bhaichung bhutia academy
കുന്നംകുളത്ത് ബൂട്ടിയയുടെ സഹകരണത്തോടെ ഫുട്ബോൾ അക്കാദമി
ഈ മാസം അവസാനം അക്കാദമി പ്രവര്‍ത്തനം തുടങ്ങും.
തിരുവനന്തപുരം | തൃശൂരിലെ കുന്നംകുളത്ത് മുൻ ഇന്ത്യൻ ക്യാപ്റ്റൻ ബൈച്ചുംഗ് ബൂട്ടിയയുടെ സഹകരണത്തോടെ ഫുട്ബോൾ അക്കാദമി വരുന്നു. കായിക മന്ത്രി വി അബ്ദുർറഹ്മാനുമായി സെക്രട്ടറിയേറ്റിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ബൂട്ടിയ സഹകരണം വാഗ്ദാനം ചെയ്തത്. മന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ബൂട്ടിയ തിരുവനന്തപുത്തെത്തിയത്.
ബെയ്ചുംഗ് ബൂട്ടിയ ഫുട്‌ബോള്‍ സ്‌കൂള്‍സ് എന്ന ഫുട്‌ബോള്‍ അക്കാദമി നിലവിൽ ബൂട്ടിയ നടത്തുന്നുണ്ട്. നിലവില്‍ സന്ദേശ് ജിംഗന്‍, ആശിഖ് കുരുണിയന്‍ ഉള്‍പ്പെടെ നാല് താരങ്ങള്‍ ബൂട്ടിയ അക്കാദമിയില്‍ നിന്ന് ദേശീയ ടീമിലെത്തിയിട്ടുണ്ട്. കായിക വകുപ്പിൻ്റെ കീഴിലുള്ള കുന്നംകുളം സ്‌പോട്‌സ് ഡിവിഷനിലാണ് ബൂട്ടിയയുമായി സഹകരിച്ച് അക്കാദമി തുടങ്ങുക.
ഏറ്റവും അനുയോജ്യമായ സ്ഥലമാണ് തനിക്ക് വാഗ്ദാനം ചെയ്തിരിക്കുന്നതെന്നാണ് ബൂട്ടിയ പറഞ്ഞതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ഏറ്റവും മികച്ച ഫുട്‌ബോള്‍ അക്കാദമിയായി ഈ സഹകരണത്തെ മാറ്റുമെന്നും കേരള ഫുട്‌ബോളിന്റെ മുന്നേറ്റത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഫിഫ മാനദണ്ഡപ്രകാരമുള്ള പുല്‍മൈതാനം, ഇന്‍ഡോര്‍ സ്‌റ്റേഡിയം, സ്‌പോട്‌സ് മെഡിസിന്‍ സെന്റർ അടക്കം കുന്നംകുളം സ്പോർട്സ് ഡിവിഷനിലുണ്ട്. 4.5 കോടി രൂപ ചെലവില്‍ ഹോസ്റ്റലിന്റെ നിര്‍മാണം തുടങ്ങിയിട്ടുണ്ട്. അനുബന്ധ പരിശീലനങ്ങള്‍ക്ക് സ്വിമ്മിങ്ങ്പൂള്‍, ഫിറ്റ്‌നസ് സെന്റര്‍ എന്നിവ ഒരുങ്ങുന്നുണ്ട്.




