International
ഇസ്‌റാഈലിന് വേണ്ടി ചാരപ്പണി; ഒരാളെ ഇറാന്‍ തൂക്കിലേറ്റി
കഴിഞ്ഞ ജൂണില്‍ ഇസ്‌റാഈലുമായി യുദ്ധം ആരംഭിച്ചതിനു ശേഷം 10 പേരെയാണ് ചാരവൃത്തിക്കുറ്റത്തിന് ഇറാന്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയത്

തെഹ്‌റാന്‍ | ഇസ്‌റാഈലിന് വേണ്ടി ചാരപ്പണി നടത്തിയ ആളെ ഇറാന്‍ തൂക്കിലേറ്റി. ഇയാളുടെ പേര് പുറത്തുവിട്ടിട്ടില്ല. തെഹ്റാന് തെക്കുള്ള ക്വോം നഗരത്തിലായിരുന്നു വധശിക്ഷ. വധശിക്ഷക്കു വിധിക്കപ്പെട്ട ആള്‍ ഇസ്‌റാഈല്‍ ഇന്റലിജന്‍സ് ഏജന്‍സിയായ മൊസാദിന് നിര്‍ണായക വിവരങ്ങള്‍ കൈമാറിയെന്ന് ഇറാനിയന്‍ പ്രോസിക്യൂട്ടറെ ഉദ്ധരിച്ച് ജുഡീഷ്യറിയുടെ മിസാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ജൂണില്‍ ഇസ്‌റാഈലുമായി യുദ്ധം ആരംഭിച്ചതിനു ശേഷം 10 പേരെയാണ് ചാരവൃത്തിക്കുറ്റത്തിന് ഇറാന്‍ വധശിക്ഷയ്ക്ക് വിധേയമാക്കിയത്.
ക്വോം ജയിലില്‍ കഴിഞ്ഞ ഇയാളുടെ മാപ്പപേക്ഷ ഇറാന്‍ സുപ്രിംകോടതി തള്ളിയതിനു പിന്നാലെയാണ് വധശിക്ഷ നടപ്പാക്കിയത്. 2023ല്‍ മുതല്‍ ഇസ്‌റാഈല്‍ ഇന്റലിജന്‍സ് ഏജന്‍സിയുമായി ബന്ധം പുലര്‍ത്തിയിരുന്ന ഇയാളെ 2024 ജനുവരിയിലാണ് അറസ്റ്റ് ചെയ്തത്.
ഈ മാസമാദ്യം ഖുസെസ്താന്‍ പ്രവിശ്യയില്‍ തീവ്രവാദം ആരോപിച്ച് ആറ് പേരെ തൂക്കിലേറ്റിയിരുന്നു. അതിനു മുമ്പ്, ഇസ്‌റാഈലിന്റെ മുന്‍നിര ചാരന്മാരില്‍ ഒരാളായി വിശേഷിപ്പിക്കപ്പെട്ട മറ്റൊരാളുടേയും വധശിക്ഷ നടപ്പാക്കി. ബ്രിട്ടീഷ് ചാരസംഘടനയുമായി ചേര്‍ന്ന് ചാരവൃത്തി നടത്തിയെന്ന കുറ്റത്തിന് 2023ല്‍ ഇറാന്‍ മുന്‍ സഹമന്ത്രിയായിരുന്ന അലിറിസ അക്ബരിയെ തൂക്കിലേറ്റിയിരുന്നു.
ഇറാന്റെ മുന്‍ പ്രതിരോധ സഹമന്ത്രിയായിരുന്നു ബ്രിട്ടീഷ്, ഇറാന്‍ പൗരത്വമുളള അലി റിസ അക്ബരി. രഹസ്യ വിവരങ്ങള്‍ കൈമാറിയതിലൂടെ രാജ്യത്തിന്റെ ആഭ്യന്തരവും ബാഹ്യവുമായ സുരക്ഷയെ ദോഷകരമായി ബാധിക്കുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെട്ടെന്ന കുറ്റം ചുമത്തിയാണ് അക്ബറിയെ തൂക്കിലേറ്റിയത്. ഇറാന്‍ പരമോന്നത കോടതിയാണ് അദ്ദേഹത്തിന് വധശിക്ഷ വിധിച്ചത്.