Kerala
റോഡരികില്‍ ഡോക്ടര്‍മാരുടെ അടിയന്തര ഇടപെടലില്‍ അതിജീവനം, തുടര്‍ ചികിത്സക്കിടെ മരണം; നോവായ് ലിനു
ശ്വാസകോശത്തില്‍ രക്തവും മണ്ണും കയറിയതിനെ തുടര്‍ന്ന് ശ്വാസതടസ്സം നേരിട്ട ലിനുവിന് ഡോക്ടര്‍മാര്‍ സ്‌ട്രോയും ബ്ലേഡും മറ്റും ഉപയോഗിച്ച് റോഡിരികില്‍ അടിയന്തര ചികിത്സ നല്‍കിയിരുന്നു.
കൊച്ചി | അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് റോഡിരികില്‍ കിടക്കവേ ഡോക്ടര്‍മാരുടെ അടിയന്തര ചികിത്സയില്‍ ജീവന്‍ വീണ്ടെടുത്ത യുവാവ് ഒടുവില്‍ മരണത്തിന് കീഴടങ്ങി. എറണാകുളം ഉദയംപേരൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തിലാണ് ലിനുവിന് പരുക്കേറ്റത്. തുടര്‍ന്ന് എറണാകുളം കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലെ ഡോക്ടര്‍മാരായ തോമസ് പീറ്ററും ദിദിയ തോമസും കോട്ടയം മെഡിക്കല്‍ കോളജിലെ കാര്‍ഡിയോ തൊറാസിക് സര്‍ജറി വിഭാഗം അസി. പ്രൊഫസര്‍ ഡോ. ബി മനൂപും ചേര്‍ന്ന് അടിയന്തര ചികിത്സ നല്‍കുകയായിരുന്നു. ജീവന്‍ വീണ്ടെടുത്ത ലിനു പക്ഷെ, ആശുപത്രിയിലെ തുടര്‍ ചികിത്സക്കിടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
ശ്വാസകോശത്തില്‍ രക്തവും മണ്ണും കയറിയതിനെ തുടര്‍ന്ന് ശ്വാസതടസ്സം നേരിട്ട ലിനുവിന് ഡോക്ടര്‍മാര്‍ സ്‌ട്രോയും ബ്ലേഡും മറ്റും ഉപയോഗിച്ച് അടിയന്തര ചികിത്സ നല്‍കിയിരുന്നു. കഴുത്തില്‍ ബ്ലേഡ് ഉപയോഗിച്ച് ദ്വാരമുണ്ടാക്കി അതിലൂടെ ജ്യൂസിന്റെ സ്ട്രോ തിരുകിയായിരുന്നു രക്ഷാപ്രവര്‍ത്തനം. ഇതേ തുടര്‍ന്ന് മരണത്തെ അതിജീവിച്ചു. എന്നാല്‍, ആശുപത്രിയിലെ തുടര്‍ ചികിത്സക്കിടെ മരണം സംഭവിച്ചു. ഹൃദയസ്തംഭനമാണ് മരണ കാരണമെന്നാണ് മെഡിക്കല്‍ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന വിവരം.
മൂന്നുപേര്‍ക്കാണ് ഞായറാഴ്ച രാത്രി ഉദയംപേരൂര്‍ കവലയില്‍ ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരുക്കേറ്റത്.



