Connect with us

local body election 2025

ഇടതും വലതും മാറിമാറി ഭരിച്ച ചുങ്കത്തറയില്‍ പ്രതീക്ഷയോടെ മുന്നണികള്‍

1963 ല്‍ വര്‍ക്കി മരുതനാംകുഴിയുടെ നേതൃത്വത്തില്‍ ആദ്യ ഭരണസമിതി അധികാരമേറ്റു.

Published

|

Last Updated

എടക്കര | ചുങ്കത്തറയില്‍ ഇരുമുന്നണികളും വിജയപ്രതീക്ഷയില്‍. കഴിഞ്ഞ അഞ്ച് വര്‍ഷം ഇടത് വലത് മുന്നണികള്‍ മാറി മാറി ഭരിച്ച് ഏറെ ശ്രദ്ധ നേടിയ പഞ്ചായത്താണ് ചുങ്കത്തറ. അവിശ്വാസ പ്രമേയ അവതരണവും കൂറുമാറ്റവും നേതൃമാറ്റവും കൊണ്ട് കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ ഏറെ ശ്രദ്ധനേടിയ ഗ്രാമപഞ്ചായത്താണ് ചുങ്കത്തറ. 1963 രൂപവത്കരിച്ച പഞ്ചായത്തില്‍ നാടകീയ നീക്കങ്ങള്‍ ഏറെയുണ്ടായ കഴിഞ്ഞ അഞ്ച് വര്‍ഷത്തില്‍ മാത്രം നാല് പ്രസിഡന്റുമാരാണ് ഭരണത്തിന് നേതൃത്വം വഹിച്ചത്.

1963 ല്‍ വര്‍ക്കി മരുതനാംകുഴിയുടെ നേതൃത്വത്തില്‍ ആദ്യ ഭരണസമിതി അധികാരമേറ്റു. ഇടക്കാലത്ത് റിട്ടേണിംഗ് ഓഫീസറുടെ ഭരണം ഒഴിച്ചാല്‍ 1995 വരെയും വര്‍ക്കി മരുതനാംകുഴി തന്നെയായിരുന്നു പ്രസിഡന്റ്. 1995 മുതല്‍ 2000 വര്‍ഷത്തില്‍ തുടക്കത്തില്‍ ഒരു വര്‍ഷം കോണ്‍ഗ്രസ്സിലെ അമ്പാടി പ്രഭാകരന്‍ നായരും തുടര്‍ന്ന് പി പി സുഗതനും പ്രസിഡന്റായി. 2000-2005 വരെ കോണ്‍ഗ്രസ്സിലെ പാനായില്‍ ജേക്കബും 2005ല്‍ സി പി എമ്മിലെ വി എസ് ഓമനയും പ്രസിഡന്റ് പദവി വഹിച്ചു.

2010ല്‍ കോണ്‍ഗ്രസ്സിലെ സി ഡി സെബാസ്റ്റ്യനും 2015ല്‍ കോണ്‍ഗ്രസ്സിലെ കെ സ്വപ്നയും പ്രസിഡന്റായി. 2020ലെ തിരഞ്ഞെടുപ്പില്‍ ഇരുമുന്നണികളും പത്ത് സീറ്റുകള്‍ വീതം നേടി തുല്യതയിലായി. നറുക്കെടുപ്പില്‍ ഭരണം നേടിയ യു ഡി എഫില്‍ കോണ്‍ഗ്രസ്സിലെ വത്സമ്മ സെബാസ്റ്റ്യന്‍ പ്രസിഡന്റായി. ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ എല്‍ ഡി എഫ് കൊണ്ടുവന്ന അവിശ്വാസത്തെ പിന്തുണച്ച് യു ഡി എഫ് സ്വതന്ത്ര എം കെ നജ്മുന്നിസ കൂറുമാറിയതോടെ ഭരണം മാറി.
എം കെ നജ്മുന്നിസയുടെ നേതൃത്വത്തില്‍ ഒരുവര്‍ഷം എല്‍ ഡി എഫ് ഭരണം നടത്തി. ഇതിനിടെ കൂറുമാറ്റ നിരോധന നിയമപ്രകാരം നജ്മുന്നിസയെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ അയോഗ്യയാക്കി. തുടര്‍ന്ന് സി പി എമ്മിലെ ടി പി റീന പ്രസിഡന്റായി. എന്നാല്‍, പി വി അന്‍വറിന്റെ ഇടപെടലില്‍ എല്‍ഡി എഫ് ഭരണത്തിലെ വൈസ് പ്രസിഡന്റായിരുന്ന നുസൈബ സുധീറിനെ യു ഡി എഫിനൊപ്പം എത്തിച്ച് പഞ്ചായത്തില്‍ ഭരണമാറ്റമുണ്ടാക്കി.

കോണ്‍ഗ്രസ്സിലെ വത്സമ്മ സെബാസ്റ്റ്യന്റെ നേതൃത്വത്തില്‍ യു ഡി എഫ് വീണ്ടും അധികാരത്തിലേറി. കഴിഞ്ഞ അഞ്ചുവര്‍ഷത്തില്‍ തുടക്കത്തിലും അവസാനത്തിലുമായി രണ്ട് വര്‍ഷത്തോളം യു ഡി എഫും മൂന്നുവര്‍ഷം എല്‍ ഡി എഫുമാണ് ഭരണം നടത്തിയത്. ക്ഷേമ, വികസന പദ്ധതികള്‍ നടപ്പാക്കാനായത് തങ്ങളുടെ കാലത്താണെന്ന് ഇരുപക്ഷവും അവകാശപ്പെടുന്നുണ്ട്. 20 വാര്‍ഡുകളില്‍ സി പി എം (ഒമ്പത്), കോണ്‍ഗ്രസ്സ് (ഏഴ്),മുസ്‌ലിം ലീഗ് (മൂന്ന്) എന്നിങ്ങനെയാണ് നിലവിലെ നില. ഇത്തവണ രണ്ട് വാര്‍ഡുകള്‍ വർദ്ധിപ്പിച്ച് 22 വാര്‍ഡുകളായി. എല്‍ഡി എഫ് ഒരു സ്വതന്ത്രന്‍ ഉള്‍പ്പെടെ മുഴുവന്‍ വാര്‍ഡുകളിലും സി പി എമ്മാണ് മത്സരിക്കുന്നത്. യു ഡി എഫില്‍ 15 വാര്‍ഡുകളില്‍ കോണ്‍ഗ്രസ്സും ഏഴെണ്ണത്തില്‍ മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളുമാണ് മത്സരിക്കുന്നത്.

---- facebook comment plugin here -----

Latest