Connect with us

Kerala

ജി സുധാകരന്‍ നീതിമാനായ രാഷ്ട്രീയ പ്രവര്‍ത്തകന്‍; വിഡി സതീശന്‍

ജി സുധാകരനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യാന്‍ ഇപ്പോള്‍ സാഹചര്യമില്ലെന്ന് കെ സി വേണുഗോപാല്‍

Published

|

Last Updated

തിരുവനന്തപുരം| ജി സുധാകരന്‍ നീതിമാനായ രാഷ്ട്രീയ പ്രവര്‍ത്തകനെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. മന്ത്രിയായിരിക്കെ 141 നിയോജക മണ്ഡലങ്ങളിലേക്കും ഒരു പോലെ പണം കൊടുത്ത മന്ത്രിയായിരുന്നു സുധാകരനെന്നും വി ഡി സതീശന്‍ പറഞ്ഞു. ജി സുധാകരനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്യാന്‍ ഇപ്പോള്‍ സാഹചര്യമില്ലെന്ന് കെ സി വേണുഗോപാല്‍ എംപി പ്രതികരിച്ചു.

മന്ത്രി സജി ചെറിയാനും മുതിര്‍ന്ന നേതാവ് എ കെ ബാലനുമെതിരെ അതിരൂക്ഷ വിമര്‍ശനങ്ങളാണ് ജി സുധാകരന്‍ ഇന്ന് ഉന്നയിച്ചത്. തന്നെ ഉപദേശിക്കാനുള്ള പ്രായമോ യോഗ്യതയോ സജി ചെറിയാന് ഇല്ലെന്ന് ജി സുധാകരന്‍ പറഞ്ഞു. സൂക്ഷിച്ച് സംസാരിക്കണം. ഏറ്റുമുട്ടാന്‍ സജി വരേണ്ട. അങ്ങനെ വന്ന ആരും ജയിച്ചിട്ടില്ലെന്നും ജിസുധാകരന്‍ മാധ്യമങ്ങളോട് പറഞ്ഞു. സുധാകരന്റെ രീതികള്‍ മാറിയിട്ടില്ലെന്ന എ കെ ബാലന്റെ പരാമര്‍ശത്തിനും കടുത്ത ഭാഷയിലാണ് ജി സുധാകരന്‍ മറുപടി നല്‍കിയത്. അമ്പലപ്പുഴയില്‍ എങ്ങനെ ജയിക്കാനാണെന്നും എ കെ ബാലന്‍ വന്ന് പ്രചാരണം നടത്തുമോ എന്നും പരിഹാസ രൂപേണ അദ്ദേഹം ചോദിച്ചു.

ജി സുധാകരനും ആലപ്പുഴയിലെ പാര്‍ട്ടി നേതൃത്വവുമായുള്ള തര്‍ക്കത്തിന്റെ തുടക്കത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ എച്ച് സലാമിനെ പരാജയപ്പെടുത്താന്‍ ജി സുധാകരന്‍ നീക്കം നടത്തിയെന്ന ആരോപണമുയര്‍ന്നിരുന്നു. പിന്നീട് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി കമ്മീഷനെ വച്ച് പരിശോധിക്കുകയായിരുന്നു. പരിശോധിച്ചതില്‍ സുധാകരനെതിരായിരുന്നു റിപ്പോര്‍ട്ട്. എന്നാല്‍ ജി സുധാകരനെതിരെ കടുത്ത നടപടിയിലേക്ക് നേതൃത്വം കടന്നില്ല. സുധാകരന്‍ പാര്‍ട്ടിയോട് ചേര്‍ന്നുനില്‍ക്കണമെന്ന മന്ത്രി സജി ചെറിയാന്റെ ഇന്നലത്തെ പ്രസ്താവനയാണ് ഇപ്പോഴത്തെ പ്രകോപനത്തിന് കാരണം.

 

 

---- facebook comment plugin here -----

Latest