Kerala
സ്വര്‍ണക്കടത്ത് ;ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനത്തില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഹൈക്കോടതി തള്ളി
ഇഡി അന്വേഷണത്തിനെതിരെ സര്‍ക്കാരിന് ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളിയത്.

കൊച്ചി | സ്വര്‍ണക്കടത്തു കേസില്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചതില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ തള്ളി ഹൈക്കോടതി. ഇഡി അന്വേഷണത്തിനെതിരെ സര്‍ക്കാരിന് ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കാനാകില്ലെന്ന് വ്യക്തമാക്കിയാണ് സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ കോടതി തള്ളിയത്. ജുഡീഷ്യല്‍ കമ്മീഷന്‍ പ്രവര്‍ത്തനം സ്റ്റേ ചെയ്ത സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്.
സ്വര്‍ണക്കടത്തു കേസ് അന്വേഷിച്ച ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെയായിരുന്നു സര്‍ക്കാരിന്റെ ജുഡീഷ്യല്‍ അന്വേഷണം. കേസിലെ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കാനായി റിട്ട. ജസ്റ്റിസ് വി കെ മോഹനനെയാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനായി നിയമിച്ചിരുന്നത്. 2021 മാര്‍ച്ചിലാണ് ഇ ഡിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്.മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചു എന്നതടക്കമുള്ള ആരോപണങ്ങളുമായി കേസിലെ പ്രതികളായ സരിത്ത്, സ്വപ്ന സുരേഷ് തുടങ്ങിയവരുടെ ശബ്ദരേഖകള്‍ പുറത്തു വന്നിരുന്നു. സംസ്ഥാന സര്‍ക്കാരിനെ കുടുക്കാന്‍ രാഷ്ട്രീയ പ്രേരിതമായ ഗൂഢാലോചന നടക്കുന്നുവെന്ന് വിലയിരുത്തിയായിരുന്നു ജുഡീഷ്യല്‍ കമ്മിഷന്‍ നിയമനം.
അതേ സമയം, ഉദ്യോഗസ്ഥര്‍ക്കെതിരെ ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത് ചോദ്യം ചെയ്ത് ഇഡി ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ പ്രവര്‍ത്തനത്തിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ അനുവദിച്ചിരുന്നു. കേന്ദ്രസര്‍ക്കാരിന് കീഴിലെ ഒരു വകുപ്പ് മാത്രമാണ് ഇഡിയെന്നും, സര്‍ക്കാരിനെതിരെ ഹരജി നല്‍കാന്‍ ഇഡിക്ക് കഴിയില്ലെന്നുമാണ് സംസ്ഥാന സര്‍ക്കാര്‍ വാദിച്ചത്. എന്നാല്‍ ജുഡീഷ്യല്‍ കമ്മീഷനെതിരെ ഇഡിക്ക് കോടതിയില്‍ ഹര്‍ജി നല്‍കാവുന്നതാണെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി