നാഗേഷിന്റെ സഹായത്തോടെയാണ് ഉണ്ണികൃഷ്ണന്‍ പോറ്റി സ്വര്‍ണം മോഷ്ടിച്ചതെന്ന നിര്‍ണായക വിവരമാണ് പ്രത്യേക സംഘത്തിന് ലഭിച്ചത്. ശബരിമലയിലെ യഥാര്‍ഥ ദ്വാരപാലക ശില്‍പ്പപാളികള്‍ ഇയാള്‍ കൈക്കലാക്കുകയൊ വില്‍ക്കുകയോ ചെയ്തിരിക്കാമെന്നും സംശയിക്കുന്നു.

സന്നിധാനത്ത് നിന്ന് കൊണ്ടുപോയ സ്വര്‍ണപ്പാളികള്‍ ഏറെ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിലെ നാഗേഷിന്റെ സ്ഥാപനത്തിലാണ്. സ്വര്‍ണം പൂശാനായി ചെന്നൈയിലെത്തിച്ചതും നാഗേഷാണ്. ഇതിനിടയിലാണ് ശില്‍പ്പപാളികളുടെ ഭാരത്തില്‍ നാലരക്കിലോയുടെ വ്യത്യാസമുണ്ടായത്. ഇതോടെ ശബരിമലയിലെ സ്വര്‍ണപ്പാളികള്‍ 2019ല്‍ ഹൈദരാബാദില്‍ കൊണ്ടുപോയത് ഇവയുടെ പകര്‍പ്പെടുക്കാനാണെന്ന സംശയം ബലപ്പെടുകയാണ്. 2019ല്‍ ശബരിമലയില്‍ നിന്ന് തങ്കത്തില്‍പ്പൊതിഞ്ഞ പാളികള്‍ ബെംഗളൂരു വഴി ഹൈദരാബാദിലെത്തിച്ചുവെന്നാണ് ദേവസ്വം വിജിലന്‍സിന്റെ കണ്ടെത്തല്‍. സ്വര്‍ണപ്പാളി കൊണ്ടുപോയത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്ത് അനന്തസുബ്രമണ്യന്‍ എന്നയാളാണ്. ഇയാള്‍ ഈ പാളി കൈമാറിയത് ഹൈദരാബാദിലെ നാഗേഷ് എന്നയാള്‍ക്കാണെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. പിന്നീട് 39 ദിവസം കഴിഞ്ഞാണ് നാഗേഷ് ഈ പാളി സ്വര്‍ണം പൂശല്‍ ഏറ്റെടുത്ത ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സിലെത്തിച്ചത്.

ഈ ദിവസങ്ങളില്‍ മന്ത്ര എന്ന സ്ഥാപനത്തിലാണ് സ്വര്‍ണപ്പാളി സൂക്ഷിച്ചിരുന്നത്. സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഉടമയായ പങ്കജ് ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള കമ്പനി തന്നെയാണ് മന്ത്രയും എന്നാണ് പുതിയ കണ്ടെത്തല്‍. ഇതിന്റെ ഫ്രാഞ്ചൈസിയാണ് ഹൈദരാബാദിലുള്ളത്. ഇതോടെയാണ് നാഗേഷിനായി അന്വേഷണം തുടങ്ങിയത്. ഇത്തരത്തില്‍ ദ്വാരപാലക ശില്‍പ്പപാളികളില്‍ നിന്ന് മാത്രം ഉണ്ണികൃഷ്ണന്‍ പോറ്റി കവര്‍ന്നത് 200 പവനിലേറെ സ്വര്‍ണം എന്നാണ് എസ് ഐ ടിയുടെ പ്രാഥമിക നിഗമനം.

 

Latest