local body election 2025
ഉണ്ണികുളത്ത് കരപറ്റാനുറച്ച് മുന്നണികൾ
കഴിഞ്ഞ അഞ്ച് വർഷം ഇരു മുന്നണികളും പങ്കുചേർന്ന കൂട്ടു ഭരണം
പൂനൂർ | ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ കരപറ്റാനുറച്ച് ഇരുമുന്നണികളും. യു ഡി എഫ് അംഗം പ്രസിഡന്റും എൽ ഡി എഫ് അംഗം വൈസ് പ്രസിഡന്റുമായുള്ള വേറിട്ട ഭരണസമിതിയാണ് ഉണ്ണികുളം ഗ്രാമപഞ്ചായത്തിൽ കഴിഞ്ഞ അഞ്ച് വർഷം പൂർത്തിയാക്കിയത്.
ഇരു മുന്നണികളും പങ്കുചേർന്ന കൂട്ടു ഭരണം വികസനത്തിനും ജനോപകാര പ്രവർത്തനങ്ങൾക്കും ഗുണവും ദോഷവും ഉണ്ടാക്കിയിട്ടുണ്ട്. പഞ്ചായത്തിലെ മിക്ക ഔദ്യോഗിക പരിപാടികൾക്കും അധ്യക്ഷനായി വൈസ് പ്രസിഡന്റ് എം കെ നിജിൽ രാജും ഉദ്ഘാടകയായി പ്രസിഡന്റ് ഇന്ദിര ഏറാടിയിലുമുള്ള കാഴ്ച ജനങ്ങൾക്ക് ഏറെ സന്തോഷം നൽകുന്നതായിരുന്നു. 2020ലെ തിരഞ്ഞെടുപ്പിൽ ആകെയുള്ള 23 വാർഡുകളിൽ പത്ത് വീതം നേടി എൽ ഡി എഫും യു ഡി എഫും തുല്യ പ്രാതിനിധ്യത്തിലായതിനാലാണ് നറുക്കെടുപ്പിലൂടെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്സ്ഥാനങ്ങൾ മുന്നണികൾ പങ്കുവെക്കുകയായിരുന്നു. മൂന്ന് വാർഡുകളാണ് ബി ജെ പിക്ക് ലഭിച്ചത്.
വികസന പ്രവർത്തനങ്ങൾ കൃത്യമായി നടപ്പാക്കുന്നതിന് നല്ല ശ്രദ്ധ നൽകിയിട്ടുണ്ടെന്നും മുഴുവൻ ഗ്രാമപഞ്ചായത്ത് അംഗങ്ങളുടെയും സഹകരണത്തോടെ വലിയ തോതിലുള്ള വികസനം നടപ്പാക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും യു ഡി എഫ് നേതൃത്വം അവകാശപ്പെടുന്നു.
വികസന പദ്ധതികൾക്ക് മുടക്കം വരാതെ ആവശ്യമായ തിരുത്തലുകൾ നടത്തി സൗഹൃദത്തോടെയാണ് അഞ്ച് വർഷം പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം വിനിയോഗിച്ചതെന്ന് എം കെ നിജിൽ രാജ് പറയുന്നു.
അതേസമയം, ക്ഷേമ ഫണ്ടുകളും ശുചിത്വ ഫണ്ടുകളും പൂർണമായും ചെലവഴിക്കുന്നതിൽ ഭരണസമിതി പരാജയമാണെന്ന് വൈസ് പ്രസിഡന്റ് ആരോപിക്കുന്നു. ലൈഫ് പദ്ധതിയിൽ വീട് അനുവദിക്കപ്പെട്ട പകുതി പേർക്ക് മാത്രമാണ് ഫണ്ട് പൂർണമായും നൽകിയത്. വാർഷിക ഫണ്ട് പലതും പൂർണമായി വിനിയോഗിക്കുന്നതിലും പഞ്ചായത്ത് ഭരണസമിതിക്ക് വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് അനുവദിച്ച പല ഫണ്ടുകളും ഉപയോഗപ്പെടുത്താൻ കഴിയാതെ കാലാവധി കഴിഞ്ഞു പോയിട്ടുണ്ടെന്നും എൽ ഡി എഫ് കുറ്റപ്പെടുത്തുന്നു.
ഈ തിരഞ്ഞെടുപ്പിൽ വ്യക്തമായ ഭൂരിപക്ഷം ലഭിക്കുമെന്നാണ് ഇരു മുന്നണികളുടെയും അവകാശവാദം. കഴിഞ്ഞ തവണ നഷ്ടപ്പെട്ട സീറ്റുകൾ തിരിച്ചുപിടിക്കാനും നിലവിലുള്ള സീറ്റുകൾ നിലനിർത്താനുമുള്ള ആസൂത്രണങ്ങളും പ്രവർത്തനങ്ങളുമാണ് നടക്കുന്നതെന്ന് ഇരു മുന്നണികളും അവകാശപ്പെടുന്നു.
വാർഡ് പുനഃക്രമീകരണത്തിലൂടെ ഗ്രാമപഞ്ചായത്തിൽ ഒരു വാർഡ് വർധിച്ച് 24 വാർഡുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. കൂടുതൽ വാർഡുകൾ ഉള്ള ജനസംഖ്യയിൽ ജില്ലാതലത്തിൽ മുന്നിൽ നിൽക്കുന്ന ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വിഭജിക്കാനുള്ള ശ്രമങ്ങൾ ഉണ്ടായിരുന്നെങ്കിലും സാങ്കേതിക തടസ്സങ്ങൾ കാരണം അത് യാഥാർഥ്യമായില്ല. എല്ലാ വാർഡുകളിലും കൃത്യമായി വികസനം എത്തുന്നതിന് പഞ്ചായത്ത് വിഭജനം അനിവാര്യമാണെന്നാണ് ഉയരുന്ന അഭിപ്രായം. അതുവഴി സംസ്ഥാന സർക്കാർ അനുവദിക്കുന്ന ഫണ്ടുകൾ ഇരട്ടിയാകുകയും എല്ലാ പ്രദേശങ്ങളിലും മികച്ച ക്ഷേമപ്രവർത്തനങ്ങൾ വ്യാപിപ്പിക്കാനും കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.



