National
മഹാരാഷ്ട്രയില്‍ നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടം; മരണം 15 ആയി
നിരവധി ആളുകളെ കണ്ടെത്താനുണ്ടെന്ന് അധികൃതര്‍

മുംബൈ| മഹാരാഷ്ട്രയിലെ പാല്‍ഘാറില്‍ അനധികൃതമായി നിര്‍മ്മിച്ച നാലുനില കെട്ടിടം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 15 ആയി. അപകടത്തില്‍ ആറു പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരില്‍ ഒരു വയസുള്ള കുട്ടിയും അമ്മയുമുണ്ട്. കെട്ടട്ടിട ഭാഗങ്ങള്‍ക്കുള്ളില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. ബുധനാഴ്ച പുലര്‍ച്ചെ 12.05 ഓടെയാണ് വസായിലെ നാരംഗി റോഡില്‍ സ്ഥിതി ചെയ്യുന്ന നാല് നിലകളുള്ള രമാഭായ് അപ്പാര്‍ട്ട്മെന്റിന്റെ പിന്‍ഭാഗം തകര്‍ന്നുവീണത്. അപകടം നടന്ന് മണിക്കൂറുകളായിട്ടും തകര്‍ന്ന സ്ഥലത്തെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്നതിനുള്ള പ്രവര്‍ത്തനം തുടരുകയാണ്.
ആറു പേരുടെ മൃതദേഹങ്ങള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ നിന്നാണ് കണ്ടെടുത്തത്. അപകടത്തെ തുടര്‍ന്ന് 20 മണിക്കൂറിലധികം നീണ്ട രക്ഷാപ്രവര്‍ത്തനം തുടരുകയാണ്, ദേശീയ ദുരന്ത നിവാരണ സേന യൂണിറ്റുകളുള്‍പ്പെടെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്യുന്ന പ്രവൃത്തിയിലാണ്. അപകടത്തില്‍പ്പെട്ട കുടുംബങ്ങളെ ചന്ദന്‍സര്‍ സമാജ്മന്ദിരിലേക്ക് മാറ്റി. ഇവര്‍ക്ക് ഭക്ഷണം, വെള്ളം, വൈദ്യസഹായം എന്നിവ നല്‍കിയിട്ടുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അപകടസ്ഥലത്ത് ആകെ 50 ഫ്ലാറ്റുകളുണ്ട്. തകര്‍ന്ന ഭാഗത്ത് 12 അപ്പാര്‍ട്ടുമെന്റുകളുണ്ടെന്നും അധികൃതര്‍ അറിയിച്ചു. മുന്‍കരുതലിന്റെ ഭാഗമായി സമീപത്തെ വാടക വീടുകളിലെ താമസക്കാരെ ഒഴിപ്പിച്ചു. കോര്‍പ്പറേഷന്‍ അധികൃതരുടെ പരാതിയില്‍ കെട്ടിട നിര്‍മ്മാതാവായ നിതല്‍ ഗോപിനാഥ് സാനെയെ പോലീസ് അറസ്റ്റു ചെയ്തു.