forest protection amendment bill 2023
വനമാരണ ഭേദഗതി
വന സംരക്ഷണ ഭേദഗതി ബിൽ- 2023, വനഭൂമിയും ജൈവ സമ്പത്തും കച്ചവടവത്കരിക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക ആവശ്യങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നു എന്ന ഓമനപ്പേരിലാണ് വനഭൂമിയിലേക്ക് കോര്‍പറേറ്റ് കുത്തകകള്‍ക്ക് പരവതാനി വിരിക്കുന്നത്. ഗോത്ര വിഭാഗങ്ങളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്ന 2006ലെ നിയമത്തെയും ദുര്‍ബലപ്പെടുത്തുന്ന നീക്കമാണത്.
ഭര്‍ത്താവ് തീര്‍ത്തു പറഞ്ഞു: “മറക്കരുത്, വാവലുകള്‍ ആരുടെയും പൂര്‍വികന്‍മാരുടെ ആത്മാക്കളല്ല. ദൈവം തമ്പുരാന്റെ സൃഷ്ടിയിലെ പറക്കുന്ന ജീവികളാണ്. കരിക്ക് നശിക്കട്ടെ. സാരമില്ല. ബാക്കി കിട്ടുന്നത് മതി. ദൈവ സൃഷ്ടിയിലെ തെങ്ങുകളിലെ കരിക്കുകളില്‍ വാവലുകള്‍ക്ക് അവകാശമുണ്ട്. ദൈവം തമ്പുരാന്റെ സൃഷ്ടിയുടെ ദിവ്യമുഹൂര്‍ത്തത്തില്‍ കല്‍പ്പിച്ചുകൊടുത്ത പുരാതന പുരാതനമായ അവകാശം. സ്‌റ്റൈല്‍. ഓര്‍ക്കുക. ജീവികളായ സര്‍വ ജീവികളും ഭൂമിയുടെ അവകാശികള്‍. മംഗളം’.
(ഭൂമിയുടെ അവകാശികള്‍ – വൈക്കം മുഹമ്മദ് ബഷീര്‍)
ഇതര മനുഷ്യരും ജീവജാലങ്ങളും ഭൂമിയുടെ അവകാശികളാണെന്നത് ഉന്നതമായ സഹജീവി ബോധമാണ്. അങ്ങനെ മറ്റു ജീവജാലങ്ങളില്‍ നമ്മുടെ ആര്‍ദ്ര നോട്ടവും കരുതലുമുണ്ടാകുമ്പോഴാണ് നാമൊക്കെ മനുഷ്യരാകുന്നത്. ആ ഉള്‍ക്കൊള്ളലിന്റെ, ജീവിത സമീപനത്തിന്റെ ഉത്പന്നത്തിന് പുതിയ കാലത്ത് ജൈവ വൈവിധ്യം എന്ന് വേണമെങ്കില്‍ പറയാം. മനുഷ്യന്‍ മാത്രമല്ല മാനും മാങ്ങയും മലയും മഞ്ഞും അനുപാതം പങ്കിടുന്ന ബഹുസ്വരതയാണത്. എന്നാല്‍ മനുഷ്യരിലെ തന്നെ വംശ വൈവിധ്യങ്ങളെ വേരോടെ പിഴുതെറിഞ്ഞ് യമപുരിക്കയക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുന്ന കാലത്താണ് നമ്മള്‍ ജീവിക്കുന്നത്. മണിപ്പൂരില്‍ നിന്ന് നാം കേട്ടുകൊണ്ടിരിക്കുന്ന ആര്‍ത്തനാദങ്ങള്‍ വംശീയ ഉന്‍മൂലനത്തിന്റെ പാദപതനം കേട്ട മനുഷ്യരുടെ നിസ്സഹായ നിലവിളികളാണെന്ന് കൂടി നാം തിരിച്ചറിയേണ്ടതുണ്ട്. ഭൂമിയുടെ അവകാശികളെ മണ്ണില്‍ നിന്ന് പിഴുതെറിയാനുള്ള ശ്രമങ്ങള്‍ മണിപ്പൂരില്‍ നടക്കുമ്പോള്‍ തന്നെയാണ് രാജ്യത്ത് നിയമ നിര്‍മാണം വഴി അതെങ്ങനെ സാധ്യമാക്കാമെന്ന് കാണിക്കുന്ന നിയമ ഭേദഗതി ഇക്കഴിഞ്ഞ ബുധനാഴ്ച ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയത്. കാര്യമായ ചര്‍ച്ചകളൊന്നുമില്ലാതെ കേന്ദ്ര പരിസ്ഥിതി മന്ത്രി ഭൂപേന്ദര്‍ യാദവ് ബിൽ പാസ്സാക്കിയെടുക്കുമ്പോള്‍ പ്രതിപക്ഷം മണിപ്പൂരിനായി പ്രതിഷേധിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്നത് യാദൃച്ഛികമല്ല.
