Connect with us

International

സംഗീതജ്ഞൻ സുബീൻ ഗാർഗിന്റെ മരണം: അന്വേഷണത്തിനായി അസം പോലീസ് സംഘം സിംഗപ്പൂരിൽ

അസം പോലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Published

|

Last Updated

സിംഗപ്പൂർ | അസം സ‌ംഗീതജ്ഞൻ സുബീൻ ഗാർഗിന്റെ (Zubeen Garg) മരണത്തെക്കുറിച്ച് അന്വേഷിക്കാൻ അസം പോലീസിലെ രണ്ട് മുതിർന്ന ഉദ്യോഗസ്ഥർ സിംഗപ്പൂരിൽ എത്തി. സെപ്തംബർ 19-ന് സിംഗപ്പൂരിൽ വെച്ചാണ് ദുരൂഹ സാഹചര്യത്തിൽ സുബീൻ ഗാർഗ് മരണപ്പെട്ടത്.

ഗാർഗിന്റെ മരണത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് സംസ്ഥാനത്തുടനീളം 60-ൽ അധികം എഫ് ഐ ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. അസം പോലീസിലെ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്‌മെന്റിന് കീഴിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.

സി ഐ ഡി. സ്പെഷ്യൽ ഡി ജി പി മുന്നാ പ്രസാദ് ഗുപ്തയും, തിതാബോർ കോ-ഡിസ്ട്രിക്റ്റ് എസ് പി തരുൺ ഗോയലുമാണ് സിംഗപ്പൂരിൽ എത്തിയത് എന്നാണ് അറിയുന്നത്. മുന്നാ പ്രസാദ് ഗുപ്തയാണ് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്നത്. തരുൺ ഗോയൽ സംഘത്തിലെ പ്രധാന ഉദ്യോഗസ്ഥനാണ്.

സിംഗപ്പൂരിലെ അന്വേഷണത്തിന്റെ വിശദാംശങ്ങൾ രഹസ്യണ്. ഗാർഗ് മുങ്ങിമരിച്ചതായി റിപ്പോർട്ട് ചെയ്യപ്പെട്ട സ്ഥലം സന്ദർശിക്കാനാണ് ഉദ്യോഗസ്ഥർ എത്തിയിട്ടുള്ളതെന്ന് അടുത്ത വൃത്തങ്ങൾ അറിയിച്ചു. ഫോറൻസിക്, സാഹചര്യപരമായ തെളിവുകൾ തുടങ്ങിയവ ശേഖരിക്കുന്നതിനും മെഡിക്കൽ, നിയമപരമായ രേഖകൾ പരിശോധിക്കുന്നതിനുമായി അസം പോലീസിന്റെ സംഘം സിംഗപ്പൂർ അധികൃതരുമായി ചേർന്ന് പ്രവർത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ നാലാം പതിപ്പിൽ വടക്കുകിഴക്കൻ മേഖലയെ പ്രതിനിധീകരിക്കുന്നതിനായി സിംഗപ്പൂരിലേക്ക് പോയതായിരുന്നു സുബീൻ ഗാർഗ്. അവിടെ വെച്ച് നീന്തുന്നതിനിടെയാണ് അദ്ദേഹം പെട്ടെന്ന് മരണപ്പെടുന്നത്. അതിനുശേഷം അദ്ദേഹത്തിന്റെ മരണം വലിയ ജനരോഷത്തിന് കാരണമാവുകയും #JusticeForZubeenGarg കാമ്പയിൻ സമൂഹമാധ്യമങ്ങളിൽ ട്രെൻഡായി തുടരുകയും ചെയ്യുന്നു.

Latest