Kerala
പ്രളയ ദുരിതാശ്വാസ ഫണ്ട് തട്ടിപ്പ്; എറണാകുളം കലക്ടറേറ്റിലെ ഉദ്യോഗസ്ഥനെ സര്‍വീസില്‍ നിന്നും പിരിച്ചുവിട്ടു
73.13 ലക്ഷം രൂപയുടെ തിരിമറിയാണ് ഉദ്യോഗസ്ഥന്‍ നടത്തിയത്.

കൊച്ചി | പ്രളയ ദുരിതാശ്വാസ ഫണ്ടില്‍ തട്ടിപ്പ് നടത്തിയ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ച് സര്‍ക്കാര്‍. ക്രമക്കേട് നടത്തിയ എറണാകുളം കലക്ടറേറ്റിലെ ക്ലര്‍ക്ക് വിഷ്ണുപ്രസാദിനെ സര്‍വീസില്‍ നിന്നും നീക്കം ചെയതു. 2018 ലെ പ്രളയ ദുരിതാശ്വാസ ധനസഹായത്തില്‍ നടത്തിയ ക്രമക്കേടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ലാന്‍ഡ് റവന്യൂ കമ്മീഷണറാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്.
73.13 ലക്ഷം രൂപയുടെ തിരിമറിയാണ് ഉദ്യോഗസ്ഥന്‍ നടത്തിയത്. കമ്പ്യൂട്ടറില്‍ അര്‍ഹരുടെ പേര് തിരുത്തി സ്വന്തം അക്കൗണ്ടിലേക്ക് പണം മാറ്റിയെന്ന് കണ്ടെത്തി. അതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
പ്രളയദുരിതാശ്വാസ തുക വിതരണം ചെയ്ത ഡേറ്റകള്‍ പരിശോധിച്ചതില്‍ 23 ഇടപാടുകള്‍ വിഷ്ണു പ്രസാദ് കൃത്രിമമായി നടത്തിയിട്ടുള്ളതായി ബോധ്യപ്പെട്ടു. ഇതില്‍ 11 ഇടപാടുകള്‍ ഇയാളുടെ പേരിലുളള അക്കൗണ്ടിലേക്കും മറ്റു ഇടപാടുകള്‍ ഉദ്യോഗസ്ഥനുമായി ബന്ധമുളള വിവിധ വ്യക്തികളുടെ അക്കൗണ്ടിലേക്കും മാറ്റപ്പെട്ടതാണെന്ന് കലക്ടറേറ്റിലെ ഫിനാന്‍സ് ഓഫീസറുടെ കണ്ടെത്തല്‍.
മാത്രമല്ല കളക്ടറേറ്റിലെ വ്യത്യസ്ത സെക്ഷനുകളില്‍ തയ്യാറാക്കേണ്ട ബില്ലുകള്‍ വിഷ്ണു പ്രസാദ് തയ്യാറാക്കി മേലുദ്യോഗസ്ഥരുടെ പരിശോധനക്ക് നല്‍കാതെ കലക്ടറിന് സമര്‍പ്പിക്കുകയായിരുന്നുവെന്നും കണ്ടെത്തി