From the print
സ്‌കൂളില്‍ ഹിജാബ് ധരിച്ചെത്തിയ കുട്ടിയെ ക്ലാസ്സില്‍ നിന്ന് പുറത്താക്കി; വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കി പിതാവ്
പള്ളുരുത്തി നമ്പ്യാപുരം സ്വദേശി അനസിന്റെ മകള്‍ എട്ടാം ക്ലാസ്സുകാരി ഹന ഫാത്വിമയെയാണ് ശിരോവസ്ത്രം ധരിച്ചെത്തിയെന്ന കാരണത്താല്‍ സെന്റ് റീത്താസ് പബ്ലിക് സ്‌കൂളിലെ ക്ലാസ്സില്‍ കയറ്റാതിരുന്നത്.

പള്ളുരുത്തി (കൊച്ചി) | പള്ളുരുത്തി എം എല്‍ എ റോഡിലെ സെന്റ് റീത്താസ് പബ്ലിക് സ്‌കൂളില്‍ ശിരോവസ്ത്രം ധരിച്ചെത്തിയ വിദ്യാര്‍ഥിനിയെ ക്ലാസ്സില്‍ നിന്ന് പുറത്താക്കിയതായി പരാതി. പള്ളുരുത്തി നമ്പ്യാപുരം സ്വദേശി അനസിന്റെ മകള്‍ എട്ടാം ക്ലാസ്സുകാരി ഹന ഫാത്വിമയെയാണ് ശിരോവസ്ത്രം ധരിച്ചെത്തിയെന്ന കാരണത്താല്‍ ക്ലാസ്സില്‍ കയറ്റാതിരുന്നത്.
ഈ വര്‍ഷമാണ് കുട്ടി സ്‌കൂളില്‍ പ്രവേശനം നേടിയത്. സ്‌കൂളില്‍ മുസ്‌ലിം കുട്ടികള്‍ തട്ടം ധരിച്ചെത്താന്‍ പാടില്ലെന്ന് പറഞ്ഞ് കഴിഞ്ഞ കുറച്ച് ദിവസമായി കുട്ടിയെ പുറത്ത് നിര്‍ത്തുകയും അഹങ്കാരിയെന്ന് വിളിക്കുകയും മറ്റ് കുട്ടികളുടെ മുന്നില്‍ പരിഹസിക്കുകയും ചെയ്തുവരുന്നതായി പിതാവ് വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ഇത് തുടര്‍ന്ന സാഹചര്യത്തില്‍ കുട്ടിയുടെ മാതാപിതാക്കള്‍ കഴിഞ്ഞ ബുധനാഴ്ച സ്‌കൂളിലെത്തി പ്രിന്‍സിപ്പലിനോട് പരാതി പറഞ്ഞെങ്കിലും നിങ്ങള്‍ക്ക് വേണമെങ്കില്‍ ടി സി വാങ്ങിപ്പോകാമെന്ന മറുപടിയാണ് ലഭിച്ചത്. പ്രിന്‍സിപ്പലിന്റെ ഭാഗത്ത് നിന്ന് വര്‍ഗീയ പരാമര്‍ശങ്ങളുണ്ടായതായും രക്ഷിതാക്കള്‍ പറഞ്ഞു.
കുട്ടിയുടെ ഈ വര്‍ഷത്തെ അധ്യയനം നഷ്ടപ്പെടുമോയെന്ന ആശങ്കയിലാണ് രക്ഷിതാക്കള്‍. വിഷയത്തില്‍ കുട്ടിയുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കാന്‍ നടപടി വേണമെന്ന് പിതാവ് വിദ്യാഭ്യാസ മന്ത്രിക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടു.
അതേസമയം, സ്‌കൂളിലെ യൂനിഫോം കോഡ് എല്ലാവര്‍ക്കും ബാധകമാണെന്നും ഇക്കാര്യം പ്രവേശന സമയത്ത് തന്നെ രക്ഷിതാക്കളെ ബോധ്യപ്പെടുത്തിയതാണെന്നും സ്‌കൂള്‍ അധികൃതരും പി ടി എയും വ്യക്തമാക്കി.
സംഭവത്തെ തുടര്‍ന്ന് അധ്യാപകരും അനധ്യാപകരും അവധിയെടുത്തതിനാല്‍ രണ്ട് ദിവസത്തേക്ക് സ്‌കൂളിന് അവധി നല്‍കി. അധികൃതര്‍ കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് പോലീസ് സംരക്ഷണയോടെ സ്‌കൂള്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.