1980ലെ വന സംരക്ഷണ നിയമത്തിനാണിപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ ഭേദഗതി കൊണ്ടുവന്നിരിക്കുന്നത്. യഥാര്‍ഥത്തില്‍ അതൊരു നിയമ ഭേദഗതിയല്ല. പുതിയ നിയമം തന്നെയാണ്. അടിസ്ഥാന നിയമത്തെ ഉടച്ചുവാര്‍ക്കുന്നെങ്കില്‍ അത് ഭേദഗതിയല്ലല്ലോ. വനവും വനഭൂമിയും ഇതര ആവശ്യങ്ങള്‍ക്കായി ഡീറിസര്‍വ് ചെയ്യുന്നത് നിയന്ത്രിക്കാന്‍ കൊണ്ടുവന്നതാണ് 1980ലെ അടിസ്ഥാന നിയമം.
വന സംരക്ഷണ നിയമത്തിലെ 2,3 വകുപ്പുകള്‍ പ്രകാരം അഡ്വൈസറി കമ്മിറ്റിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര സര്‍ക്കാറിന്റെ മുന്‍കൂര്‍ അംഗീകാരമില്ലാതെ വനവും വനഭൂമിയും ഡീറിസര്‍വ് ചെയ്യാന്‍ പറ്റില്ല. ഗോത്ര വിഭാഗങ്ങള്‍ക്കും പരമ്പരാഗതമായി വനത്തില്‍ കഴിയുന്ന മറ്റു സമുദായങ്ങള്‍ക്കും വനാവകാശം അംഗീകരിച്ചുകൊണ്ടുള്ള നിയമം കേന്ദ്ര സര്‍ക്കാര്‍ 2006ല്‍ കൊണ്ടുവന്നു. ഗോത്ര വിഭാഗങ്ങളുടെ അവകാശ സംരക്ഷണത്തിന്റെ ഭാഗമായുള്ള പ്രധാന ചുവടുവെപ്പായിരുന്നു പ്രസ്തുത നിയമ നിര്‍മാണം. അങ്ങനെ പ്രാബല്യത്തില്‍ വന്ന നിയമത്തിന്റെ മൂന്നാം വകുപ്പ് പ്രകാരം കേന്ദ്ര സര്‍ക്കാറിന് വനഭൂമി മാറ്റം വരുത്താം. സ്‌കൂളുകള്‍, ആശുപത്രികള്‍, റോഡുകള്‍, അങ്കൺവാടികള്‍, ന്യായവില ഷോപ്പുകള്‍, വൈദ്യുതി – വാര്‍ത്താ വിനിമയ ലൈനുകള്‍, ടാങ്കുകള്‍, ചെറുകിട ജലസ്രോതസ്സുകള്‍, ചെറുകിട ജലസേചന കനാലുകള്‍ തുടങ്ങിയവ സ്ഥാപിക്കാനായി കേന്ദ്ര സര്‍ക്കാറിന് വനഭൂമി തരം മാറ്റാനാകുമെന്ന നിയമമാണ് കൊണ്ടുവന്നത്. കൂടാതെ വനത്തില്‍ കഴിയുന്ന സമുദായങ്ങള്‍ക്ക് വനാവകാശം ലഭ്യമാകുന്നത് ഗ്രാമസഭ പ്രമേയം പാസ്സാക്കുക വഴി മാത്രമാണെന്നും നിയമം നിഷ്‌കര്‍ഷിക്കുന്നു. പ്രസ്തുത പ്രമേയം സബ് ഡിവിഷനല്‍ ലെവല്‍ കമ്മിറ്റിക്ക് കൈമാറുന്നു. തുടര്‍ന്ന് ഡിസ്ട്രിക് ലെവല്‍ കമ്മിറ്റിക്കും കൈമാറുന്നു. അങ്ങനെ സ്റ്റേറ്റ് ലെവല്‍ മോണിറ്ററിംഗ് കമ്മിറ്റിയാണ് വനത്തില്‍ താമസിക്കുന്ന സമുദായങ്ങളുടെ അവകാശങ്ങളും സേവനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ മോണിറ്റര്‍ ചെയ്യുന്നത്. വിവിധ അതോറിറ്റികളുടെ അനുമതി ആവശ്യമാകുക വഴി വന സംരക്ഷണവും വനത്തില്‍ കഴിയുന്ന സമുദായങ്ങളുടെ അവകാശ സംരക്ഷണവും തമ്മില്‍ ബാലന്‍സ് ചെയ്തു പോകും വിധമാണ് 2006ലെ വനാവകാശ നിയമം രൂപപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ വന സംരക്ഷണ ഭേദഗതി ബിൽ- 2023, വനഭൂമിയും ജൈവ സമ്പത്തും കച്ചവടവത്കരിക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ളതാണ്. സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക ആവശ്യങ്ങള്‍ക്ക് സൗകര്യമൊരുക്കുന്നു എന്ന ഓമനപ്പേരിലാണ് വനഭൂമിയിലേക്ക് കോര്‍പറേറ്റ് കുത്തകകള്‍ക്ക് പരവതാനി വിരിക്കുന്നത്. രാജ്യത്തിന്റെ അന്താരാഷ്ട്ര അതിര്‍ത്തികളുടെ 100 കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള ഭൂമിയെ വന സംരക്ഷണ നിയമത്തിന്റെ പുറത്ത് കടത്താനുള്ള ഭേദഗതിയാണ് കൊണ്ടുവന്നിരിക്കുന്നത്. കൂടാതെ റെയില്‍ പാളങ്ങളുടെയും പൊതു നിരത്തുകളുടെയും വശങ്ങളിലുള്ള ഭൂമിയെയും തരം മാറ്റി വന്‍കിട പദ്ധതികള്‍ക്കായി ഉപയോഗപ്പെടുത്തുന്നു. വന സംരക്ഷണ നിയമപ്രകാരം വനഭൂമിയായി സംരക്ഷിക്കപ്പെട്ടവയെ ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാം എന്ന് പറയുന്ന പുതിയ നിയമ ഭേദഗതി വന നശീകരണം തടയാന്‍ കൊണ്ടുവന്ന അടിസ്ഥാന നിയമത്തിന്റെ കടയ്ക്കല്‍ കത്തിവെക്കുകയാണ് ചെയ്യുന്നത്. ഗോത്ര വിഭാഗങ്ങളുടെ അവകാശ സംരക്ഷണം ഉറപ്പുവരുത്തുന്ന 2006ലെ നിയമത്തെയും ദുര്‍ബലപ്പെടുത്തുന്ന നീക്കമാണത്. പ്രസ്താവിത നിയമ ഭേദഗതിയനുസരിച്ച് വനഭൂമി ഇതര ആവശ്യങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുന്നതിന് ഒരു അതോറിറ്റിയുടെയും സമ്മതമോ ക്ലിയറന്‍സോ വേണ്ടതുമില്ല.
വന സംരക്ഷണ നിയമത്തിന് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ഭേദഗതിയുടെ ലക്ഷ്യമെന്താണെന്നതും അവ്യക്തമാണ്. ആഗോള ഭൗമ രാഷ്ട്രീയത്തെ പോലും നിര്‍ണയിക്കുമാറ് കാലാവസ്ഥാ വ്യതിയാനം മഹാവിപത്തായി മാറിക്കൊണ്ടിരിക്കുന്ന ഒരു കാലത്താണ് നാം ജീവിച്ചുകൊണ്ടിരിക്കുന്നത്. കടുത്ത വരള്‍ച്ചയും പ്രളയങ്ങളും നിരന്തര പ്രകൃതി ദുരന്തങ്ങളും ലോക രാജ്യങ്ങളുടെ നടുവൊടിക്കുന്ന ഘട്ടത്തില്‍ കാലാവസ്ഥാ വ്യതിയാനം കുറയ്ക്കാനും ജൈവ വൈവിധ്യ നഷ്ടം ഒഴിവാക്കാനും പാരിസ്ഥിതിക സന്തുലിതാവസ്ഥ നിലനിര്‍ത്താനുമുള്ള ശ്രമങ്ങളെ റദ്ദാക്കുന്ന നിയമ ഭേദഗതിയാണ് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്നത്. വന സംരക്ഷണ നിയമ ഭേദഗതിയല്ല, വന മാരണ ഭേദഗതിയാണത്.




