Connect with us

Kerala

ശബരിമല യുവതി പ്രവേശനം; ബീഫ് ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായി പ്രേമചന്ദ്രന്‍ എം പി

ശബരിമലയില്‍ യുവതി പ്രവേശനത്തിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു

Published

|

Last Updated

പത്തനംതിട്ട | യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിനെത്തിയ രഹ്ന ഫാത്തിമയും ബിന്ദു അമ്മിണിയും ബീഫ് കഴിച്ചിരുന്നു എന്ന വിവാദ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി എന്‍ കെ പ്രേമചന്ദ്രന്‍ എം പി. യു ഡി എഫിന്റെ വിശ്വാസ സംരക്ഷണ ജാഥയുടെ പന്തളത്ത് സംഘടിപ്പിച്ച സമാപന സമ്മേളനത്തില്‍ സംസാരിക്കുമ്പോള്‍ യുവതികളെക്കുറിച്ചു നടത്തിയ പരാമര്‍ശം വിവാദമായിരുന്നു.

ശബരിമലയില്‍ യുവതി പ്രവേശനത്തിന് വേണ്ട ക്രമീകരണങ്ങള്‍ ഒരുക്കാന്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയത് മുഖ്യമന്ത്രിയാണെന്നും അദ്ദേഹം പറഞ്ഞു. ആധികാരിക വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവതികള്‍ ബീഫും പൊറാട്ടയും കഴിച്ചാണ് സന്നിധാനത്ത് പ്രവേശിച്ചത് എന്ന പരാമര്‍ശം നടത്തിയതെന്ന് അദ്ദേഹം വ്യക്തമാക്കി. കേരളത്തിലെ ലക്ഷക്കണക്കിന് വിശ്വാസികളുടെ മനസ്സില്‍ മുറിവേല്‍പ്പിച്ച സംഭവമായിരുന്നു പൊലീസിന്റെ ആശീര്‍വാദത്തോടെ സ്ത്രീകളെ ശബരിമലയില്‍ കയറ്റിയ നീക്കം. വിശ്വാസത്തെ വ്രണപ്പെടുത്തുന്ന നീക്കമായിരുന്നു എന്നതില്‍ ഒരു സംശയവുമില്ല. അതേ പിണറായി സര്‍ക്കാരാണ് 2025ല്‍ ആഗോള അയ്യപ്പ സംഗമം നടത്തിയത് എന്നത് വലിയ വിരോധാഭാസമാണെന്നും പ്രേമചന്ദ്രന്‍ പറഞ്ഞു.

പോലീസ് അകമ്പടിയോടെയാണ് രഹ്ന മലയിലേക്കെത്തിയത്. കോട്ടയത്ത് പോലീസ് ക്ലബ്ബില്‍ വച്ച് പൊറോട്ടയും ബീഫും ഇവര്‍ക്ക് വാങ്ങി നല്‍കിയെന്ന് ആര്‍ എസ് പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ നേരത്തെ പറഞ്ഞതാണ്. കോണ്‍ഗ്രസ് നേതാക്കളും ഇതേ വിഷയം ആവര്‍ത്തിച്ചെങ്കിലും തനിക്ക് നേരെ മാത്രമാണ് വലിയ സൈബര്‍ ആക്രമണങ്ങള്‍ നേരിടേണ്ടിവന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

തനിക്കെതിരെ നടക്കുന്ന സി പി എം സൈബര്‍ സംഘത്തിന്റെ വര്‍ഗീയ ആക്രമണങ്ങളെ മുഖവിലക്കെടുക്കുന്നില്ല. ആഗോള അയ്യപ്പസംഗമത്തിലെ കണക്ക് പ്രസിദ്ധീകരിക്കാന്‍ സര്‍ക്കാരിന് ധൈര്യമുണ്ടോയെന്നും ചോദിച്ചു.

പ്രേമചന്ദ്രന്റേത് തികച്ചും വസ്തുതാവിരുദ്ധമായ പ്രസ്താവനകളാണെന്നും രഹ്ന ഫാത്തിമയുമായി തന്നെ ചേര്‍ത്തുപറയുന്നത് മറ്റ് ഉദ്ദേശങ്ങള്‍ക്ക് വേണ്ടിയാണെന്നും ബിന്ദു അമ്മിണി പ്രതികരിച്ചു. രഹ്ന ഫാത്തിമ തന്റെ അടുത്ത സുഹൃത്താണ്. ഒരുപാട് സ്‌നേഹമുണ്ട്. പക്ഷെ അവരുമായി തന്നെ കൂട്ടികെട്ടുന്നതിലൂടെ വര്‍ഗീയ ധ്രുവീകരണമാണ് പ്രേമചന്ദ്രന്റെ ലക്ഷ്യം. ഭരണഘടനാ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കേണ്ട ഒരു എംപിയുടെ വാക്കുകള്‍ വല്ലാതെ നിരാശപ്പെടുത്തിയെന്നും ബിന്ദു അമ്മിണി പ്രതികരിച്ചു.

---- facebook comment plugin here -----

Latest