Connect with us

National

ഒരു കോടി വീടുകൾക്ക് സൗജന്യ വൈദ്യുതി; പ്രധാനമന്ത്രിയുടെ പുരപ്പുറ സോളാർ പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം

പദ്ധതിപ്രകാരം രണ്ട് കിലോവാട്ട് വരെയുള്ള സോളാർ പ്ലാന്റുകൾക്ക് സർക്കാർ 60 ശതമാനം സബ്‌സിഡി നൽകും.

Published

|

Last Updated

ന്യൂഡൽഹി | വീടുകൾക്ക് സൗജന്യ വൈദ്യുതി ലഭ്യമാക്കുന്ന പുരപ്പുറ സോളാർ പദ്ധതിയായ പ്രധാനമന്ത്രി സൂര്യാഘർ സൗജന്യ വൈദ്യുതി പദ്ധതിക്ക് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകി. പദ്ധതിയിലൂടെ രാജ്യത്തെ ഒരു കോടി വീടുകൾക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി ലഭിക്കുമെന്ന് കേന്ദ്രമന്ത്രി അനുരാഗ് താക്കൂർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

പദ്ധതിപ്രകാരം രണ്ട് കിലോവാട്ട് വരെയുള്ള സോളാർ പ്ലാന്റുകൾക്ക് സർക്കാർ 60 ശതമാനം സബ്‌സിഡി നൽകും. അതിനുശേഷം ഒരു കിലോവാട്ട് കൂടി വർദ്ധിപ്പിക്കണമെങ്കിൽ 40 ശതമാനം സബ്‌സിഡി നൽകും. ഇതനുസരിച്ച് ഓരോ കുടുംബത്തിനും ഒരു കിലോവാട്ട് പവർപ്ലാന്റ് സ്ഥാപിക്കുന്നതിന് 30,000 രൂപയും രണ്ട് കിലോവാട്ടിന് 60,000 രൂപയും മൂന്ന് കിലോവാട്ടിന് 78,000 രൂപയും വരെയാണ് സബ്സിഡിയായി ലഭിക്കുക. ഈ പദ്ധതിക്കായി കഴിഞ്ഞ ബജറ്റിൽ 75,000 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

ഒരു റസിഡന്റ് വെൽഫയർ അസോസിയേഷനോ, ഗ്രൂപ്പ് ഹൗസിംഗ് സൊസൈറ്റിയോ ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യാൻ പ്ലാന്റ് സ്ഥാപിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, ഒരു കിലോവാട്ടിന് 18,000 രൂപ സബ്‌സിഡി നൽകും.

ഒരു കോടി കുടുംബങ്ങൾക്ക് എല്ലാ മാസവും 300 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി നൽകുന്ന ‘പിഎം സൂര്യ ഘർ: സൗജന്യ വൈദ്യുതി പദ്ധതി’ കഴിഞ്ഞ ജനുവരിയിലാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്.

Latest