Kozhikode
വിശ്വാസം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണം: ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി
ലോകത്തുള്ള എല്ലാ ഭരണഘടനയും വിശ്വാസം പ്രചരിപ്പിക്കാനുള്ള അവകാശം നല്‍കുന്നുണ്ട്. അടിച്ചമര്‍ത്തുന്ന ശക്തികളെ തിരിച്ചറിയണം.
പൂനൂര്‍ | വിശ്വാസം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്ന് ജാമിഅ മദീനതു ന്നൂര്‍ ഫൗണ്ടര്‍ കം റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി അഭിപ്രായപ്പെട്ടു. ജാമിഅ മദീനതുന്നൂര്‍ ലൈഫ് ഫെസ്റ്റിവല്‍ റോന്റീവ്യ സില്‍വര്‍ എഡിഷന്‍ വേദിയില്‍ റെക്ടര്‍ ടോക്ക് നടത്തി സംസാരിക്കുകയായിരുന്നു. ലോകത്തുള്ള എല്ലാ ഭരണഘടനയും അതിനുള്ള അവകാശം നല്‍കുന്നുണ്ടെന്നും അടിച്ചമര്‍ത്തുന്ന ശക്തികളെ തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിദ്യയും എ. ഐ മുന്നേറ്റങ്ങളെല്ലാം മനുഷ്യ നന്മക്കായി ഉപയോഗിക്കപെടുത്തണമെന്നും ആവശ്യപ്പെട്ടു. തുടര്‍ന്ന് ഈ വര്‍ഷം പഠന-പഠ്യേതര മേഖലകളില്‍ മികവ് തെളിയിച്ചവര്‍ക്കുള്ള അക്കാഡമിക് എക്സെലെന്‍സ് അവാര്‍ഡുകള്‍ വിതരണം ചെയ്തു.
അറിവിന്റെ വാതായാനങ്ങള്‍ തുറന്ന എജ്യു ലോഗിനില്‍ വിവിധ വിദ്യാഭ്യാസ മേഖലകള്‍ പരിചയപ്പെടുത്തി പ്രമുഖര്‍ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. അഹ്മദ് അബ്ദുല്ല അഹ്‌സനി ചെങ്ങാനി, ജഅ്ഫര്‍ സ്വാദിഖ് പുളിയക്കോട്, ഡോ. എന്‍. എസ് അബ്ദുല്‍ ഹമീദ് നൂറാനി, ഡോ. ശാഹുല്‍ ഹമീദ് നൂറാനി, ശാക്കിര്‍ നൂറാനി വയനാട്, ശാഫി നൂറാനി മണ്ണാര്‍ക്കാട്, ഹബീബ് നൂറാനി വെള്ളമുണ്ട എന്നിവര്‍ വ്യത്യസ്ത സെഷനുകള്‍ക്ക് നേതൃത്വം നല്‍കി.
പ്രിസം ക്ലസ്റ്റര്‍ മെന്റ്റെഴ്‌സ് വിവിധ വിഷയങ്ങളിലേക്കും കോഴ്‌സുകളിലേക്കുമുള്ള വ്യക്തിഗത ഗൈഡും നിര്‍ദേശങ്ങളും നല്‍കി. ഇന്ന് വൈകീട്ട് നടക്കുന്ന ഓപ്പണിംഗ് സെറമണിയില്‍ മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി. മുഹമ്മദ് ഫൈസി ഫെസ്റ്റിവലിന്റെ ഉദ്ഘാടനം നിര്‍വഹിക്കും. സയ്യിദ് അബദുല്‍ ഫത്താഹ് അഹ്ദല്‍ അവേലം അധ്യക്ഷത വഹിക്കും. മുഹ്യദ്ദീന്‍ സഖാഫി കാവനൂര്‍, നാസര്‍ സഖാഫി പൂനൂര്‍, അബൂ സ്വാലിഹ് സഖാഫി, ജാമിഅ മദീനതുന്നൂര്‍ ക്യാമ്പസ് മാനേജര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിക്കും.
നാളെ ഉച്ചക്ക് നടക്കുന്ന ഹ്യുമാനിറ്റി ടോക്കില്‍ ‘സമകാലിക ഇസ്രയേല്‍; സയണിസ്റ്റ് രാജ്യത്തിന്റെ കോര്‍പറേറ്റ് പിന്‍വഴികള്‍’ എന്ന വിഷയത്തില്‍ മുസ്തഫ പി. എറയ്ക്ക്കല്‍, ഉവൈസ് നൂറാനി എന്നിവര്‍ സംസാരിക്കും. വൈകീട്ട് നടക്കുന്ന കള്‍ചറല്‍ ഗാലയെ സയ്യിദ് അന്‍സാര്‍ അഹ്ദല്‍ അവേലം ഫ്‌ലാഗ് ഓഫ് ചെയ്യും. ‘ഇഹ്‌സാനിലേക്കുള്ള ദൂരങ്ങള്‍; വിപണി നിര്‍മിത സത്യങ്ങളെയും കടന്ന്’ എന്ന വിഷയത്തില്‍ സയ്യിദ് അബ്ദുലത്തീഫ് അഹ്ദല്‍ അവേലം, ഇ.വി അബ്ദറഹ്മാന്‍, ഇര്‍ഷാദ് നൂറാനി, ജലാല്‍ നൂറാനി എന്നിവര്‍ സംവദിക്കും.
‘മായാലോകങ്ങളുടെ മുതലാളിമാര്‍; കമ്പോളവും കോര്‍പറേറ്റ് നിയന്ത്രിത ഐഡന്റിറ്റിയും ‘ എന്ന വിഷയത്തില്‍ ഞായറാഴ്ച്ച ഉച്ചയ്ക്ക് നടക്കുന്ന ഫെസ്റ്റിവല്‍ തീം ഡിസ്‌കഷനില്‍ പ്രൊഫ. പി.കെ പോക്കര്‍, പ്രൊഫ. എ.കെ രാമകൃഷ്ണന്‍, ഡോ. മുജീബ് നൂറാനി, ശിബിലി ത്വാഹിര്‍ നൂറാനി എന്നിവര്‍ സംബന്ധിക്കും. ‘ട്രാന്‍സെന്‍ഡിംഗ് ഇല്ല്യൂഷന്‍സ്’ എന്ന പ്രേമയത്തില്‍ നാല് ദിവസം നീണ്ടുനില്‍ക്കുന്ന റോന്റീവ്യൂവില്‍ നാല്പതിലധികം സ്ഥാപനങ്ങളില്‍ നിന്ന് ആയിരത്തോളം വരുന്ന വിദ്യാര്‍ഥികള്‍ പങ്കെടുക്കും.






