National
കടുത്ത ജോലി സമ്മര്‍ദം; 'ഓല' ജീവനക്കാരന്റെ മരണത്തിൽ കമ്പനി സിഇഒക്ക് എതിരെ കേസെടുത്ത് പോലീസ്
ഓലയുടെ സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാളിനും സീനിയര്‍ എക്‌സിക്യൂട്ടീവ് സുബ്രത് കുമാര്‍ ദാസിനുമെതിരെയാണ് കേസ് രജിസ്റ്റർ ചെയ്തത്.

ബംഗുളൂരു| ജീവനക്കാരന്റെ മരണത്തിൽ, ഇലക്ട്രിക് സ്കൂട്ടർ നിർമാണ കമ്പനിയായ ഓലയുടെ സ്ഥാപകനും സിഇഒയുമായ ഭവിഷ് അഗര്‍വാളിനും സീനിയര്‍ എക്‌സിക്യൂട്ടീവ് സുബ്രത് കുമാര്‍ ദാസിനുമെതിരെ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി പോലീസ് കേസെടുത്തു. കമ്പനിയിലെ ജീവനക്കാരനായിരുന്ന അരവിന്ദിന്റെ (38) അത്മഹത്യയുമായി ബന്ധപ്പെട്ടാണ് കേസ്.
ജോലി സ്ഥലത്തെ നിരന്തര പിഡനം സഹിക്കാനാവതെയാണ് ആത്മഹത്യയെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ അരവിന്ദിന്റെ സഹോദരന്‍ അശ്വിന്‍ കണ്ണന്‍ പോലിസിൽ പരാതി നൽകുകയായിരുന്നു.
ഭാരതീയ ന്യായ സംഹിത (ബിഎന്‍ എസ്) സെക്ഷന്‍ 108 പ്രകാരമാണ് ഭവിഷ് അഗല്‍വാളിനും, സുബ്രത് കുമാര്‍ ദാസിനുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യ്തത്. അരവിന്ദിന്റെ ശമ്പളവും ഇൻസന്റീവും കമ്പനി പിടിച്ചുവെച്ചിരിക്കുകയായിരുന്നുവെന്നും മരണത്തിന് രണ്ട് ദിവസത്തിന് ശേഷം 17.46 ലക്ഷം രൂപ അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്നും എഫ്‌ഐആറിൽ പരാമർശിക്കുന്നു. ഈ തുക സംബന്ധിച്ച് വിശദീകരണം നൽകാൻ കമ്പനി എച്ച് ആർ ഡിപ്പാർട്ട്മെന്റിന് സാധിച്ചിട്ടില്ലെന്നും പരാതിയിൽ വ്യക്തമാക്കുന്നു.
ഹോമോലോഗേഷൻ എഞ്ചിനീയറായി 2022 മുതൽ ഓല ഇലക്ട്രിക്കിൽ പ്രവർത്തിച്ചു വരികയായിരുന്നു അരവിന്ദ്. സെപ്തംബർ 28നാണ് അരവിന്ദിനെ വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഒക്ടോബർ 6 ന് കേസ് ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും തിങ്കളാഴ്ചയാണ് ഇക്കാര്യം പുറത്തറിയുന്നത്.
അതേസമയം, തന്റെ സേവനകാലത്ത്, അരവിന്ദ് തന്റെ ജോലിയെക്കുറിച്ചോ ഏതെങ്കിലും തരത്തിലുള്ള പീഡനത്തെക്കുറിച്ചോ ഒരു പരാതിയും ഉന്നയിച്ചിട്ടില്ലെന്നും പ്രൊമോട്ടർ ഉൾപ്പെടെയുള്ള കമ്പനിയുടെ ഉന്നത മാനേജ്‌മെന്റുമായി നേരിട്ട് ഇടപഴകേണ്ട സാഹചര്യം അദ്ദേഹത്തിന് ഉണ്ടായിരുന്നില്ലെന്നും ഒല ഇലക്ട്രിക്കിന്റെ വക്താവ് പറഞ്ഞു.