National
തന്റെ സഹോദരിയെ പ്രണയിച്ചു വഞ്ചിച്ചതിന് യുവതി ഭര്‍തൃ സഹോദരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി
യു പി പ്രയാഗ് രാജിലാണ് സംഭവം

ലഖ്‌നൗ | തന്റെ സഹോദരിയെ പ്രണയിച്ചു വഞ്ചിച്ചതിന് യുവതി ഭര്‍തൃ സഹോദരന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. യു പി പ്രയാഗ് രാജിലെ മൗ ഐമയിലാണ് സംഭവം.
മാല്‍ഖന്‍പൂര്‍ സ്വദേശിയായ 20കാരന്‍ ഉമേഷാണ് ക്രൂരതയ്ക്ക് ഇരയായത്. ഇയാളുടെ സഹോദര ഭാര്യ മഞ്ജുവാണ് ആക്രമിച്ചത്. രാത്രി വീട്ടില്‍ ഉറങ്ങുമ്പോഴാണ് ഉമേഷിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റപ്പെട്ടത്. ഒളിവില്‍ പോയ മഞ്ജുവിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്.
ആരാണ് കുറ്റകൃത്യം ചെയ്തതെന്ന് ആദ്യം വ്യക്തമല്ലായിരുന്നു. തുടര്‍ന്ന് പോലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് പ്രണയബന്ധ പ്രശ്‌നങ്ങളാണ് ക്രൂര കൃത്യത്തിനു കാരണമെന്ന് വ്യക്തമായത്. ഉമേഷിന്റെ ജ്യേഷ്ഠനായ ഉദയ്യുടെ ഭാര്യയായ മഞ്ജുവിന്റെ ഇളയ സഹോദരിയുമായി ഉമേഷ് പ്രണയത്തിലായിരുന്നു. തുടര്‍ന്ന് ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തു. എന്നാല്‍ ഇരു കുടുംബക്കാരും ഈ ബന്ധത്തെ എതിര്‍ത്തു. ഒടുവില്‍, ഉമേഷ് മറ്റൊരു പെണ്‍കുട്ടിയോട് താത്പര്യം പ്രകടിപ്പിച്ച് ഈ ബന്ധത്തില്‍ നിന്ന് പിന്മാറി.
ഉമേഷിനോട് മഞ്ജുവിനുണ്ടായ വെറുപ്പാണ് ക്രൂരകൃത്യം ചെയ്യാന്‍ കാരണം.
ആശുപത്രിയില്‍ ഉമേഷിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. യുവാവ് അപകടനില തരണം ചെയ്‌തെങ്കിലും പൂര്‍ണമായി സുഖം പ്രാപിക്കാന്‍ ഏഴോ എട്ടോ മാസം വേണ്ടിവരുമെന്ന് ഡോക്ടര്‍ അറിയിച്ചു.